ഹർത്താൽ: 10,024 പ്രതികളില്‍ 9,193 പേരും സംഘപരിവാറുകാർ; ഗവർ‌ണറോട് മുഖ്യമന്ത്രി

cm-briefs-governor
SHARE

തിരുവനന്തപുരം ∙ ശബരിമല സന്നിധാനത്തു രണ്ടു യുവതികൾ എത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി നടത്തിയ ഹർത്താലിലുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി.സദാശിവത്തിന് വിശദീകരണം നൽകി. രാജ്ഭവനിൽ വ്യാഴാഴ്ച വൈകിട്ട് 7.30ന് ഗവർണറെ സന്ദർശിച്ചാണു സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചു മുഖ്യമന്ത്രി വിവരങ്ങൾ അറിയിച്ചത്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന സ്ഥിതി ഉണ്ടായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള അക്രമങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി കൈമാറിയത്. വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെക്കുറിച്ചും ശബരിമലയില്‍ വിവിധ തീര്‍ത്ഥാടന സമയങ്ങളില്‍ നട തുറന്നപ്പോള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന മര്‍ദനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളുടെ പരമ്പരയില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളും നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കപ്പെട്ടു.

ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 831 ആണ്. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങി. ഇതില്‍ 5 പേര്‍ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരായിരുന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.

28.09.2018ന് സുപ്രീംകോടതി വിധി വന്നശേഷം സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ജനുവരി 22ന് കേള്‍ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുമ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം 28.09.2018 ലെ വിധിക്കു യാതൊരു സ്റ്റേയുമില്ലെന്നു വ്യക്തമാക്കിയിരുന്നുവെന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് കൂടിയാണ് പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. വിവിധ വിശേഷ സമയങ്ങളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അതില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10,561 പേരാണ്. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ 9489 ഉം മറ്റുള്ളവര്‍ 1072 ഉം ആണ്.

ഹര്‍ത്താലുമായി ബന്ധപ്പെട്ടു മാത്രം വിവിധ അക്രമ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 1137 കേസുകളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10,024 പേരാണ്. ഇവരില്‍ 92 ശതമാനം പേരും സംഘപരിവാര്‍ സംഘടനയില്‍പ്പെട്ടവരാണ്. അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റിലായി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങളുടെയും വിശദാംശങ്ങളടങ്ങിയ സിഡികളും റിപ്പോര്‍ട്ടിന്‍റെ ഭാഗമായി നല്‍കിയിട്ടുണ്ട്. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉണ്ടായ അക്രമപരമ്പരകളുടെയും വിശദമായ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി കൈമാറിയത്. 03.01.2019 ലെ ഹര്‍ത്താല്‍ ദിനത്തില്‍ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇത് സംബന്ധിച്ച കണക്കും കൈമാറി.

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ, പൊതു–സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടം മുഖ്യമന്ത്രി വിശദമാക്കി. ഹർത്താലിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഗവർണർ ജനുവരി മൂന്നിനാണ് റിപ്പോർട്ട് തേടിയത്. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു. ഓരോ ജില്ലയിലെയും പ്രശ്നങ്ങളെപ്പറ്റി പ്രത്യേകം റിപ്പോർട്ടിലുണ്ടെന്നാണു സൂചന. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തു നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളും മറ്റും ചർച്ചയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA