ആലോക് കണ്ണെറിഞ്ഞത് ആറു പരാതിയിൽ; കണ്ടറിഞ്ഞു വെട്ടിനിരത്തി നരേന്ദ്ര മോദി

alok-verma
SHARE

ആലോക് വർമയ്ക്കു സിബിഐയിലെ സ്ഥാനനഷ്ടം ഇതു രണ്ടാംതവണയാണ്. ആദ്യം നിർബന്ധിതാവധിയിൽ വിട്ടു, ഇപ്പോൾ ഡയറക്ടർ പദവി തന്നെ നഷ്ടമായി. ആലോക് വർമയുടെ പരാതിയിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം പറഞ്ഞത് ഒറ്റക്കാര്യം. നിർബന്ധിതാവധിയിൽ വിട്ടതിൽ തെറ്റില്ല, പക്ഷേ, തീരുമാനമെടുക്കേണ്ടത് ഇതിനുള്ള ഉന്നതാധികാര സമിതിയാണ്. – കോടതി നൽകിയ ഒരാഴ്ച സാവകാശത്തിനു പോലും നിൽക്കാതെ രാത്രിക്കുരാത്രി പ്രധാനമന്ത്രി ഉന്നതാധികാര സമിതി യോഗം വിളിച്ചു – ആലോക് വർമയെ ഔദ്യോഗിക നടപടിക്രമം പാലിച്ചു തന്നെ മാറ്റി – രണ്ടും നീക്കങ്ങളുടെയും പ്രധാ‌നസൂത്രധാരൻ ആരെന്ന ചോദ്യത്തിന് ഇപ്പോൾ ഒറ്റ ഉത്തരമേയുള്ളു; പ്രധാനമന്ത്രി നരേന്ദ്ര മോദി.

പണി തുടങ്ങി, പണി കിട്ടി!

നിർബന്ധിതാവധിയിൽ വിട്ട നടപടിയെ കോടതിയിൽ വെല്ലുവിളിച്ചാണ് ഉപാധികളോടെയെങ്കിലും ആലോക് വർമ ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയത്. കിട്ടിയ 48 മണിക്കൂർ കൊണ്ട് ആലോക് വർമ ചെയ്ത കാര്യങ്ങൾ നോക്കുക, സിബിഐയിലെ തന്റെ എതിരാളിയും മോദിയുടെ വിശ്വസ്തനുമായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കോഴ ആരോപണം അന്വേഷിച്ച സംഘത്തെ കൂട്ടത്തോടെ സിബിഐ ആസ്ഥാനെത്തെത്തിച്ചു. ആലോക് വർമയ്ക്കൊപ്പം സ്ഥലംമാറ്റ പ്രതികാര നടപടിക്ക് ഇരയായവരായിരുന്നു ഈ ഉദ്യോഗസ്ഥരെല്ലാം. വിട്ടുകൊടുക്കാൻ തയാറല്ലെന്ന സ‌ന്ദേശമാണു നീക്കത്തിലൂടെ ആലോക് വർമ പ്രഖ്യാപിച്ചതെന്നു വ്യക്തം.

‘നീക്കം’ നേട്ടമാകുമോ?

വിരമിക്കാൻ ദിവസങ്ങളെ ബാക്കിയുള്ളുവെങ്കിലും ആലോക് വർമ നട‌ത്തിയ നീക്കങ്ങളെ ഏറ്റവും ഭയപ്പെട്ടതു ബിജെപി കേന്ദ്രങ്ങളായിരുന്നു. സ്ഥലംമാറ്റപ്പെട്ട വിശ്വസ്തരുടെ സംഘത്തെ സിബിഐയിലേക്കു തിരിച്ചെത്തിച്ചതിനു പിന്നാലെ ആലോക് വർമ കൈവയ്ക്കുക റഫാൽ ആയുധ ഇടപാട് അടക്കം കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഫയലുകളിലായിരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ഗതിയും ഫലവും എന്തു തന്നെയായാലും തിരഞ്ഞെടുപ്പു വർഷത്തിൽ റഫാൽ കോഴ ആരോപണ‌ത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാൽപോലും അതു സർക്കാരിനെ കൂടുതൽ അപകടത്തിലാക്കുമെന്നുറപ്പായി‌രുന്നു. ഇതിനു തടയിടാൻ കഴിഞ്ഞുവെന്നതാണ് ഉ‌ന്നതാധികാര സമിതിയുടെ തീരുമാനത്തിൽ സർക്കാരിനുള്ള നേട്ടം.

എന്നാൽ, രാഷ്ട്രീയമായി ഇതിനു വിപരീത ഫലമുണ്ടാകുമെന്നതും ഉറപ്പാണ്. സിബിഐ തലവനെന്ന നിലയിൽ സർക്കാരിന്റെ പര‌ിധിക്കു പുറത്തു നിന്നു കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ശിക്ഷാനടപടിക്കു വിധേയനായയാളെന്ന പരിവേഷമാണു പൊതുവിൽ ആലോക് വർമയ്ക്ക്. ഇതു സർക്കാരിനെ‌തിരാവും. കോൺഗ്രസിന്റെ എതിർപ്പു നിലനിർത്തി, ആലോക് വർമയെ പുറത്താക്കിയ നടപടി സ്വാഭാവികമായും പ്രതിപക്ഷം ആയുധമാക്കും. ഉന്നതാധികാര സമിതി യോഗത്തിൽ നൽകിയ കുറിപ്പിൽ തന്നെ കോൺഗ്രസ് നയം വ്യക്തമാക്കിയിരുന്നു. മുൻ നിശ്ചയിച്ച തീരുമാനമാണു നടപ്പാക്കിയതെന്നു കോൺഗ്രസ് സഭാകക്ഷി നേ‌താവ് മല്ലികാർജുൻ ഖർഗെ യോഗത്തിനു ശേഷം ആരോപിക്കുകയും ചെയ്തു. ഉന്നതാധികാര സമിതി യോഗത്തിൽ, സുപ്രീം കോടതി ജഡ്ജി എ.കെ. സിക്രി പ്രധാനമന്ത്രിയുടെ പരിവേഷത്തിൽ ഒതുങ്ങിപ്പോയതാണ് ഏകപക്ഷീയ തീ‌രുമാനത്തിലേക്കു നയിച്ചതെന്ന സൂചനയാണ് ഇതിലൂടെ കോൺഗ്രസ് നൽകുന്നത്.

വർമയെ പൂട്ടിയാൽ ലാഭം?

കാലവധി പൂർത്തിയാക്കാൻ സമയം ശേഷിച്ചിരുന്നതിന്റെ ആത്മവിശ്വാസത്തിൽ നി‌ൽക്കെയായിരുന്നു ആലോക് വർമയെ ‘പൂട്ടിയത്’. കഴിഞ്ഞ ഒക്ടോബറോടെ സി‌ബിഐയിൽ രൂക്ഷമായ തമ്മിലടി പരി‌ഹരിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ ഇടപെടൽ. ആലോക് വർമയെയും രാകേഷ് അസ്‌താനയെയും നിർബന്ധിതാവധിയിൽ വിട്ടു. അർധരാത്രിയിൽ ഓഫിസ് അടക്കം പൂട്ടി സർക്കാർ നടത്തിയ നീക്കത്തിനു പിന്നിൽ പക്ഷേ, മറ്റു ചില കാരണങ്ങളുണ്ടെന്ന വ്യാഖ്യാനം വന്നു. റഫാൽ മാത്രമല്ല, കേന്ദ്ര സർക്കാരും മുൻ ന്യായാധിപന്മാരും അടക്കം പ്രതി‌കൂട്ടിലാകുന്ന മറ്റു 6 പരാതികൾ കൂടി ആലോക് വർമയുടെ പരിഗണനയിലുണ്ടെന്നതായിരുന്നു കാരണം.

റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി അരുൺ ഷൂറിയും യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണും നൽകിയ പരാതിയായിരുന്നു ഇതിൽ പ്ര‌ധ‌ാനം. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി, അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. നാരായൺ ശുക്ല എന്നിവർ ‌സംശയനിഴലിലുള്ള കോഴവിവാദങ്ങൾ, കോടികൾ തട്ടി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിക്കാൻ മോദിയുടെ വിശ്വസ്തനായ ധനമന്ത്രലായം സെക്രട്ടറിയുമായിരുന്ന ഹസ്മുഖ് ആദിയ നടത്തിയ ഇടപെടലുകൾ, മോദിയുടെ സെക്രട്ടറിയും വിശ്വസ്തനുമായ ഭാസ്കർ ഖുൽബേക്കെതിരെയുള്ള കൽക്കരി ഖനനാനുമതി ആരോപണം, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനകാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയ കേസ്, 5000 കോടി രൂപ തട്ടിയെടുത്തു രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസരയുമായി സിബിഐ സ്പെഷൽ ഡയറ‌ക്ടർ അസ്താന നടത്തിയ ഇടപാടുകൾ എന്നിവ സംബന്ധിച്ച ഫയലുകളിൽ ആലോക് വർമ നോട്ടമിട്ടിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA