‘പെൺകെണി’യിൽ കുരുങ്ങിയ സൈനികൻ ചോർത്തിയതിൽ സുപ്രധാന വിവരങ്ങളും?

arrest
SHARE

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐ ഒരുക്കിയ ‘പെൺകെണി’യിൽ കുരുങ്ങി ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്സാൽമേറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികനാണു രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ സോംബിർ ആണ് അറസ്റ്റിലായത്.

ഇയാൾ ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെയുള്ളവ പാക്കിസ്ഥാന് ചോർത്തിനൽകിയിട്ടുണ്ടെന്നാണു സംശയം. ജമ്മുവിൽനിന്നുള്ള വിദ്യാർഥിനിയായ അനിക ചോപ്ര എന്നു പരിചയപ്പെടുത്തിയാണ് പാക്ക് ഏജന്റ് സൈനികനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇയാളെ ‘പെൺകെണി’യിൽ കുരുക്കി നിർണായക വിവരങ്ങൾ ചോർത്തുകയായിരുന്നു.

‘സൈനികനെ ജയ്സാൽമേറിൽവച്ച് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണത്തിൽ എല്ലാവിധ സഹായവും സൈന്യം ഉറപ്പുവരുത്തും’ – പ്രതിരോധ വക്താവ് കേണൽ സാംപിത് ഘോഷ് എഎൻഐയോടു പറഞ്ഞു.

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങളും ഇയാൾ പാക്കിസ്ഥാന് കൈമാറിയതായി സൂചനയുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള ടാങ്കുകൾ, ആയുധങ്ങൾ, സൈന്യം തമ്പടിച്ചിരിക്കുന്ന പ്രദേശത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവയാണ് ഇയാൾ ചോർത്തി നൽകിയത്. ഇതിന് പാക്കിസ്ഥാനിൽനിന്ന് ഇയാൾ പ്രതിഫലം പറ്റിയിരുന്നതായാണ് വിവരം.

നാലു മാസമായി നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിരുന്ന ഇയാളുടെ അറസ്റ്റ് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ സോംബിറിനെ ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

‘ഏതാനു മാസം മുൻപ് ചാരവൃത്തിക്ക് ഇയാൾക്ക് പ്രതിഫലം ലഭിച്ചതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം ഒഴിവാക്കുന്നതിന് ഇയാളുടെ സഹോരന്റെ അക്കൗണ്ടിലേക്കാണ് പ്രതിഫലമായി ലഭിച്ച തുക ട്രാൻസ്ഫർ ചെയ്തത്. പിന്നീട് സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു’ – രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.

ഏതാണ്ട് ഏഴു മാസം മുൻപ് ജമ്മുവിൽനിന്നുള്ള വിദ്യാർഥിനി എന്ന മുഖവുരയോടെ അനിക ചോപ്ര എന്ന പേരിലാണ് ഐഎസ്ഐ ഏജന്റ് സൈനികനെ ഫെയ്സ്ബുക്കിൽ സമീപിക്കുന്നത്. സാധാരണ നിലയിൽ തുടങ്ങിയ ഈ ബന്ധം പിന്നീട് കൂടുതൽ വീഡിയോ ചാറ്റിലേക്കു വഴിമാറി. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും പരസ്പരം കൈമാറിയിരുന്നു. ഇങ്ങനെ ഇയാളെ വരുതിയിലാക്കിയശേഷം സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തുകയായിരുന്നു’– പൊലീസ് വ്യക്തമാക്കി.

അനിക ചോപ്ര എന്ന പേരിലുള്ള ഐഡി വ്യാജമാണെന്നും പാക്കിസ്ഥാനിലെ കറാച്ചിയാണ് ഇതിന്റെ ഉറവിടമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. 2016ലാണ് ഹരിയാന സ്വദേശിയായ സോംബിർ സൈന്യത്തിൽ ചേര്‍ന്നത്. സൈനികന്റെ മൊബൈൽ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്തൊക്കെ വിവരങ്ങളാണ് ഇയാൾ പാക്കിസ്ഥാനു കൈമാറിയിട്ടുള്ളതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചില സുപ്രധാന വിവരങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കൂടുതൽപേരെ ഈ അക്കൗണ്ടുവഴി ഐഎസ്ഐ കുരുക്കിയിലാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി കൂടുതൽ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA