ഇടിവു പ്രവണതയിൽ ഇന്ത്യൻ വിപണി; രാജ്യാന്തര വിപണിയിലും നെഗറ്റീവ് വാർത്തകൾ

stock-market
SHARE

കൊച്ചി∙ ഇന്ത്യൻ വിപണിയിൽ ഇന്നു തുടക്കം മുതൽ തന്നെ ഒരു ഇടിവ് പ്രവണതയാണു ദൃശ്യമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 10794.95ൽ ക്ലോസ് ചെയ്ത നിഫ്റ്റി നേരിയ ഉയർച്ചയിൽ 10807 പോയിന്റിൽ വ്യാപാരം ആരംഭിച്ചെങ്കിലും തുടർന്നു തുടർച്ചയായ ഇടിവാണു നേരിടുന്നത്. ഒരുവേള 10709.10 വരെ ഇടിവു രേഖപ്പെടുത്തി. സെൻസെക്സ് 36009.84ൽ കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചെങ്കിലും നേരിയ ഉയർച്ചയിൽ 36113.27ലാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. തുടർന്ന് 35735.24 വരെ ഇടിവു പ്രകടമാക്കി. നിഫ്റ്റിക്ക് ഇനി 10700ന് അടുത്ത് ഒരു സപ്പോർട് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

രാജ്യാന്തര വിപണിയിൽനിന്നുള്ള നെഗറ്റീവ് വാർത്തകളാണ് ഇന്ത്യൻ വിപണിക്കു തിരിച്ചടിയായിരിക്കുന്നത്. ചൈനയുടെ ഡിസംബർ മാസത്തിലെ ട്രേ‍ഡ് ഡേറ്റ, വിപണി പ്രതീക്ഷിച്ചതിനെക്കാൾ മോശമാണ്. ചൈനയിലെ കയറ്റുമതിയിൽ 0.2 ശതമാനത്തിന്റെ വർധനവു മാത്രമേ കാണിക്കുന്നുള്ളൂ. എന്നാൽ വിപണി പ്രതീക്ഷിച്ചിരുന്നത് 6% വർധനവാണ്. സമീപ കാലയളവിലെ ചൈന – യുഎസ് വ്യാപാര യുദ്ധം ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നുള്ളതിന്റെ സൂചനകളാണു കഴിഞ്ഞ രണ്ടു മാസങ്ങളായി അവിടെനിന്നു വരുന്ന കണക്കുകൾ നൽകുന്നത്. ഇത് ഒരു പക്ഷേ 2019ൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പൊതുവേ ഒരു മാന്ദ്യം ഉണ്ടാക്കും എന്ന ആശങ്കയിലാണു നിക്ഷേപകർ.

ഏഷ്യൻ വിപണികളിൽ എല്ലാ സൂചികകളിലും ഇടിവ് പ്രവണതയാണുള്ളത്. ഹോങ്കോങ്ങിലെ വിപണി സൂചിക ഒന്നര ശതമാനത്തിന്റെ ഇടിവു സൂചിപ്പിക്കുന്നു. ജപ്പാനിൽ വിപണി ഇന്ന് അവധിയാണ്. യുഎസിലെ ഡൗജോൺസ് ഫ്യൂച്ചേഴ്സിൽ 175 പോയിന്റിന്റെ ഇടിവു കാണിക്കുന്നുണ്ട്. വിപണിയെ ബാധിക്കുന്ന യുഎസ് വാർത്തകൾ ഏറെയും നെഗറ്റീവാണ്. തുടർച്ചയായി നാലാമത്തെ ആഴ്ചയാണ് അമേരിക്കൻ ഗവൺമെന്റിന്റെ പ്രധാനപ്പെട്ട പല ഡിപ്പാർട്മെന്റുകളും അടഞ്ഞു കിടക്കുന്നു. ഇപ്പോൾ യുഎസ് കോൺഗ്രസിൽ ഇതിനെ സംബന്ധിച്ച ഒരു സമവായം ഉണ്ടാകാത്ത പക്ഷം പ്രതിസന്ധി നീണ്ടുപോകാനാണു സാധ്യത. പൊതുവേ രാജ്യാന്തര തലത്തിൽനിന്നുള്ള വാർത്തകൾ വിപണിക്ക് ഒട്ടും ഗുണകരമായതല്ല.

ഇന്ന് ഇന്ത്യൻ വിപണിയിൽ ഐടി സെക്ടറിൽ നേരിയ നേട്ടം പ്രകടമാക്കുന്നുണ്ട്. ഇൻഫോസിസിന്റെ മികച്ച പ്രകടനത്തിന്റെ കണക്കുകളാണ് ഇതിനു കാരണം. ഫാർമയിലും നിശ്ചിത ഓഹരികളിൽ പോസിറ്റീവ് പ്രവണതയുണ്ട്. ഇതൊഴികെ ബാക്കി എല്ലാ സെക്ടറുകളിലും വിൽപന സമ്മർദമാണുള്ളത്. വിപണിയിൽ ഏറ്റവും അധികം വിൽപന പ്രവണത പ്രകടമാക്കുന്നത് ഇൻഫ്രാസ്ട്രക്ചർ സ്റ്റോക്കുകളിലാണ്. ഫൈനാൻഷ്യൽ സ്റ്റോക്കുകളിൽ പ്രത്യേകിച്ചു സ്വകാര്യ ബാങ്ക് സ്റ്റോക്കുകൾക്കെല്ലാം വിൽപന സമ്മർദമുണ്ട്. ഓട്ടോ സ്റ്റോക്കുകളിലും ഇടിവു പ്രവണതയാണു ദൃശ്യമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്തതിനുശേഷമാണ് ഇൻഫോസിസ് മൂന്നാംപാദ ത്രൈമാസ കണക്കുകൾ പുറത്തു വിട്ടത്. പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ നേട്ടാണ് ഈ കണക്കുകൾ നൽകിയത്. എന്നിരുന്നാലും ഉയർന്ന നിലയിൽ സ്റ്റോക്കുകളുടെ ഒരു തിരിച്ചു വാങ്ങൽ കമ്പനി പ്രഖ്യാപിച്ചതും ഈ സാമ്പത്തിക വർഷം കുറച്ചു കൂടി മെച്ചപ്പെട്ട വളർച്ച നേടും എന്നു പറഞ്ഞതും ഗുണകരമായി.

ക്രൂഡ് ഓയിൽ വിലയിൽ ഇന്നു നേരിയ ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവാണുള്ളത്. 70.81ലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA