sections
MORE

എസ്ബിഐ ആക്രമണം: പ്രതികൾ പൊലീസ് മൂക്കിനു താഴെ; ഒളിക്കാൻ സിപിഎം സഹായം

sbi-bank-attack
SHARE

തിരുവനന്തപുരം ∙ ദേശീയ പണിമുടക്കിനിടെ എസ്ബിഐ ശാഖ അടിച്ചുതകർത്ത പ്രതികൾ ഒളിവിൽ കഴിയുന്നതു തിരുവനന്തപുരത്താണെന്നു സൂചന. ആക്രമണത്തിനു നേതൃത്വം നൽകിയ രണ്ട് ഇടതുനേതാക്കളുടെ ഫോൺ ലൊക്കേഷൻ വഴുതക്കാടാണെന്നു കണ്ടെത്തി. സിപിഎമ്മിന്റെ സംരക്ഷണത്തിലാണിവരെന്നു പൊലീസ് വിലയിരുത്തുന്നു. അക്രമം നടന്നു നാലുദിവസമായിട്ടും ഏഴു പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

ഹർത്താൽ, പണിമുടക്ക് എന്നിവയോട് അനുബന്ധിച്ചുൾപ്പെടെ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിൽ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരെ രക്ഷപ്പെടുത്താൻ പൊലീസ് ആസൂത്രിത ശ്രമം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. ദുർബല വകുപ്പുകൾ ചുമത്തി കേസെടുക്കുക, ഉന്നത നേതാക്കളെ ഒഴിവാക്കുക, അറസ്റ്റ് വൈകിപ്പിക്കുക തുടങ്ങിയവയാണ് പാർട്ടിക്ക് നൽകിവരുന്ന ‘പ്രത്യേക സഹായം’.

സെക്രട്ടേറിയറ്റിനു സമീപം എസ്ബിഐ ശാഖ ആക്രമിച്ച കേസിൽനിന്ന് എൻജിഒ യൂണിയന്റെ ഉന്നത നേതാക്കളെ ഒഴിവാക്കിയതാണ് ഒടുവിലത്തേത്. സിപിഎം ബന്ധമുള്ളവർ പ്രതികളായ മറ്റു കേസുകളിലും പൊലീസിന് തണുപ്പൻ നിലപാടാണ്. പരാതിക്കാരെ സ്വാധീനിച്ച് നഷ്ടപരിഹാരം നൽകി കേസ് പിൻവലിപ്പിക്കാനും ശ്രമം നടക്കുന്നു.

പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് ആക്രമിച്ചവരുടെ ജോലി പോകുമെന്നും ദയയുണ്ടാകണമെന്നുമാണ് ഒത്തുതീർപ്പുകാരുടെ അപേക്ഷ. എന്നാൽ വിഷയത്തിൽ അനുകൂലമായ പ്രതികരണങ്ങൾക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ല.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അനിൽ കുമാർ (സിവിൽ സപ്ലൈസ്), അജയകുമാര്‍ (സെയിൽസ്ടാക്സ്), ശ്രീവൽസൻ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാർ എന്നിവരാണു മുഖ്യപ്രതികൾ. ദൃശ്യങ്ങളുണ്ടായിട്ടും എൻജിഒ സംസ്ഥാന നേതാക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA