കൊലപാതകം മുഖ്യമന്ത്രിക്കു വേണ്ടിയെന്ന് പ്രതികൾ; ദുരൂഹതയൊഴിയാതെ കൊടനാട്

kodanadu-estate-murder-page-1
SHARE

ന്യൂഡൽഹി ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് വേണ്ടിയെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയന്‍. അഞ്ചു കോടി രൂപയ്ക്കാണ് കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷൻ നല്‍കിയതെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സയന്‍ പറഞ്ഞു. മോഷണത്തിന് പിന്നാലെ ഒന്നാംപ്രതി കനകരാജും സയന്‍റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയിലും തുടര്‍ന്നുണ്ടായ മരണങ്ങളിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പങ്കുണ്ടെന്നാണ് പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയനും വാളയാർ മനോജും ആരോപിക്കുന്നത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. അഞ്ചുകോടി രൂപയായിരുന്നു വാഗ്ദാനം. 2017 ഏപ്രില്‍ 23ന് കൊടനാടെത്തിയ പത്തംഗസംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ടു. നാലുപേര്‍ ഉള്ളില്‍‌കടന്നു. രണ്ടായിരം കോടി പണം എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ഥ ലക്ഷ്യം രേഖകളായിരുന്നു.

എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോടു പറഞ്ഞെന്ന് സയന്‍ മാധ്യമങ്ങളോടു പറഞ്ഞു. 2017 ഏപ്രിൽ 23 നു രാത്രി കവർച്ചാശ്രമം തടയുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരൻ ഓം ബഹദൂർ കൊല്ലപ്പെട്ടത്. പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടർമരണങ്ങൾ സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു. ഏപ്രില്‍ 28ന് സേലത്തുണ്ടായ വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും ഭാര്യയും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ വച്ച് ലോറിക്ക് പിന്നിലിടിച്ചു. ഭാര്യ വിനുപ്രിയയും അഞ്ചുവയസ്സുകാരി മകള്‍ നീതുവും മരിച്ചു. പരുക്കുകളോടെ സയന്‍ രക്ഷപെട്ടു. പിന്നാലെ എസ്റ്റേറ്റിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേശ് കുമാറിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

kodanadu-estate-gate
കാവൽക്കാരന്റെ കൊലപാതകത്തെ തുടർന്ന് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ എർപ്പെടുത്തിയ പൊലീസ് കാവൽ. – ഫയൽ ചിത്രം.

ഒന്നാംപ്രതി കനകരാജ് കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ തുക ലഭിച്ചില്ലെന്നാണ് സയന്‍ പറയുന്നത്. എടപ്പാടി പളനിസാമിയെ ലക്ഷ്യംവച്ച് പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് ഇന്ത്യ എഹെഡ് എഡിറ്റര്‍ മാത്യു സാമുവലാണ്. കവർന്ന രേഖകളുടെ ബലത്തിലാണ് പളനിസാമി മുഖ്യമന്ത്രിയായി തുടരുന്നതെന്നും സയനും മനോജും പറയുന്നു. ജയലളിതയുടെ മരണത്തിലടക്കമുളള ദുരൂഹതകളെക്കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും ഇവരുടെ മൊഴി പുറത്തുകൊണ്ടു വന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ അറിയിച്ചു.

ആരുടെ എസ്റ്റേറ്റ് ?

kodanadu-case
കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുനൂരിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ. – ഫയൽ ചിത്രം.

ജയലളിതയുടെ വേനൽക്കാലവസതിയെന്ന രീതിയിലാണു കൊടനാട് എസ്റ്റേറ്റ് അറിയപ്പെടുന്നത്. ചെന്നൈയിൽ ചൂടു കനക്കുമ്പോൾ ജയലളിത കൊടനാട്ടേക്കു പോകും. പിന്നീടു ഭരണനിയന്ത്രണം അവിടെനിന്നാണ്. ഉദ്യോഗസ്ഥർ സർക്കാർ ഫയലുമായി പോലും ഇവിടെയെത്തിയിരുന്ന കാലമുണ്ടായിരുന്നു. പൂർണമായും ജയലളിതയുടെ സ്വന്തം സ്വത്തല്ല കൊടനാട് എസ്റ്റേറ്റ്. ജയയ്ക്കു കൂടി പങ്കാളിത്തമുള്ള ‘കൊടനാട് എസ്റ്റേറ്റ്’ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ആയിരം ഏക്കറോളം വരുന്ന എസ്റ്റേറ്റുള്ളത്. ശശികലയും സഹോദരഭാര്യ ഇളവരശിയുമാണു സ്ഥാപനത്തിലെ മറ്റ് ഓഹരിയുടമകൾ. അനധികൃത സ്വത്തു കേസിൽ ഇരുവരും ഇപ്പോൾ ബെംഗളൂരുവിലെ ജയിലിലാണ്.

ശശികലയുടെ സ്വദേശമായ തഞ്ചാവൂരിൽനിന്നുള്ള എസ്.നടരാജൻ എന്നയാളാണ് എസ്റ്റേറ്റിന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. തേയിലത്തോട്ടത്തിനു പുറമെ, പത്ത് എക്കറോളം സ്ഥലത്തു ഫ്ലോറി കൾച്ചർ ഫാമും പ്രവർത്തിക്കുന്നു. ഈ എസ്റ്റേറ്റിലുള്ള ജയലളിതയുടെ ഉടമസ്ഥാവകാശം ആർക്കു ലഭിക്കുമെന്നത് അവ്യക്തമാണ്. കാരണം, ജയയുടെ വിൽപത്രം സംബന്ധിച്ച കാര്യങ്ങളെല്ലാം ഇപ്പോഴും രഹസ്യമാണ്.

രഹസ്യങ്ങളുടെ കലവറ

mysterious-death-30-4-2017-1

കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ വേനൽക്കാല വസതി മാത്രമല്ല, രഹസ്യങ്ങളുടെ കലവറകൂടിയാണെന്നു പറയപ്പെടുന്നു. സ്വന്തം പേരിലും ബെനാമി പേരിലുമുള്ള സ്വത്തുക്കളുടെ വിശദാംശങ്ങളടങ്ങിയ രേഖകൾ ജയലളിതയും ശശികലയും സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നത്രേ. ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിപോലെ ശശികലയുടെ വിശ്വസ്തരെ തന്നെയാണു കൊടനാട് എസ്റ്റേറ്റിലും ജോലിക്കു നിയോഗിച്ചിരുന്നത്. ഇരുവർക്കും ശശികല കുടുംബാംഗങ്ങൾക്കും വിവിധ സ്ഥലങ്ങളിലായുള്ള ഭൂമിയിടപാടുകൾ, വിവിധ കമ്പനികളിലായുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളിൽ ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA