രാജവാഴ്ചക്കാരും ജനാധിപത്യവും തമ്മിലുള്ള യുദ്ധമാണിത്; ജനം തീരുമാനിക്കും: മോദി

narendra-modi
SHARE

ന്യൂഡൽഹി ∙ തന്നേക്കാൾ വലുത് പാർട്ടി, പാർട്ടിയേക്കാൾ വലുത് രാജ്യം എന്നതായിരിക്കണം ബിജെപി പ്രവർത്തകരുടെ ചിന്തയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഒരിക്കൽ രണ്ടു മുറിയിലിരുന്നു പ്രവർത്തിച്ച പാർട്ടി ഇത്രയുമധികം നേതാക്കൾ പങ്കെടുക്കുന്ന വൻ യോഗത്തിലേക്കു വളർന്നതു വലിയ നേട്ടമാണ്. ദീർഘകാലം അഴിമതിയില്ലാതെ പ്രവർത്തിച്ച സർക്കാരാണു ബിജെപിയുടേത്. 2004 മുതൽ 2014 വരെ ഭരിച്ചിരുന്ന സർക്കാരുകൾ രാജ്യത്തെ ഇരുൾക്കിണറിലേക്കു തള്ളിയിട്ടു.

സ്വാതന്ത്യത്തിനുശേഷം സർദാർ വല്ലഭ്ഭായി പട്ടേൽ ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ രാജ്യത്തിന്റെ ചിത്രം മറ്റൊന്നാവുമായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യ വ്യത്യസ്തമായി. ഇരുട്ടിൽനിന്നും ഭയത്തിൽനിന്നും മോചിപ്പിച്ചു രാജ്യത്തെ സത്യത്തിലേക്കു നയിക്കുകയാണു നമ്മൾ.

10 ശതമാനം സാമ്പത്തിക സംവരണം യഥാർഥത്തിൽ യുവാക്കൾക്കു പുതിയ മാനം നൽകുന്നതാണ്. അംബേദ്കർ ഉണ്ടായിരുന്നെങ്കിൽ ഈ സംവരണത്തെ ശക്തമായി പിന്തുണയ്ക്കുമായിരുന്നു. നിലവിലെ സംവരണത്തെ തൊട്ടിട്ടില്ല. അധികമായി 10 ശതമാനം കൊണ്ടുവരികയാണ്. ചിലർ ഇതേപ്പറ്റി തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. അവരെ പരാജയപ്പെടുത്തണം. യുവാക്കൾക്കും വനിതകൾക്കും അവരുടെ കഴിവ് തെളിയിക്കാൻ സർക്കാർ അവസരമൊരുക്കും.

ബേഠി ബച്ചാവോ പോലുള്ള സർക്കാർ പദ്ധതികളെ എതിരാളികൾ കളിയാക്കുന്നതു നിർഭാഗ്യകരമാണ്. കർഷകരുടെ ഉന്നമനത്തിനായി സത്യസന്ധമായ നടപടികൾ സ്വീകരിച്ചു. മുൻ സർക്കാരിന്റെ തെറ്റുകളെ നമുക്കു മായ്ച്ചുകളയാനാവില്ല. വോട്ടുബാങ്കായി മാത്രമാണു മുൻ സർക്കാർ കർഷകരെ കണക്കാക്കിയത്. കർഷകർ ഊർജത്തിന്റെ ഉറവിടങ്ങളാണ്. കർഷകരുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ യാഥാർഥ്യമാക്കിയത് ഈ സർക്കാരാണ്.

പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റുന്നെന്നാണ് ചിലരുടെ ആരോപണം. എത്ര പദ്ധതികളിൽ എന്റെ പേരുണ്ട്? ഒന്നിന്റെ പോലും പേരു മാറ്റിയിട്ടില്ല. ആയുഷ്മാൻ ഭാരതിൽ എന്റെ പേരുണ്ടോ? രാജ്യത്തെയാണ് എല്ലാറ്റിനും മുകളിൽ കാണുന്നത്. തന്നേക്കാൾ വലുത് പാർട്ടി, പാർട്ടിയേക്കാൾ വലുത് രാജ്യം എന്നതായിരിക്കണം ബിജെപി പ്രവർത്തകരുടെ ചിന്ത.

വായ്പ വേണമെങ്കിൽ ബാങ്കിൽ പോയാൽ സാധാരണ നടപടികളിലൂടെ (കോമൺ പ്രോസസ്) കാര്യം നടക്കും. പക്ഷേ മുൻ സർക്കാരിന്റെ കാലത്ത് ഫോണിലൂടെ അനുമതി നൽകുന്ന ‘കോൺഗ്രസ് പ്രോസസ്’ ആയിരുന്നു. ഇങ്ങനെ നേടിയ അനധികൃതമായ മൂന്നു ലക്ഷം കോടി രൂപ ഈ സർക്കാർ തിരികെ എത്തിച്ചു.

അവർ (പ്രതിപക്ഷം) മതിയാകുന്നതുവരെ കളിയാക്കട്ടെ. പക്ഷേ, ഈ കാവൽക്കാരൻ ആരെയും വെറുതെ വിടില്ല, നിർത്തിപോകില്ല. അവസരവാദികളുടെ സഖ്യം തെലങ്കാനയിൽ പരാജയപ്പെട്ടു. കർണാടകയിൽ സഖ്യത്തിലെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയായല്ല ക്ലർക്കായാണു പ്രവർത്തിക്കുന്നത്. എന്തിനാണു ഇവരെല്ലാം കൂട്ടംകൂടുന്നത്? ശക്തമായ സർക്കാരല്ല, പ്രശ്നങ്ങളുള്ള സർക്കാരിനെയാണ് ഇവർക്കു വേണ്ടത്. സ്വന്തം കുടുംബത്തെ ഉന്നതിപ്പെടുത്തുന്ന സർക്കാരിനെയാണ് ഇവർക്കാഗ്രഹം.

കോൺഗ്രസ് അവരുടെ അഭിഭാഷകരെ ഉപയോഗിച്ച് അയോധ്യ വിഷയം വൈകിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനും അവർ ശ്രമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുക്കുമ്പോൾ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അധികാരമുപയോഗിച്ച് എല്ലാ സ്ഥാപനങ്ങളെയും അധീനതയിലാക്കിയായിരുന്നു കോൺഗ്രസ് നടപടി. അമിത് ഷായെ വരെ അന്നു ജയിലിലടച്ചു.

ഇങ്ങനെ നിയമം കയ്യിലെടുക്കുന്ന ആളുകളെ രാജ്യഭരണം ഏൽപിക്കാമോ? രാജവാഴ്ചയിൽ വിശ്വസിക്കുന്നവരും ജനാധിപത്യവും തമ്മിലുള്ള യുദ്ധമാണിത്. നിങ്ങളുടെ പണം മോഷ്ടിച്ചയാളെ വീട്ടിൽ വീണ്ടും ജോലിക്കു നിർത്തുമോ? അതുപോലെ രാജ്യത്തിന്റെ പണം ഊറ്റിയെടുത്തവരെ രാജ്യസേവകരാക്കണോ എന്നു ജനം തീരുമാനിക്കണം. രാജ്യം മുന്നോട്ട് പോകണമെങ്കിൽ നാം ഒരുമിച്ചു നടക്കണം– മോദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA