ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി; വിൽപന സമ്മർദം

stock-market
SHARE

കൊച്ചി∙ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തോടെയാണു വ്യാപാരം ആരംഭിച്ചതെങ്കിലും തുടർന്ന് ഏതാനും മണിക്കൂറുകൾക്കു ശേഷം വിൽപന സമ്മർദം കാണിക്കുന്നു. വ്യാഴാഴ്ച 10821.60ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 10834.1ലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. ഇതിനിടെ ഒരുവേള 10850.15 വരെ സൂചിക ഉയർച്ച രേഖപ്പെടുത്തിയിരുന്നു. അതുപോലെ 36106.5ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 36191.87ലാണ് വ്യാപാരം ആരംഭിച്ചത്. 36214.26 വരെ ഒരുവേള സൂചിക ഉയർച്ച രേഖപ്പെടുത്തിയിരുന്നു.

ഏഷ്യൻ വിപണികളിൽ മിക്കതിലും നേരിയ പോസിറ്റീവ് പ്രവണത പ്രകടമാണ്. ഇന്നലെ യുഎസ് വിപണിയിൽ നേട്ടത്തിന്റെ ദിവസമായിരുന്നു. യുഎസ് സെൻട്രൽ ബാങ്ക് ഇനിയും തുടർച്ചയായി പലിശ നിരക്കു വർധിപ്പിച്ചേക്കില്ല എന്നു സൂചന നൽകിയിരുന്നു. എന്നിരുന്നാലും യുഎസിലെ പ്രധാന ഗവൺമെന്റ് ഡിപ്പാർട്മെന്റുകളിലെ ഷട്ട് ഡൗൺ തുടരുന്നതു വിപണിയിൽ നേരിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രധാന നേട്ടം കാണിക്കുന്ന സെക്ടറുകൾ എഫ്എംസിജി, മെറ്റൽ എന്നിവയാണ്. ഐടി, ഇൻഫ്രാസ്ട്രക്ചർ സെക്ടറുകളിൽ ഒരു ഡൗൺട്രെൻഡ് കാണുന്നുണ്ട്. ഇന്ന് ഐടിസി കഴിഞ്ഞ മൂന്നു മാസത്തെ ഉയർന്ന നിലയിലെത്തിയതാണ് എഫ്എംസിജി ഓഹരികളെ സംബന്ധിച്ച് പോസിറ്റീവായ വാർത്ത. എന്നാൽ ഇന്നലെ വിപണി ക്ലോസ് ചെയ്തതിനു ശേഷം വന്ന ടിസിഎസിന്റെ റിസൽറ്റ് മാർക്കറ്റ് വിചാരിച്ചതിനെക്കാൾ കുറവാണ്. പ്രത്യേകിച്ച് ടിസിഎസിന്റെ മാർജിനിൽ ഒരു ശതമാനത്തിനടുത്ത് കുറവാണ് വന്നിട്ടുള്ളത്. ഇത് എല്ലാ ഐടി കമ്പനികളെയും ഒരു ഡൗൺ ട്രെൻഡിൽ ആക്കിയിരിക്കുകയാണ്.

ഇൻഫോസിസ് റിസൽറ്റ് ഉച്ചയ്ക്കു ശേഷം വരും. ഇൻഫോസിസിൽ നിന്ന് നേരിയ ലാഭ വർധന വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഇനി വരുന്ന ഏതാനും ദിവസങ്ങളിൽ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കും. ഇവയായിരിക്കും വിപണിയുടെ പ്രവണതകളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുക. നിഫ്റ്റിക്കു മുകളിലേയ്ക്ക് 10870ൽ റെസിസ്റ്റൻസ് ഉണ്ട്. താഴേയ്ക്ക് 10785ലും സപ്പോർട് ലഭിച്ചേക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ക്രൂഡ് ഓയിൽ വിലയിൽ രാവിലെ 0.76 ശതമാനം വർധനവാണ് കാണുന്നത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കു വിലയിടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 70.47ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA