Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവിലയിൽ തെന്നി വിപണി; രൂപ വീഴുന്നതും ഇന്ത്യൻ വിപണിയെ ബാധിക്കുന്നു

BSE | SENSEX | Stock Market

കൊച്ചി∙ പുതുവർഷത്തിൽ വൻ കുതിപ്പിനൊരുങ്ങിനിന്ന വിപണി സൗദി തിളപ്പിച്ച എണ്ണവിലയിൽ തെന്നി നിൽക്കുന്നതാണ് ഈ ആഴ്ചയിലെ വിശേഷം. ഒപെക് രാജ്യങ്ങളുടെ ഉൽപാദന നിയന്ത്രണം അത്ര പെട്ടെന്നു ഫലം കണ്ടേക്കില്ല എന്ന നിഗമനത്തിലാണ് ഉൽപാദന നിയന്ത്രണത്തിന്റെ ഏറ്റവും വലിയ വക്താവായ സൗദി കയറ്റുമതി നിയന്ത്രണത്തിലൂടെ വിലനിയന്ത്രണത്തിന്റെ ചുക്കാൻ കൈക്കലാക്കിയത്. വിപണിനഷ്ടവും വരുമാനത്തിലെ ഇടിവും സഹിച്ച് സൗദി എത്ര കാലം ഈ നടപടിയിൽ ഉറച്ചു നിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിൽ എണ്ണവിലയിലെ മാറ്റങ്ങൾ.

അനുബന്ധ സെക്ടറുകളിലെ ഉയർച്ചതാഴ്ചകളും ഇതിനോടു ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതുവരെ അത്ര മോശമല്ലാത്ത ത്രൈമാസ ഫലങ്ങൾ പുറത്തു വന്നതും അടുത്ത മാസം പകുതി വരെ പുറത്തു വരാനിരിക്കുന്ന ഫലങ്ങൾ മെച്ചപ്പെട്ടതായിരിക്കും എന്ന പ്രതീക്ഷയും ഇടക്കാല ബജറ്റ് ജനകീയമായിരിക്കും എന്ന കണക്കുകൂട്ടലും വിപണിക്കു ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഓഹരി വിപണിയുടെ കഴിഞ്ഞയാഴ്ചത്തെ കയറ്റിയിറക്കങ്ങളും വരുന്നയാഴ്ചയുടെ പ്രതീക്ഷകളും ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ വിലയിരുത്തുന്നു.

രാജ്യാന്തര വിപണി

അമേരിക്കൻ ഓഹരി വിപണിയായ എസ് ആൻഡ് പി 500 ക്രിസ്മസ്, പുതുവത്സര സമയത്ത് പ്രകടമാക്കിയ ഇരുപതു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽനിന്നു 10 ശതമാനം ഉയർച്ചയാണ് 2019 ൽ ഉണ്ടായിട്ടുള്ളത്. ഡൗ ജോൺസ്‌ തുടർച്ചയായ അഞ്ചു ദിനങ്ങളിലാണ് കയറിയത്. ഇതിന്റെ ചുവടു പിടിച്ച് ഇതര ഏഷ്യൻ, വികസ്വര വിപണികളും ആവേശത്തിൽത്തന്നെയാണ്. 60 ഡോളറിനു മുകളിലേക്ക് എണ്ണ വില പറന്നതും അതേത്തുടർന്ന് ഡോളറിനെതിരെ രൂപ വീഴുന്നതും ഇന്ത്യൻ വിപണിയുടെ ഉത്സാഹം കുറയ്ക്കുന്നുമുണ്ട്.

അമേരിക്കൻ വിപണി

പ്രതീക്ഷകൾക്കും മുകളിലായ അമേരിക്കൻ സമ്പദ്‍വ്യവസ്ഥയുടെ വിവരങ്ങൾ, പ്രത്യേകിച്ച് എംപ്ലോയ്മെൻറ് ഡാറ്റയും ഇനിയും പലിശനിരക്ക് ഉയർത്തില്ല എന്ന ഫെഡ് ചെയർമാൻ ജെറോം പവലിന്റെ ഉറപ്പും ആഴ്ചയുടെ തുടക്കത്തിൽ വിപണിക്കു ബലം നൽകി. ആപ്പിൾ, ഫേസ്ബുക്, ആമസോൺ, മറ്റ് വ്യാവസായിക ഓഹരികൾ എന്നിവ വിപണിയുടെ കുതിപ്പിനു ചുക്കാൻ പിടിച്ചു.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഷട്ട് ഡൗൺ തുടർന്നേക്കുമെന്ന ആശങ്കയും അതിന്റെ പ്രതികരണങ്ങളും വിപണിയെ ഉലയ്ക്കുന്നുണ്ട്. എണ്ണവില കയറുന്നത്തിന്റെ മുഖ്യ ഉപഭോക്താവ്‌ അമേരിക്ക തന്നെയാണ്, കാരണം 60 ഡോളറിനാണ് ഭാരമായേക്കാമായിരുന്ന ക്രൂഡ് ഓയിൽ ഇൻവെന്ററി വിറ്റഴിക്കുന്നത്. സൗദിയുടെ വ്യാപാര നഷ്ടം അവരുടെ തന്നെ ക്രൂഡ് ശേഖരം വർധിപ്പിക്കുകയും അമേരിക്കയുടെ അധികശേഖരം നഷ്ടം വരുത്താതെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ചൈനയിൽ

പിഎംഐ ഡാറ്റ 50 ന്റെ താഴെ വന്നത് സാമ്പത്തിക മാന്ദ്യ ലക്ഷണമായി കണ്ട് ചൈന ഉടൻ നടപടികൾ സ്വീകരിച്ചു. ബാങ്ക് റിസർവ് നിരക്ക് 100 ബേസിസ് പോയിന്റുകൾ കുറച്ചത് ചൈനീസ് സമ്പദ്‍വ്യവസ്ഥക്ക് 116 ബില്യൻ ഡോളറിന്റെ കൂടി പണലഭ്യത ഉറപ്പാക്കുകയും വ്യാവസായിക പ്രവൃത്തികൾ മന്ദീഭവിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വിപണി കണക്കു കൂട്ടുന്നു. ഇന്ത്യൻ ലോഹ കയറ്റുമതി കമ്പനികൾക്ക് ഇത് ഗുണപ്രദമാണ്. വേദാന്ത, ടാറ്റ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, ഹിൻഡാൽകോ എന്നിവർക്കും ഇതു നേട്ടമായേക്കാം .

സൗദി തിളപ്പിച്ച എണ്ണ വിപണി

വിപണിയുടെ സകല ശൗര്യവും കെടുത്തിക്കൊണ്ടാണ് എണ്ണ വില കുതിച്ചത്. ഒരു ദിവസം അഞ്ചു ശതമാനം വച്ചു പോലും വില വർധനവുണ്ടായി. ഒപെക് രാഷ്ട്രങ്ങളുടെ ഉൽപാദനം കുറയ്ക്കൽ പ്രഖ്യാപനം ഉദ്ദേശിച്ച ഫലം പെട്ടെന്നു കൊണ്ടുവരില്ല എന്ന സാഹചര്യത്തിലാണ് സൗദി വ്യാപാരനഷ്ടം സഹിച്ച് എണ്ണ കയറ്റുമതിയിൽ കുറവു വരുത്തിയിരിക്കുന്നത്. ഇത് മറ്റുളള ഉൽപാദകർക്ക് ഉയർന്ന വിലയും കൂടുതൽ വിപണി വിഹിതവും നൽകും. പ്രത്യേകിച്ച്, നഷ്ടത്തിൽ വിപണനം നടത്തിക്കൊണ്ടിരുന്ന ഷെയിൽ ഉൽപാദകർക്ക്.

വർധിച്ചു കൊണ്ടിരുന്ന അമേരിക്കൻ എണ്ണശേഖരം കൂടുതൽ ലാഭത്തിൽ വിറ്റഴിയുന്നതും സൗദിയുടെ എണ്ണശേഖരം വർധിക്കുന്നതുമാണ് സൗദിയുടെ നടപടിയുടെ അനന്തര ഫലം. സൗദി എണ്ണകയറ്റുമതി പൂർണ തോതിലാക്കിയാൽ മാത്രമേ എണ്ണവില തിരിച്ചിറങ്ങൂ എന്നും അനുമാനിക്കുന്നു. മറ്റാരും സൗദിയുടെ പാത പിന്തുടരുമെന്ന് വിപണി പ്രതീക്ഷിക്കുന്നില്ല. 2019 ലെ എണ്ണവിപണി പൊതുവെ തുലനം പ്രാപിക്കുമെന്നും അമിതോൽപാദനം മൂലം വിലത്തകർച്ച നേരിട്ട 2018 പോലെയായിരിക്കില്ല എന്നും വിപണി നിരീക്ഷിക്കുന്നു. എണ്ണലഭ്യത കുറയ്ക്കാനുള്ള ഒപെക്കിന്റെ തീരുമാനം നടപടികൾ കടന്ന് വിപണിയെ തൊടുന്നതിന് സമയം എടുത്തേക്കാം, എന്നാൽ സൗദിയുടെ നടപടി അതുവരെ എണ്ണവിലയെ നിയന്ത്രിച്ചു വരുതിയിലാക്കിയേക്കാം.

എന്നാൽ എണ്ണയുടെ വിലവർധനവിനുള്ള അടിസ്ഥാന സാധ്യതകളെല്ലാം ഇപ്പോഴും നെഗറ്റീവ് ആണ്. കൂടിയ എണ്ണശേഖരം, കുറഞ്ഞ ആവശ്യകത, തുല്യതയില്ലാത്ത അവധി വിലകൾ എന്നിവയാണത്. അതോടൊപ്പം മോർഗൻ സ്റ്റാൻലി 2019 ലെ ശരാശരി എണ്ണവില ബാരലിന് 69 ഡോളറിൽ നിന്നു 61 ഡോളറായി പുതുക്കി നിശ്ചയിച്ചത് 2018 ൽ ദിവസേന 6 ലക്ഷം ബാരലിന്റെ അധിക ലഭ്യത ക്രൂഡ് ഓയിലിനുണ്ടായിരുന്നു എന്ന ഘടകം മാത്രം കണക്കിലെടുത്താവില്ല. പുതിയ പൈപ്പ് ലൈനുകൾ വരുന്നതോടെ ഷെയിൽ ഉൽപാദനം വർധിക്കും. ഇതോടെ 2020 ൽ ഒപെക് ഇതര ഉൽപാദകർക്ക് ദിവസേന മുപ്പതു ലക്ഷം ബാരൽ വരെ ഉൽപാദന വർധനവ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഓയിൽ മാർക്കറ്റിങ് കമ്പനികളുടെയും വിമാന കമ്പനികളുടെയും ഓഹരിവിലയിൽ ഇടിവുണ്ടാകും.

ത്രൈമാസ ഫലങ്ങൾ

∙ ടിസിഎസ് വരുമാനം ഇടിവില്ലാതെ നിലനിർത്തിയെങ്കിലും ചെലവിലുള്ള വർധന തിരിച്ചടിയായി. എന്നിരിക്കിലും ഫണ്ടുകൾ ഓഹരിയിൽ പ്രതീക്ഷ വയ്ക്കുന്നുണ്ട്.
∙ ഇൻഫോസിസിന്റെ ത്രൈമാസ പ്രവർത്തന ഫലം പോസിറ്റീവ് ആണ്. 800 രൂപയ്ക്ക് ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചത് നേട്ടമായി. ദീർഘ കാലയളവിൽ ഓഹരിയിൽ വിപണി പ്രതീക്ഷ വെയ്ക്കുന്നു.
∙ ഇനി വരാനിരിക്കുന്ന ത്രൈമാസ ഫലങ്ങൾ അടുത്ത ഒരു മാസത്തേക്കു വിപണിക്ക്‌ ഉണർവു നൽകുമെന്ന് അനുമാനിക്കുന്നു.

ഇടക്കാല ബജറ്റ്

ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കപ്പെടുന്ന ഇടക്കാല ബജറ്റിൽ കൂടുതൽ ജനോപകാര പദ്ധതികൾ അവതരിപ്പിച്ചേക്കാം. ഇതിൽ കർഷകർക്കും ചെറുകിട വ്യവസായികൾക്കും മുൻഗണന ഉണ്ടായേക്കാം. പ്രത്യേകിച്ച് കാർഷിക മേഖലയ്ക്ക്. പാർലമെന്റിന്റെ ബജറ്റ് സെഷൻ ഫെബ്രുവരി 13 വരെയാണ്.

ബാങ്കിങ് ഓഹരികൾ

നിക്ഷേപ വർധന, വായ്പാ വളർച്ച, എൻസിഎൽടി നടപടികളിലൂടെ നിഷ്ക്രിയ ആസ്തിയിലുണ്ടാകുന്ന ഗണ്യമായ കുറവ്, ഉയർന്ന ട്രഷറി വരുമാനം എന്നീ ഘടകങ്ങൾ ബാങ്കുകളുടെ ബുക്കുകൾക്ക് കൂടുതൽ ശോഭ പകരുമെന്നു വിപണി പ്രതീക്ഷിക്കുന്നു; അതിലൂടെ മെച്ചപ്പെട്ട പ്രവർത്തന ഫലങ്ങളും.

ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉറച്ച നേട്ടം കൊയ്‌തേക്കാം. ഇവ ദീർഘകാല നിക്ഷേപങ്ങൾക്കു പരിഗണിക്കാവുന്നതാണ്.

ഓഹരികളും സെക്ടറുകളും

∙ ബന്ധൻ ബാങ്കും ഗൃഹ ഫൈനാൻസും തമ്മിലുള്ള ലയനവും ഓഹരി വിഹിതാനുപാതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹ ഫിനാൻസിന്റെ ഓരോ 1000 ഓഹരിക്കും പകരമായി ബന്ധൻ ബാങ്കിന്റെ 568 ഓഹരികൾ ലഭിക്കും. തുടക്കത്തിലെ പ്രവർത്തന ഏകോപന നടപടികൾക്കു ശേഷം പ്രവർത്തനം സജ്ജമാകുന്നതോടെ ഓഹരി നേട്ടം കൊയ്യും.
∙ റെയിൽപാത ഇരട്ടിപ്പിക്കലിനായി 2018-19 കാലഘട്ടത്തിൽ ഒരു ദശലക്ഷം ടണ്ണും 2019- 20 കാലഘട്ടത്തിൽ ഒന്നേ കാൽ ദശലക്ഷം ടണ്ണും സ്റ്റീൽ ലഭ്യമാക്കുന്നതിനുള്ള കരാർ ലഭിക്കുന്നത് സെയിലിന്റെ ഓഹരിക്കു പ്രിയം വർധിപ്പിക്കും.
∙ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ഓർഡർ ലഭിച്ചത് ടിസിഎസിനു ഗുണമാണ്. അടുത്ത ഫലത്തിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും.
∙ എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപ വർധന ബാങ്കിന്റെ റേറ്റിങ് വർധിപ്പിക്കും.
∙ ടൈറ്റാൻ നല്ല ഫലം പ്രതീക്ഷിക്കുന്നു. ഈ ഓഹരി പോർട്ഫോളിയോയിൽ ഉൾപ്പെടുത്താവുന്നതാണ്.
∙ എൻഎംഡിസി ആയിരം കോടിയുടെ ഓഹരികൾ 98 രൂപ നിരക്കിൽ തിരികെ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
∙ നഷ്ടത്തിലായിരുന്ന വിദേശ ഉപ കമ്പനി നാറ്റ് സ്റ്റീലിനെ ടാറ്റ സ്റ്റീൽ ചൈനീസ് കമ്പനിക്കു വിൽക്കുന്നത് ഓഹരിക്കു ഗുണകരമാണ് .

വിപണിയിൽ

വിപണി നിങ്ങളുടെ പോർട്ഫോളിയോകളെ കീഴ്മേൽ മറിച്ചേക്കാം, എന്നാൽ നിങ്ങൾ ശരിയായ ഓഹരികൾ, ശരിയായ സമയത്ത്, ശരിയായ വിലയ്ക്കാണു വാങ്ങിയിരിക്കുന്നത് എങ്കിൽ വിപണി ആസ്വദിക്കുക. ശരിയായ സമയത്ത് ലക്ഷ്യസ്ഥാനത്തു വിറ്റ് ലാഭമെടുക്കുന്നതിനുള്ള ചാതുര്യവും കാണിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.