സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്

SHARE

ചെന്നൈ ∙ പ്രമുഖ സംവിധായകനും കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ (65) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിലായിരുന്നു. ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്ന് വൈകിട്ട് 4.25 നുള്ള വിമാനത്തിൽ 5.30 ന് തിരുവനന്തപുരത്തെത്തിക്കും. പണ്ഡിറ്റ് കോളനിയിലുള്ള വസതിയിലേയ്ക്കു കൊണ്ടു പോകും. നാളെ രാവിലെ 10 മുതൽ കെഎസ്എഫ്ഡിസി കലാഭവൻ തിയറ്ററിൽ പൊതുദർശനം. സംസ്കാരം നാളെ ഉച്ചയ്ക്കു് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.

1953 ല്‍ നെയ്യാറ്റിൻകരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത്. എം.വേലുക്കുട്ടി–ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിൻ രാജേന്ദ്രൻ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാൻഷ്യൽ എന്റർപ്രൈസിൽ പ്രവർത്തിക്കവേ അവിടെവച്ചു പി.എ.ബക്കറെ പരിചയപ്പെട്ടതാണ് ലെനിൻ രാജേന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയത്.  ‘ഉണര്‍ത്തുപാട്ട്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981–ൽ ‘വേനൽ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുനാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

‘ദൈവത്തിന്റെ വികൃതികളും’ ‘മഴ’യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെപിഎസിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍. ആ ചുവന്നകാലത്തിന്റെ ഓര്‍മയ്ക്ക് (ഓര്‍മ്മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

1991–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്നു സിപിഎം സ്ഥാനാർഥിയായി കെ.ആർ.നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഭാര്യ: ഡോ. രമണി, മക്കൾ: ഡോ. പാർവതി, ഗൗതമൻ.

മുഖ്യമന്ത്രി അനുശോചിച്ചു

ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കയ്യൂർ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യൻ, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാൾ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. 

സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതിൽ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷിച്ച കലാകാരനായിരുന്നു അദ്ദേഹം. വേനൽ, ചില്ല്, ദൈവത്തിന്റെ വികൃതികൾ മുതലായ സിനിമകളിൽ ലെനിൻ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്.

പുതിയ ചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ– പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് അനുശോചിച്ചു

എണ്‍പതുകളില്‍ മധ്യവര്‍ഗ സിനിമയുടെ വക്താവായി  ചലച്ചിത്ര രംഗത്തെത്തിയ ലെനിൻ രാജേന്ദ്രൻ മലയാളികള്‍ക്ക്  ഓര്‍മിക്കാന്‍  ഒരു പിടി മികച്ച ചിത്രങ്ങള്‍ അവശേഷിപ്പിച്ചാണ് കടന്ന്  പോകുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ചില്ലും ദൈവത്തിന്റെ വികൃതികളുമെല്ലാം   അദ്ദേഹത്തിലെ   പ്രതിഭാ സമ്പന്നനായ  സംവിധായകനെ പുറത്ത് കൊണ്ട് വന്ന സിനിമകളാണ്.  നമ്മുടെ മികച്ച ചലച്ചിത്രകാരന്‍മാരുടെ ശ്രേണിയിലെ മികച്ച ഒരാള്‍ കൂടി അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതായി എന്നും രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സാംസ്കാരിക മന്ത്രി അനുശോചിച്ചു

ആദ്യസിനിമയായ വേനല്‍ മുതല്‍ ഇടവപ്പാതി വരെ ലെനിന്‍ രാജേന്ദ്രന്‍ ചെയ്ത 16 ചലച്ചിത്രങ്ങളും മലയാളസിനിമാ ലോകത്ത് വേറിട്ടുനില്‍ക്കുന്നതായിരുന്നെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍.

പ്രണയം, കുടുംബം, സമൂഹം, വ്യക്തി എന്നിവയിലൂടെ സഞ്ചരിക്കുന്ന സംഘര്‍ഷങ്ങളും സംവാദങ്ങളും നിറഞ്ഞതായിരുന്നു ലെനിന്‍റെ സൃഷ്ടികള്‍. പ്രമുഖ സാഹിത്യകൃതികളെയും ചരിത്രത്തെയും തന്‍റെ സിനിമകള്‍ക്കായി മനോഹരമായി ഉപയോഗിക്കുകയും ചെയ്തു. വ്യത്യസ്തമായ പാതയിലൂടെ മലയാള സിനിമയെ നയിച്ച ലെനിന്‍ രാജേന്ദ്രന്‍ തന്‍റെ രാഷ്ട്രീയനിലപാടുകളെ സിനിമയ്ക്ക് അകത്തും പുറത്തും പരസ്യമായി ഉയര്‍ത്തിപ്പിടിച്ചു.

എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും അത് തന്‍റെ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ റീട്രോസ്പെക്ടീവ് വിഭാഗത്തില്‍ ലെനിന്‍ രാജേന്ദ്രന്‍റെ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേരള ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍റെ ചെയര്‍മാനായി ലെനിന്‍ രാജേന്ദ്രനെ നിശ്ചയിച്ചതും അദ്ദേഹം സ്വീകരിക്കുന്ന വേറിട്ട വഴികള്‍ കണ്ടാണ്.

ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെ ലെനിന്‍ രാജേന്ദ്രന്‍ കെഎസ്എഫ്ഡിസിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. മലയാളസിനിമയുടെ വികസനത്തിന് നവീന ആശയങ്ങള്‍ രൂപീകരിക്കുന്നതില്‍ ലെനിന്‍ രാജേന്ദ്രന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വ്യക്തിപരമായി നല്ലൊരു സുഹൃത്തിനെക്കൂടിയാണ് നഷ്ടമായത്. ഒറ്റപ്പാലത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലം മുതല്‍ ലെനിനെ അടുത്തറിയാം. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമയ്ക്കും കേരളത്തിന്‍റെ പുരോഗമന രാഷ്ട്രീയ കലാ സാഹിത്യപ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്. - മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സിപിഐ നേതാക്കളുടെ അനുശോചനം

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ലെനിന്‍ ചലച്ചിത്ര മേഖലക്ക് പുരോഗമന ഭാവം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. ലെനിന്റെ നിര്യാണം നമ്മുടെ ചലച്ചിത്ര മേഖലക്ക് മാത്രമല്ല പുരോഗമന പ്രസ്ഥാനത്തിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും അനുശോചിച്ചു.

സാംസ്‌കാരിക രംഗത്തിന‌് കനത്ത നഷ‌്ടം: ഇപി

മലയാള ചലച്ചിത്ര ലോകത്തിനും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിനാകെയും കനത്ത നഷ്‌ടമാണ്‌ ലെനിൻ രാജേന്ദ്രന്റെ വേർപാടെന്ന‌് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാംസ്‌കാരിക‐ചലച്ചിത്ര മേഖലകൾക്ക്‌ അദ്ദേഹത്തിന്റെ സംഭാവനകൾ അമൂല്യമാണ്. ഇടതുപക്ഷ വീക്ഷണവും ഒപ്പം സാമൂഹ്യപ്രതിബദ്ധതയുമുള്ള സിനിമകളായിരുന്നു ലെനിൻ രാജേന്ദ്രന്റേത്‌. തന്റെ കലയിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ തീവ്രമായി പ്രതികരിച്ചു. വാണിജ്യ സിനിമകളുടെ തള്ളിക്കയറ്റത്തിനിടയിൽ വേറിട്ടപാത വെട്ടിത്തുറന്ന ലെനിൻ കലാമൂല്യമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായി. വിദ്യാർത്ഥി കാലം മുതൽ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും സഹയാത്രികനായിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ മൗലികമായ ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾ നടത്തി. കേരളം ഒരിക്കലും മറക്കാത്ത സംഭാവനകളുമായി സാംസ്‌കാരിക രംഗത്തു നിറഞ്ഞുനിന്ന കലാകാരന്റെ സ്‌മരണയ്‌ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും ഇ.പി.ജയരാജൻ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി അനുശോചിച്ചു

ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അനുശോചിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും സഹയാത്രികനായിരുന്ന ലെനിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിനും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിനാകെയും തീരാ നഷ്‌ടമാണ്‌. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.

കലയെ വിപ്ലവകരമായി ഉപയോഗപ്പെടുത്തിയയാൾ: കോടിയേരി

കേര‌ള സമൂഹത്തെ മുന്നോട്ടു നയിക്കാൻ സിനിമയയും കലയേയും വിപ്ലവകരമായി ഉപയോഗപ്പെടുത്തിയ ഉന്നതനായ കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രനെന്ന‌് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാള സിനിമക്ക‌് മങ്ങാത്ത ചുവപ്പു വെട്ടം പകർന്ന പ്രതിഭാധനനായ ചലച്ചിത്രകാരനായിരുന്നു ലെനിൻ. കമ്യൂണിസ‌്റ്റ‌് കുടുംബത്തിൽ ജനിച്ച ലെനിൻ ആ പാരമ്പര്യത്തെ ഉജ്വലമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രത്യയ ശാസ‌്ത്ര പ്രതിബദ്ധതയോടെ പോരാടുകയും പ്രവർത്തിക്കുകയും ചെയ‌്തു. പി.എ. ബക്കറിൽ നിന്നും ചലച്ചിത്രപാഠങ്ങൾ പഠിച്ച ലെനിൻ തന്റെ ആദ്യ സിനിമയായ വേനലിൽ തന്നെ  തനതായ മുദ്ര പതിപ്പിച്ചു. കയ്യൂരിന്റെ കഥപറഞ്ഞ ‘മീനമാസത്തിലെ സൂര്യൻ’ മലയാളസിനിമയിലെ എണ്ണപ്പെട്ട വിപ്ലവഗാഥകളിലൊന്നാണ‌്. ജനങ്ങൾക്ക‌് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രത്യയ ശാസ‌്ത്രം മുറുകിപിടിക്കുമ്പോൾ തന്നെ ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ സിനിമ നിർമിക്കാൻ കഴിഞ്ഞു എന്നതാണ‌് ലെിനിന്റെ മേന്മ. സ‌്റ്റേജ‌് ഷോകളിലൂടെ സംഗീതത്തേയും നൃത്തത്തേയും അഭിനയത്തേയും സമുന്വയിപ്പിച്ച‌് പുരോഗമന ആശയങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിൽ മികവു കാട്ടി. സിപിഎം പ്രതിനിധിയായി ലോകസഭാ തിരഞ്ഞെടുപ്പിൽ രണ്ട‌് തവണ മത്സരിച്ച ലെനിൻ വിദ്യാർഥി ജീവിതകാലം മുതൽ കമ്യൂണിസ‌്റ്റ‌് ആശയഗതിക്കാരനായിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയയിൽ ഭാവനാസമ്പന്നമായി നേതൃത്വം നൽകുന്നതിനിടെ അവിചാരിതമായി ലെനിന്റെ വേർപാട‌് സാസ‌്കാരിക ലോകത്തിനും രാഷ‌്ട്രീയ മണ്ഡലത്തിനും നികത്തനാവാത്ത നഷ്ടമാണെന്ന‌് കോടിയേരി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA