ആലപ്പാട് ഖനനം: പ്രശ്നം മനസിലാക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി

Pinarayi-Vijayan-4
SHARE

തിരുവനന്തപുരം∙ ആലപ്പാട് കരിണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സമയം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഐആർഇ പ്രതിനിധികളും പങ്കെടുക്കും. സമരസമിതി പ്രതിനിധികളെ യോഗത്തിലേക്കു വിളിച്ചിട്ടില്ല.

ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാകില്ലെന്നും നേരത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. അതേസമയം, ആലപ്പാട് ഖനനം നിർത്താതെ സമരത്തിനില്ലെന്ന നിലപാടിലാണു സമരസമിതി. ആലപ്പാട്ട് നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കര ഇടിഞ്ഞ് പ്രദേശവാസികള്‍ക്ക് നഷ്ടം ഉണ്ടാകുന്ന സാഹചര്യം മുന്‍പ് ആലപ്പാട് ഇല്ലായിരുന്നു. ആലപ്പാട്ടെ ഇപ്പോഴത്തെ പ്രശ്നം വിശദമായി പഠിക്കേണ്ടതുണ്ട്. നീണ്ടകര മുതല്‍ കായംകുളംവരെയുള്ള കടലോരത്ത് പ്രകൃതി തരുന്നതാണ് കരിമണല്‍. അതു ശേരിക്കുന്നതിനാണ് സര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍ഇയെ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്) ചുമതലപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് പ്ലോട്ടാണ് അവര്‍ക്ക് കൊടുത്തത്. അതില്‍ ഒരു പ്ലോട്ടില്‍നിന്നാണ് മണല്‍ എടുക്കുന്നത്. കടല്‍ തീരത്തേക്ക്് കൊണ്ടുവരുന്ന മണലാണ് എടുക്കുന്നത്. മണല്‍ ശേഖരിക്കുന്നതിന് കര ഇടിക്കേണ്ട കാര്യമില്ല. ഈ പ്രദേശങ്ങളില്‍ രാത്രി കരിമണല്‍ കടത്ത് ഉണ്ട്. അതു തടയുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ പോകുകയാണ്. കേരളത്തിന്റെ സമ്പത്താണ് കരിമണല്‍. അത് ഇവിടെ വേര്‍തിരിച്ചെടുത്താല്‍ നൂറുകണക്കിനു പേര്‍ക്ക് ജോലികിട്ടും. കെഎംഎംഎല്ലില്‍ (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) 400 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പോകുകയാണ്. ഐആര്‍ഇയില്‍ 200 പേരാണ് ജോലി ചെയ്യുന്നത്. ഒരുകോടിരൂപയാണ് ശമ്പള ഇനത്തില്‍ അവര്‍ക്ക് നല്‍കുന്നത്. ആലപ്പാട് ജനങ്ങള്‍ നന്നായി സഹകരിച്ചിരുന്നതാണ്. ഇപ്പോള്‍ എന്തുപറ്റി എന്നതു വിശദമായി പഠിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA