sections
MORE

തടവുകാരുടെ ശിക്ഷാ ഇളവു റദ്ദാക്കുന്നത് ആദ്യം; സിപിഎമ്മിന് ‘രാഷ്ട്രീയ തിരിച്ചടി’

jail-man
SHARE

തിരുവനന്തപുരം ∙ തടവുകാരെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ച തീരുമാനം കോടതി റദ്ദാക്കുന്നതു കേരള ചരിത്രത്തില്‍ ആദ്യമല്ല. എന്നാൽ 209 പേരുടെ ശിക്ഷാ ഇളവ് പുനഃപരിശോധിക്കുന്നത് ഇതാദ്യം. തടവുകാര്‍ക്ക് ഇളവു നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുന്‍പ് മൂന്നു തവണ കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തില്‍താഴെ തടവുകാരാണ് അന്നെല്ലാം പട്ടികയിലുണ്ടായിരുന്നത്. ഇത്രയും തടവുകാരുടെ ശിക്ഷ ഇളവു റദ്ദാക്കുന്നത് ആദ്യമാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും അറുന്നൂറിലധികം തടവുകാരെ ഒരുമിച്ചു മോചിപ്പിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് 2011ല്‍ കേരളവും തടവുകാരെ മോചിപ്പിച്ചത്.

തടവുകാരെ മോചിപ്പിക്കാനായി അന്ന് തയാറാക്കിയ മൂന്നു പട്ടികകളില്‍ ഒന്നാണ് വിവാദമായതും ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയതും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അറുന്നൂറിലധികം തടവുകാരെ മോചിപ്പിക്കാനുള്ള ശുപാര്‍ശ തയാറാക്കിയിരുന്നു. എന്നാല്‍ തടവുകാരെ മോചിപ്പിക്കുന്നതിനു മുന്‍പ് കോടതി ഇടപെടലുണ്ടായതിനാല്‍ നടപടികള്‍ അവസാനിപ്പിക്കേണ്ടിവന്നു.

2011ല്‍ മോചിപ്പിക്കപ്പെട്ട 209 തടവുകാരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇളവു ലഭിച്ചവരില്‍ യോഗ്യതയില്ലാത്തവരുണ്ടെങ്കില്‍ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും. 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 18ാം തീയതിയാണു യുവമോർച്ച നേതാവ് കെ.ടി.ജയകൃഷ്‌ണനെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം 209 തടവുകാരെ ശിക്ഷാ ഇളവു നൽകി വിട്ടയച്ചത്. സെൻട്രൽ ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയും അന്നു വിട്ടയച്ചു.

പ്രദീപനെ മോചിപ്പിക്കുന്നതു രാഷ്‌ട്രീയ വിവാദമാകുമെന്നതിനാൽ തൽക്കാലം മോചിപ്പിക്കാതിരിക്കാൻ ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽനിന്നു ഇടപെടലുണ്ടായി. കണ്ണൂരിലെ പ്രബലനായ നേതാവ് പ്രദീപനുവേണ്ടി നിലകൊണ്ടതോടെ തീരുമാനം മാറ്റി. സ്‌ത്രീകളെയും കുട്ടികളെയും ആക്രമിച്ച കേസിലും പ്രദീപൻ ഉൾപ്പെട്ടിട്ടുള്ളതായി ജയിൽ അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് ഇയാളെ തല്‍ക്കാലം മോചിപ്പിക്കേണ്ടെന്ന് അന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചത്. രാത്രി എട്ടോടെ തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവ് ജയിലുകളിലെത്തി.

രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രദീപന്റെ പേര് പട്ടികയില്‍നിന്നു വെട്ടിയില്ല. പരോളിലായിരുന്ന പ്രദീപൻ അറിയിപ്പ് ലഭിച്ചതനുസരിച്ച് കണ്ണൂര്‍ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി പതിനൊന്ന് മണിയോടെ പുറത്തിറങ്ങി. 

ഇളവുകളടക്കം 10 വർഷം ശിക്ഷ പൂർത്തിയായ ജീവപര്യന്തം തടവുകാരെയാണ് 2011ല്‍ വിട്ടയച്ചത്. തടവുകാരെ വിട്ടയ്ക്കാന്‍ 2010 ഓഗസ്റ്റ് മാസത്തില്‍ നൽകിയ ശുപാർശ രാഷ്‌ട്രീയ വിവാദമായിരുന്നു. സർക്കാരിന്റെ കാലാവധി കഴിയുന്നതിനുമുൻപ് സിപിഎമ്മുകാരായ ചിലരെ വിട്ടയക്കുകയാണു ലക്ഷ്യമെന്നായിരുന്നു ആരോപണം.

കെ.ടി.ജയകൃഷ്‌ണൻ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രദീപനെ വിട്ടയക്കാനുളള നടപടി ജയകൃഷ്‌ണന്റെ അമ്മ ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു. പിന്നീട് ഹര്‍ജി പിന്‍‌വലിച്ചു. 

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വനിതയടക്കം 39 തടവുകാരെയാണു വിട്ടയച്ചത്. ഭൂരിഭാഗം പേരും ജീവപര്യന്തം തടവുകാരായ സിപിഎം പ്രവർത്തകരായിരുന്നു. ചീമേനി തുറന്ന ജയിൽ നിന്ന് 24, തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് 28, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് 111, വിയ്യൂർ ജയിലിൽനിന്ന് ഏഴ് എന്നിങ്ങനെയാണ് വിട്ടയക്കപ്പെട്ട മറ്റു തടവുകാരുടെ എണ്ണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA