സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഇനിയും നീട്ടാനാകില്ല; ‘തീരുമാനമാക്കാൻ’ ബിജെപി നേതൃയോഗം

bjp-march
SHARE

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗം വ്യാഴാഴ്ച ചേരും. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി സമരം നടത്തുന്നത്. 19ാം തീയതി ശബരിമല നട അടയ്ക്കുന്നതോടെ 44 ദിവസം പിന്നിട്ട സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നതിനാല്‍, സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി വരുന്നതുവരെ, ശബരിമല കര്‍മസമിതി നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ക്കു പിന്തുണ നല്‍കി മുന്നോട്ടുപോകാമെന്ന നിലപാടാണു മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. ഹൈന്ദവ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തുന്ന സമരപരിപാടികള്‍ ഓരോ ജില്ലയിലും ആവിഷ്ക്കരിക്കാനും ആലോചനയുണ്ട്. ശബരിമല വിഷയത്തില്‍ അനിശ്ചിത കാലത്തേക്കു സമരം നടത്തുന്നതിനു സംഘടനാ തലത്തില്‍ പോരായ്മകളുണ്ടെന്നു ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരത്തിനു മുന്‍നിര നേതാക്കളെ കിട്ടുന്നില്ലെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനവും പരിഗണിക്കേണ്ടിവരും. സമര രീതികളെ സംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വവുമായുള്ള ആഭിപ്രായ ഭിന്നതകളും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളും തിരിച്ചടിയാണ്. യോഗത്തില്‍ ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

കോടതിയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരാനാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം. ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. 18, 19 തീയതികളില്‍ കര്‍മസമിതി നേതാക്കള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് ശബരിമല വിഷയത്തില്‍ സഹായം അഭ്യര്‍ഥിക്കുമെന്ന് കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ബിജെപി  അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയ നേതാക്കളെ കാണാനാണു തീരുമാനം. തീവ്രവാദബന്ധവും നിരവധി ക്രിമിനല്‍ പശ്ചാത്തലവും ഉള്ള യുവതികളെ ശബരിമലയില്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെയും പൊലീസിന്റേയും നടപടി ദുരൂഹമാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരാന്‍ എൻഐഎ അന്വേഷണം ആവശ്യമാണെന്നും കാട്ടി കര്‍മസമിതി പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.

കര്‍മസമിതി ജനുവരി 20 ന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയാകുമെന്നു നേതാക്കള്‍ വ്യക്തമാക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മഠങ്ങളിലെ സന്യാസികളും പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി 2 ലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്രയുടെ തയാറെടുപ്പുകള്‍ ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണു പങ്കെടുക്കുന്നത്. ഡല്‍ഹി ഉള്‍പ്പെടെ വിവിധകേന്ദ്രങ്ങളിലും അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കും. ദേശീയവ്യാപകമായി സെമിനാറുകളും ചര്‍ച്ചകളും നടത്താനും തീരുമാനമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA