മുൻ കാമുകനെ പെൺകെണിയിൽ കുടുക്കി, ജീവനോടെ കത്തിച്ചു; ഇനി ‘മേയറുടെ ഭാര്യ’

mundil-mahil
SHARE

ലണ്ടൻ∙ പെൺകെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യൻ വംശജ മേയറുടെ ഭാര്യയാണെന്നറിഞ്ഞുള്ള അസ്വസ്ഥതയിലാണു റെഡ്ബ്രിജ് നിവാസികൾ. കിഴക്കൻ ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വരീന്ദർ സിങ് ബോലയുടെ ഭാര്യ മുന്‍ദില്‍ മഹിലിന് എതിരെയാണ് ആക്ഷേപം.

പെൺകെണിയിലൂടെ 2012ലാണ് മുന്‍ദില്‍ മഹിൽ വാർത്തകളിൽ ഇടംപിടിച്ചത്. ധനികനും ബ്രിട്ടനിലെ സിഖ് ടിവി എക്സിക്യൂട്ടീവുമായിരുന്നു ഇരുപത്തിയൊന്നുകാരൻ ഗഗൻദീപ് സിങ്. പഞ്ചാബിലെ ജലന്തർ സ്വദേശിയായ ഗഗൻ, ഇവിടെ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മുന്‍ദിലും ഗഗനും പ്രണയത്തിലായി.

മുൻദിലിന്റെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഗൻ വഹിച്ചിരുന്നു. ഗഗനുമായുള്ള പ്രണയം പെട്ടെന്നൊരു ദിവസം മുൻദിൽ അവസാനിപ്പിച്ചു. ഒപ്പം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർത്തി. പ്രേമബന്ധം തകർന്നതോടെ മുൻദിലിനു ഗഗനോടു പകയായി. മുന്‍ കാമുകനെ വകവരുത്തുന്നതിനെപ്പറ്റിയായി പിന്നെ ആലോചന.

Mundil-Mahil-Gagandip-Singh
മുൻദിൽ മഹിൽ, ഗഗൻദീപ് സിങ്

അഞ്ചു വർഷത്തിലേറെ സൗഹൃദമുള്ള ഇലക്ട്രീഷ്യന്‍ ട്രെയിനി ഹര്‍വിന്ദര്‍ ഷോക്കറും (20) മുൻദിലിനെ പ്രേമിച്ചിരുന്നു. ഗഗന്‍ദീപ് തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം ഷോക്കറിനോടും യുവതി ആവർത്തിച്ചു. ഷോക്കറിനു തന്നോടുള്ള പ്രേമം മുതലെടുക്കാനും തീരുമാനിച്ചു. വാടകക്കൊലയാളിയും സ്കൂൾ സുഹൃത്തുമായ ഡാരന്‍ പീറ്റേഴ്സിനെ (20) ഷോക്കർ സമീപിച്ചതോടെ കൊലയ്ക്കു കളമൊരുങ്ങി.

സ്നേഹം നടിച്ചു ബ്രൈറ്റ്ടണിലെ വീട്ടിലേക്കു ഗഗനെ മൻദിൽ വിളിച്ചു വരുത്തി. അകത്ത് ഒളിച്ചിരുന്ന ഷോക്കറും പീറ്റേഴ്സും തലയ്ക്കും മറ്റും അടിച്ച് ഗഗനെ അവശനാക്കി. കേബിൾ വയർ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. ക്ഷീണിതനായ ഗഗനെ കെട്ടിവലിച്ചു കാറിലേക്കു തള്ളിയിട്ടു. തെക്കുകിഴക്കൻ ലണ്ടനിലെ ബ്ലാക്ക്ഹീത്തിൽ കാറിനു തീ കൊളുത്തി ഗഗനെ കൊന്നു. എല്ലാത്തിനും മൗനസമ്മതവുമായി മുൻദിൽ നിലകൊണ്ടു. പൊള്ളലേറ്റു തുടങ്ങുമ്പോൾ ഗഗനു ജീവൻ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.

Mundil-Mahil-Sadik-Khan-Varinder-Singh-Bola
മുൻദിൽ മഹിലും വരീന്ദർ സിങ് ബോലയും ലണ്ടൻ മേയർ സാദിഖ് ഖാനൊപ്പം.

ലണ്ടനെ ഞെട്ടിച്ച കൊലക്കേസിൽ ഷോക്കറിനു ജീവപര്യന്തവും പീറ്റേഴ്സിനു 12 വര്‍ഷത്തെ ജയില്‍വാസവും കോടതി വിധിച്ചു. ഗഗന്റെ ആസൂത്രിത കൊലപാതകത്തിനു നേതൃത്വം വഹിച്ച സസക്സ്‌ മെഡിക്കല്‍ സ്കൂളിലെ വിദ്യാര്‍ഥിനി മുന്‍ദിലിനു ആറു വര്‍ഷം കഠിനതടവാണു ലഭിച്ചത്. മറ്റുള്ളവർ ജയിലിൽ തുടരവേ, 2014ൽ ശിക്ഷാ കാലാവധി പകുതിയായപ്പോൾ മുൻദിൽ മോചിതയായി. പുതിയ ജീവിതം തേടി നടന്ന മുൻദിൽ എത്തിയത് ലേബർ പാർട്ടിയുടെ യുവ നേതാവ് വരീന്ദർ സിങ് ബോലയുടെ അടുത്ത്.

വരീന്ദർ ബോലയുടെ പഴ്സനൽ ട്രെയിനറായി മുൻദിൽ ചുമതലയേറ്റു. ഇരുവരും അടുപ്പമായി. 2016 ൽ വിവാഹിതരും. കൊലക്കേസിലെ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപേ പുറത്തിറങ്ങി സന്തോഷ ജീവിതം നയിക്കുന്നതിൽ അന്നേ ജനം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

രണ്ടു വർഷത്തിനിപ്പുറം, വരീന്ദർ കൗൺസിലറായി. ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വിറ്ററിലൂടെ വരീന്ദർ തന്നെയാണ് അറിയിച്ചത്. ഇതോടെ, പെൺകെണി കൊലക്കേസിലെ പ്രതിയായ യുവതിക്ക്, മേയറുടെ ഭാര്യയെന്ന നിലയിൽ സമൂഹത്തിൽ വലിയ അധികാരവും സ്വാധീനവും കിട്ടുമെന്നാണു നാട്ടുകാരുടെ പരാതി.

Mundil-Mahil-Varinder-Singh-Bola
മുൻദിൽ മഹിലും വരീന്ദർ സിങ് ബോലയും.

സമുഹത്തിൽ മുൻദിൽ ഉന്നതശ്രേണിയിൽ എത്തുന്നതു തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നു ഗഗന്റെ കുടുംബം പറയുന്നു. ഗഗനെ വശീകരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ മുൻദിലിനു ആകെ കിട്ടിയതു മൂന്നു വർഷത്തെ ജയിൽവാസം മാത്രമാണെന്നു സഹോദരി അമൻദീപ് കൗർ സിങ് കുറ്റപ്പെടുത്തി. ഒരിക്കൽപ്പോലും കുറ്റസമ്മതം നടത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അവർ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നും ഗഗന്റെ കുടുംബം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA