ബിജെപി, ബാക് ടു ദ് ബേസിക്‌സ്; 2019 പിടിക്കാന്‍ പഴയ മുദ്രാവാക്യം, മോദിയും രാമക്ഷേത്രവും

ram-mandir-poster-narendra-modi
SHARE

ക്രിക്കറ്റിൽ ഫോം നഷ്ടപ്പെട്ടു നിൽക്കുന്ന കളിക്കാർക്കു വിദഗ്ധർ നൽകുന്ന ഉപദേശമുണ്ട്: കൈവിട്ട മികവു തിരികെക്കിട്ടാൻ അടിസ്ഥാനപാഠങ്ങ‌ളിലേക്കു മടങ്ങുക – ബാക് ടു ദ് ബേസിക്സ്. ആത്മപരിശോധനയിൽ ബിജെപി തിരിച്ചറിയുന്നതും ഇതാണ്. കൂടുതൽ പരീക്ഷണങ്ങൾക്കു സമയമില്ല. മൂന്നു ഹിന്ദി സംസ്ഥാനങ്ങളിലെ തോൽവിക്കു പിന്നാലെ പരീക്ഷിച്ചു വിജയിച്ച നേതാവിലേക്കും വിഷയങ്ങളിലേക്കും മടങ്ങുക.

നരേന്ദ്ര മോദി തന്നെയായിരുന്നു ബിജെപി ദേശീയ കൗൺസിലിലെ മുഖ്യ താരം. അഞ്ചു വർഷം മുൻപു മുഴങ്ങിയ ‘മോദി മോദി’ മുദ്രാവാക്യം തീവ്രത കുറയാതെ വീണ്ടും കേട്ടു. നരേന്ദ്ര ഭായ് മോദിയുടെ നേ‌തൃത്വത്തിൽ പാർട്ടിയെ വീണ്ടും വിജയിപ്പിക്കുന്നതിനെക്കുറിച്ചു പാർട്ടി അധ്യക്ഷൻ അമിത് ഷാ പ്രവർത്തകരെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

narendra-modi-amit-shah
നരേന്ദ്ര മോദി, അമിത് ഷാ

പ്രധാനമന്ത്രിയായശേഷം രാമക്ഷേത്ര നിർമാണ അജൻഡയിൽനിന്നു മോ‌ദി പിന്നാക്കം പോയതിനെതിരെ ആർഎസ്എസിലും സംഘ്‌പരിവാർ സംഘടനകളിലും പ്ര‌തിഷേധം ശക്തിപ്പെട്ടു വരികയായിരുന്നു. ഇതിനിടെ മൂന്നു ബദൽ പ്രധാനമന്ത്രി സ്ഥാനാർഥികളുടെ സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മൂവരും ആർഎസ്എസിനു സ്വീകാര്യർ.

തീവ്രഹിന്ദുത്വത്തിന്റെ പ്രതിനിധിയായ യോഗിയായിരുന്നു മൂന്നു ഹിന്ദി സംസ്ഥാനങ്ങളിലും മുഖ്യ പ്രചാരകൻ. സംസ്ഥാനങ്ങൾ ബിജെപി കൈപ്പിടിയിലൊതുക്കിയിരുന്നെങ്കിൽ യോഗി, മോദിക്കൊപ്പം തലയുയർത്താൻ ‌സാധ്യതയേറുമായിരുന്നു. മറ്റു രണ്ടു പേർ ഹിന്ദുസഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും പ്രമാണങ്ങളിൽ വിശ്വസിക്കുന്നവരാണ്. സഖ്യകക്ഷികൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുള്ളവർ. വികസിത ഇന്ത്യയെന്ന സ്വപ്നം കൂ‌ടെക്കൊണ്ടു നടക്കുന്നു, ഗഡ്കരി. ‌പ്രധാനമന്ത്രി പദവിക്കു യോഗ്യനെന്ന വിശേഷണവുമുണ്ട്. എന്നാൽ, തുറന്നു പറയാൻ മടിക്കാത്തയാളാണ്. ഹിന്ദിഭൂമിയിലെ തോൽവിക്കു നേതൃത്വം ഉത്തരവാദിയാണെന്നു പറയും. സർ‌ക്കാർ ‌നടപടികളെ വിമ‌ർശി‌ക്കും.

gadkari-adityanath-rajnath-singh
നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ്, രാജ്നാഥ് സിങ്.

രാജ്നാഥാകട്ടെ, മന്ത്രിസഭയിൽ സൗമ്യനായ രണ്ടാമൻ. വിവാദങ്ങൾക്കു വഴികൊടുക്കില്ല. ‌നയതന്ത്രജ്ഞതയിൽ മു‌ൻപനും ഒത്തുതീർപ്പു സ്ഥാനാർഥിയാകാൻ സർവഥാ യോഗ്യനും. എന്നാൽ, ഈ സാധ്യതകളെല്ലാം ദേശീയ കൗൺസിലിനുശേഷം തൽക്കാലത്തേക്കെങ്കിലും പുറന്തള്ളപ്പെടുന്നു.

ഇതിനൊപ്പം, പാർട്ടി ഇപ്പോൾ സംസാരിക്കുന്നതു ഭൂരിപക്ഷ സമുദായത്തോടാണ്. ദേശീയ കൗൺസിലിൽ പ്രധാനമന്ത്രിയും പാർ‌ട്ടി അധ്യക്ഷനും എടുത്തുപറഞ്ഞ വിഷയങ്ങൾ നോക്കുക:

രാമക്ഷേത്രം: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഒരിക്കൽകൂടി മു‌ഖ്യവിഷയമാകുന്നു. ക്ഷേത്രനിർമാണം വൈകിക്കുന്നതിനു പിന്നിൽ കോൺഗ്ര‌സിന്റെ അഭിഭാഷകരാണെന്നു പാർട്ടി ആവ‌ർത്തിച്ച് ഓർമിപ്പിക്കുന്നു. രാമക്ഷേത്രം നിർമിക്കാൻ ബിജെപിക്കു കഴിയുന്നില്ലെങ്കിൽ ബിജെപിയും കോൺ‌ഗ്രസും തമ്മിലെന്തു വ്യത്യാസമെന്നു ചോദിക്കുന്ന വോട്ടർമാർക്കുള്ള മറുപടിയാണിത്.

സാമ്പത്തിക സംവരണം: തിരഞ്ഞെടുപ്പു നടന്ന മൂന്നു ഹിന്ദി സംസ്ഥാനങ്ങളിൽ അകന്നു പോയ മുന്നാക്ക സമുദായ വോട്ടർമാരിലേക്കു തിരികെയെത്താനുള്ള പാലമാണു സാമ്പത്തിക സംവരണം. വിദ്യാഭ്യാസ സംവരണം ഉറപ്പാക്കാൻ 10% അധിക സീറ്റുകളാണു സൃഷ്ടിക്കുക.

എനിമി പ്രോപ്പർട്ടി: വിഭജനത്തിനു ശേഷം ഇന്ത്യ വിട്ടുപോയവരുടെ ഭൂസ്വത്തും സമ്പത്തും ആരുടേത്? നമ്മുടേതോ ശത്രുക്കളുടേതോ?

മുത്തലാഖ്: മുത്തലാഖ് തടയാൻ ഗാർഹിക പീഡനവിരുദ്ധ നിയമം ‌പ്രയോഗിച്ചാൽ മതി. കഴിഞ്ഞ വർഷം രാജ്യത്താകെ നടന്നതു 430 മുത്തലാഖ് വിവാഹമോചനം മാത്രമെന്നാണു സർക്കാരിന്റെ കണക്ക്. എങ്കിലും രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും ഓർഡിനൻസ് പുറപ്പെടുവിക്കാനാണു സർക്കാർ തീരുമാനിച്ചത്.

പൗരത്വ നിയമഭേദഗതി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽനിന്നെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ബുദ്ധ, ജൈന, ക്രിസ്ത്യൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനാണു ഭേദഗതി. എന്നാൽ, 10 ലക്ഷം മുസ്‌ലിംകൾക്ക് ഈ സംരക്ഷണം കിട്ടില്ല.

അങ്ങനെ, മൂന്നു സംസ്ഥാനങ്ങളിലെ തോൽവിക്കു പിന്നാലെ ബിജെപി അടിസ്ഥാനപാഠങ്ങളിലേയ്ക്കു മടങ്ങുന്നു. നേതാവു മാറുന്നില്ല. പരീക്ഷിച്ചു വിജയിച്ച വിഷയങ്ങളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA