Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പ്രസിഡന്റ്: ട്രംപിനെതിരെ 2020 ൽ രംഗത്ത് തുൾസി ഗബാർഡും

tulsi-gabbard തുൾസി ഗബാർഡ്.

വാഷിങ്ടൻ∙ യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം തുൾസി ഗബാർഡ് 2020 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കും. മുപ്പത്തിയേഴുകാരിയായ ഗബാർഡ് ഇതോടെ സെനറ്റർ എലിസബത്ത് വാറനൊപ്പം ഡെമോക്രാറ്റ് പക്ഷത്തു നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ താൽപര്യം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയായി.

യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജയായ വനിത കമലാ ഹാരിസ് ഉൾപ്പെടെ പന്ത്രണ്ടിലധികം ഡെമോക്രാറ്റ് നേതാക്കളാണ് 2020 ൽ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് രംഗത്തുവരികയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മുൻ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെതിരെ സ്ഥാനാർഥി മോഹം വ്യക്തമാക്കിക്കഴിഞ്ഞു.

ഹവായിയിൽനിന്ന് നാലു തവണ യുഎസ് ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തുൾസി ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്കിടയിൽ ഏറെ ജനപ്രിയയാണ്. തുൾസിയുടെ അമ്മ കാരൾ പോർട്ടർ ഹിന്ദു മതവിശ്വാസിയും അച്‌ഛൻ മൈക് ഗബാർഡ് കത്തോലിക്കാ വിശ്വാസിയുമാണ്.

കൗമാരകാലം മുതൽ തുൾസി ഗബാർഡും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു. ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവദ്ഗീതയിൽ തൊട്ടാണ് തുൾസി സത്യപ്രതിജ്ഞ ചെയ്തത്. യുഎസ് പ്രസിഡന്റാകാനായാൽ ആ പദവിയിലെത്തുന്ന ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യ ക്രൈസ്തവേതര വ്യക്തി എന്നീ സവിശേഷതകളാകും തുൾസിക്ക്. എന്നാൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പോലും യുഎസ് രാഷ്ട്രീയ വിശകലന വിദഗ്ധർ തുൾസിക്കു പ്രതീക്ഷിക്കുന്നില്ല.

2020 ൽ റിപ്പബ്ലിക്കൻ പക്ഷത്തു നിന്നും വീണ്ടും മൽസരരംഗത്തുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. 2020 ൽ ഡെമോക്രാറ്റിക് പക്ഷത്ത് സ്ഥാനാർഥികളുടെ പ്രൈമറികളാകും ട്രംപിന്റെ എതിരാളിയെ തിരഞ്ഞെടുക്കുക. 2020 ഫെബ്രുവരി മൂന്നിന് ലോവാ കോക്കസ്, ഫെബ്രുവരി 11 ന് ന്യു ഹാംപ്ഷെർ പ്രൈമറി, ഫെബ്രുവരി 15 ലെ നെവാഡ കോക്കസ്, ഫെബ്രുവരി 22 ലെ സൗത്ത് കാരലീന എന്നിവയാണ് ആദ്യ പ്രൈമറിയിൽ ഉൾപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.