ശബരിമല സമരം അവസാനിപ്പിക്കാൻ ബിജെപി; ആർഎസ്എസ് അപ്രമാദിത്വത്തിൽ അമർഷം

bjp-march-tvm1
SHARE

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ബിജെപി അവസാനിപ്പിക്കുന്നു. സമരം ഈ മാസം 22ന് അവസാനിപ്പിക്കും. 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം തുടര്‍സമരം മതിയെന്നും ധാരണ. എന്നാല്‍ സംഘടനാകാര്യങ്ങളിലും ശബരിമല സമരത്തിലുമുള്ള ആര്‍എസ്എസ് അപ്രമാദിത്വത്തില്‍ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്.

ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ പിന്‍നിരയിലേക്കു തള്ളിയാണു മുന്‍നിരയിലേക്ക് പരിവാര്‍ സംഘടനയായ കര്‍മ്മസമിതിയെത്തിയത്. പിന്നീട് ശബരിമലയില്‍നിന്നു ബിജെപി സമരം സെക്രട്ടേറിയറ്റിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍എസ്എസില്‍നിന്നു തന്നെയാണ്. നിരാഹാര സമരത്തില്‍ ആദ്യം മുന്‍നിര നേതാക്കളെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസ്കതമായെന്ന നിലപാടാണു പാര്‍ട്ടിക്കുള്ളിലുണ്ടായത്. അതേസമയം തീവ്ര സമരത്തിലേക്ക് ആര്‍എസ്എസ് എത്തിയതോടെ ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തേണ്ടി വന്നു.

എന്നാല്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമായതിനാല്‍ പരിവാറിന്റെ നിലപാടിനെ എതിര്‍ക്കാനും പാര്‍ട്ടിക്കു കഴിഞ്ഞില്ല. സെക്രട്ടേറിയറ്റ് നടയിലെ സമരം 22 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച നേതൃത്വം തുടര്‍സമരം ദേശീയ അധ്യക്ഷനോട് ആലോചിച്ചശേഷം മാത്രം മതിയെന്നും നിലപാടെടുക്കുന്നു. എന്നാല്‍ നിലവിലെ വികാരം അതേപടി നിലനിര്‍ത്തുന്ന സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടാണ് ആര്‍എസ്എസിനുള്ളത്. 20ന് അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, സന്യാസിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിനുശേഷം മറ്റു ഹൈന്ദവ വിഷയങ്ങളിലേക്കു കടക്കാനും ആര്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA