പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ദർശനപുണ്യത്തിൽ അയ്യപ്പഭക്തർ

sabarimala-makarajyothi
SHARE

ശബരിമല∙ മഞ്ഞണിഞ്ഞ മാമലയിൽ ശരണ കീർത്തനങ്ങളുടെ ആരതികളായിരുന്നു. പൊന്നമണിഞ്ഞ കോവിലും പൂങ്കാവനത്തിലുമാകെ തൊഴുകൈകളായിരുന്നു. മകരസംക്രമസന്ധ്യയുടെ പുണ്യമായി തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ ഭക്തി പകർന്ന കുളിരായിരുന്നു. ദീപാരാധനയ്ക്കു ശേഷം 6.34ന് പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ‘സ്വാമിയേ ശരണമയ്യപ്പാ ’ എന്ന മന്ത്രം ശബരീശനുള്ള ആരതിയായി മാറി.

പൂങ്കാവനത്തെ ഭക്തിയുടെ അലയാഴിയാക്കി മാറ്റി തിരുവാഭരണ ഘോഷയാത്ര കാനനപാതകൾ താണ്ടി വൈകിട്ട് 6.20ന് പതിനെട്ടാംപടി കയറി സോപാനത്തിൽ എത്തിയപ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയാണ് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയത്.

രാത്രി 7.45 ആയപ്പോഴേക്കും തിരുവാഭരണങ്ങൾ ആഴിച്ചുമാറ്റി മകരസംക്രമപൂജയുടെ ഒരുക്കങ്ങൾ തുടങ്ങി. മുഹൂർത്തമായ 7.52ന് തന്ത്രിയുടെ കാർമികത്വത്തിൽ സംക്രമാഭിഷേകം നടന്നു. കവടിയാർ കൊട്ടാരത്തിൽ നിന്നു കൊണ്ടുവന്ന മുദ്രയിലെ നെയ്യാണ് അഭിഷേകം ചെയ്തത്. പിന്നെ വീണ്ടും തിരുവാഭരണം ചാർത്തിയാണ് മകരസംക്രമ പൂജ നടന്നത്. ഇതുകണ്ടു തൊഴാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ വിഐപികളുടെ വൻനിരതന്നെ ഉണ്ടായിരുന്നു. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് തുടങ്ങി. നെയ്യഭിഷേകം 18 വരെ മാത്രം. അയ്യപ്പന്മാർക്കുള്ള ദർശനം പൂർത്തിയാക്കി 19ന് രാത്രി 10 മാളികപ്പുറത്ത് ഗുരുതിതർപ്പണം നടക്കും. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

ശബരിമല മകരജ്യോതി: ഭക്തിനിർഭര നിമിഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ...

LIVE UPDATES
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA