sections
MORE

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ ശരണംവിളി

Narendra-Modi-Pinarayi-Governor
SHARE

കൊല്ലം∙ ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പദ്ധതി നിർമാണത്തിനു സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം ഉണ്ടായതായി ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികൾ വൈകിപ്പിച്ചു പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. കേരള പുനർനിർമാണത്തിനു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം.

റോഡിനോടൊപ്പം റെയിൽ, ജലഗതാഗതം തുടങ്ങിയവയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ നാലു വർ‌ഷമായി വൻ വികസനമാണ് ഈ മേഖലയില്‍ സാധ്യമായിട്ടുള്ളത്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള വികസനമാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്നാണു പ്രയോഗം. കൊല്ലത്തെയും കേരളത്തിലെയും ജനങ്ങളോടു ഈ സ്നേഹത്തിനു നന്ദി അറിയിക്കുന്നതായും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനം തെറ്റാണെന്നു തെളിയിച്ചതായി അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ബൈപാസും ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതിയും ഇതിനു തെളിവാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റ സമയത്തായിരുന്നു കേരള സർക്കാരിനെതിരെ പ്രധാനമന്ത്രി വിമർ‌ശനം ഉന്നയിച്ചത്.

വൈകിട്ടു 4ന് തിരുവനന്തപുരത്തു വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്. തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനം എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമാണു ബൈപാസ്. 1972ൽ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആൽത്തറമൂട് ഭാഗവും പുനർനിർമിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 5.30ന് കൊല്ലം കന്റോൺമെൻറ് ഗ്രൗണ്ടിൽ എൻഡിഎ മഹാസംഗമത്തിൽ പ്രസംഗിച്ച ശേഷം ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്നു പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു മടങ്ങി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാത്രി 7.15നു സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച്ക്ഷേത്രദർശനം നടത്തി. രാത്രി എട്ട് മണിയോടെ തിരികെ പോയി.

പ്രസംഗത്തിനിടെ ബഹളം; ശകാരിച്ച് മുഖ്യമന്ത്രി

ബൈപാസ് ഉദ്ഘാടനച്ചടങ്ങിലെ തന്റെ അധ്യക്ഷപ്രസംഗത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ കൂക്കുവിളികളും ബഹളവും ഉയർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി സദസ്സിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. ‘വെറുതെ ശബ്ദമുണ്ടാക്കാനാണു കുറെയാളുകൾ വന്നിരിക്കുന്നത്. യോഗത്തിൽ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്തും കാണിക്കാവുന്ന ഒരു വേദിയാണ് ഈ യോഗമെന്നു നിങ്ങൾ കരുതരുത്’– എന്നു പറഞ്ഞാണ് പിണറായി സദസ്സിനെ ശകാരിച്ചത്.

സദസ്സിന്റെ പിൻനിരയിൽ നിന്നാണു അപശബ്ദങ്ങളും ബഹളവുമുണ്ടായത്. ചിലർ ശരണം വിളിക്കുകയും ചെയ്തു. പിണറായിയുടെ പ്രസംഗം തീരും വരെ പല തവണ കൂക്കുവിളികളുണ്ടായി. ഇതിനിടെ പ്രധാനമന്ത്രിക്കു താൻ നൽകിയ വാക്കു പാലിച്ചെന്നു പറഞ്ഞപ്പോൾ കയ്യടികളുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണറായി പരാമർശിക്കുമ്പോഴും കയ്യടികളുയർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA