ബ്രെക്സിറ്റില്‍ മുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍: സംഭവിച്ചതെന്ത്? ഇനിയെന്ത്?

Theresa-May
SHARE

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിന്മാറുന്നതിന്റെ (ബ്രെക്സിറ്റ്) ഉപാധികൾ സംബന്ധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ തയാറാക്കിയ കരാർ (ബ്രെക്സിറ്റ് കരാർ) ബ്രിട്ടിഷ് പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. മേയുടെ കരാറിനെ 202 പേർ പിന്തുണച്ചപ്പോൾ 432 പേരാണ് എതിർത്തത്. 230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കരാർ പരാജയപ്പെട്ടത്.

മേയുടെ കരാറിനെ പിന്തുണച്ചതിന്റെ ഇരട്ടിയിലേറെ പേർ എതിർത്തു. മേയുടെ സ്വന്തം പാർട്ടിയിലെ (കൺസർവേറ്റീവ് പാർട്ടി) 118 എംപിമാരും കരാറിനെ എതിർത്തു വോട്ട് ചെയ്തു. (കൺസർവേറ്റീവ് പാർട്ടിയിലെ 196 പേരാണ് കരാറിനെ അനുകൂലിച്ചത്. ഒപ്പം, പ്രതിപക്ഷത്തെ ലേബർ പാർട്ടിയിലെ മൂന്നു പേരും മൂന്നു സ്വതന്ത്രരും മേയ്ക്കൊപ്പം നിന്നു). കരാർ എട്ടുനിലയിൽ പൊട്ടിയതോടെ ഇനി ബ്രെക്സിറ്റിന്റെയും ബ്രിട്ടനിലെ സർക്കാരിന്റെയും ഭാവി എന്തായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് ലോകം.

ഇപ്പോൾ സംഭവിച്ചത് എന്ത്?

ബ്രിട്ടനിൽ 2016 ജൂൺ 23നു നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയൻ വിടാനുള്ള (ബ്രെക്സിറ്റ്) ജനവിധി ഉണ്ടായത്. തുടർന്ന്, യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ആർട്ടിക്കിൾ 50 നടപടിക്രമങ്ങൾക്ക് 2017 മാർച്ച് 29ന് തുടക്കം കുറിച്ചു. ഇതുപ്രകാരം 2019 മാർച്ച് 29ന് ബ്രിട്ടൻ, യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. ഇങ്ങനെ സംഭവിക്കുമ്പോൾ വ്യാപാരവും യാത്രയും നയതന്ത്രബന്ധവും ഉൾപ്പെടെ സർവമേഖലയിലും ബ്രിട്ടനും യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നതു സംബന്ധിച്ച ഉപാധികളും ധാരണകളും ഉൾപ്പെട്ട ബ്രെക്സിറ്റ് കരാർ ആണ് ഇപ്പോൾ പാർലമെന്റ് തള്ളിയത്.

കരാർ പരാജയപ്പെട്ടതിനു പിന്നാലെ, പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ പ്രതിപക്ഷനേതാവ് ജെറമി കോർബിൻ അവിശ്വാസപ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഇത് ഇന്ന് പാർലമെന്റ് ചർച്ചയ്ക്കെടുക്കും.

ഇനി എന്തു സംഭവിക്കും?

ബ്രെക്സിറ്റിനും ബ്രിട്ടനിലെ സർക്കാരിനും ഇനി എന്തു സംഭവിക്കും എന്ന ചോദ്യത്തിന് അഞ്ച് സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്.

1) പുനരാലോചനകളും ചർച്ചകളും: അവിശ്വാസപ്രമേയത്തിൽ തെരേസ മേ വിജയിച്ചാൽ കരാർ സംബന്ധിച്ച് വീണ്ടും ചർച്ചകൾ നടത്താനും ബദൽ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാനും ഭരണഘടനാപരമായി മൂന്നു ദിവസത്തെ സമയം ലഭിക്കും. ബദൽ നിർദേശങ്ങൾ അടുത്ത തിങ്കളാഴ്ച ചർച്ചയ്ക്കു വയ്ക്കാമെന്നാണ് തെരേസ മേയുടെ വാഗ്ദാനം. ബ്രെക്സിറ്റ് കരാറിന്റെ വോട്ടെടുപ്പിൽ സ്വന്തം പാർട്ടിയിലെ നൂറിലേറെ എംപിമാർ കൈവിട്ടെങ്കിലും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുമ്പോൾ സ്വന്തം പാർട്ടിക്കാർ ഒപ്പം നിൽക്കുമെന്ന് തെരേസ മേ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ സർക്കാർ നിലംപതിക്കില്ല. പുതുക്കിയ കരാറിനുള്ള ചർച്ചകൾ തുടങ്ങും.

2) ബദൽ സർക്കാർ: അവിശ്വാസപ്രമേയം പരാജയപ്പെട്ടാൽ തെരേസ മേ നേതൃസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും മറ്റൊരു നേതാവിനു കീഴിൽ പുതിയ സർക്കാർ അധികാരത്തിൽ വരികയും ചെയ്യാം. ഈ സർക്കാരിന് പുനരാലോചനകളും ചർച്ചകളും തുടങ്ങാം; അല്ലെങ്കിൽ രണ്ടാം ഹിതപരിശോധനയിലേക്കു പോകാം.

3) പൊതുതിരഞ്ഞെടുപ്പ്: അവിശ്വാസപ്രമേയം പരാജയപ്പെട്ടാൽ ബദൽ സർക്കാർ ഉണ്ടാകുന്നില്ലെങ്കിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു പോകാം. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾക്ക് ചുരുങ്ങിയത് അഞ്ചാഴ്ച വേണം.

4) രണ്ടാം ഹിതപരിശോധന: 2016ലെ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബ്രെക്സിറ്റ് വിജയിച്ചത്. ഒരു ആവേശത്തിനു വിജയിപ്പിച്ചെങ്കിലും ബ്രെക്സിറ്റ് വേണ്ടിയിരുന്നില്ല എന്ന് ജനങ്ങൾക്കും അധികാരികൾക്കും പിന്നീട് പലവട്ടം തോന്നിയിട്ടുണ്ട്. ഇനിയൊരു ഹിതപരിശോധന നടത്തിയാൽ ജനം ബ്രെക്സിറ്റിന് എതിരായി വിധിയെഴുതും എന്നാണ് നിഗമനം. മേയ്ക്കു പകരം പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബദൽ സർക്കാരോ പൊതുതിരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാരോ അധികാരത്തിൽ വന്നാൽ വീണ്ടും ഹിതപരിശോധന നടത്തിയേക്കാം. അതിന്റെ ഫലം അടിസ്ഥാനമാക്കി, ബ്രെക്സിറ്റ് എന്ന ഊരാക്കുടുക്കിൽനിന്നു ബ്രിട്ടനു രക്ഷപ്പെടുകയും ചെയ്യാം.

5) കരാറൊന്നുമില്ലാതെ ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ വിടാന്‍ ഏറെ ചർച്ചകൾക്കു ശേഷം തയാറാക്കിയ കരാർ പാർലമെന്റ് തള്ളി. എന്നാൽ, ഇനി കരാറൊന്നുമില്ലാതെ 2019 മാർച്ച് 29ന് യൂറോപ്യൻ യൂണിയൻ വിടുക. ഇത് ഏറ്റവും അവസാനത്തെ സാധ്യതയാണ്. അങ്ങനെ സംഭവിച്ചാൽ അത് ഏറ്റവും വലിയ ആശയക്കുഴപ്പമായിരിക്കും സൃഷ്ടിക്കുക. യാത്രകളും വ്യാപാരവും നയതന്ത്രബന്ധവും ഉൾപ്പെടെ സകല കാര്യങ്ങളിലും ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഇടപാടുകൾ എങ്ങനെ എന്നതു സംബന്ധിച്ച് അവ്യക്തതകളുണ്ടാകും.

ബ്രിട്ടൻ പുറത്തായോ?

ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ ബ്രെക്സിറ്റും ഇല്ലാതായോ? അതല്ല, ബ്രെക്സിറ്റ് ഉറപ്പുതന്നെയാണോ? ഈ സംശയം സ്വാഭാവികമാണ്. ഒരു രാജ്യം യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ വകുപ്പാണ് ആർട്ടിക്കിൾ 50. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങി രണ്ടു വർഷം പൂർത്തിയാകുമ്പോൾ ആ രാജ്യം യൂറോപ്യൻ യൂണിയനു പുറത്താകും. ബ്രിട്ടന്റെ കാര്യത്തിൽ 2017 മാർച്ച് 29നാണ് ആർട്ടിക്കിൾ 50 നടപടികൾ തുടങ്ങിയത്. അതിനാൽ 2019 മാർച്ച് 29ന് രാത്രി ബ്രിട്ടിഷ് സമയം 11 മണിക്ക് ബ്രിട്ടൻ, യൂറോപ്യൻ യൂണിയന്റെ പുറത്താകും. അത് നിയമമാണ്.

പുതിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഈ സമയപരിധി ദീർഘിപ്പിക്കണമെന്ന് ബ്രിട്ടന് ആവശ്യപ്പെടാം. യൂറോപ്യൻ യൂണിയൻ അനുവദിച്ചാൽ കൂടുതൽ സമയം ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്രിട്ടൻ ചോദിച്ചാൽ സമയം ദീർഘിപ്പിച്ചു നൽകുമെന്നാണു സൂചന.

ഇനി ബ്രെക്സിറ്റ് തന്നെ വേണ്ട, യൂറോപ്യൻ യൂണിയനിൽ തുടരാം എന്നാണ് ബ്രിട്ടന്റെ തീരുമാനമെങ്കിൽ അതിനുള്ള സാധ്യത ഇനിയും അവസാനിച്ചിട്ടില്ല എന്ന സൂചനകൾ യൂറോപ്യൻ യൂണിയൻ നേതൃത്വം നേരത്തേ നൽകിയിട്ടുണ്ട്. ‘പോകുന്നവർ പോകട്ടെ, അവരെ ഇനി തിരിച്ചുവിളിക്കേണ്ട’ എന്ന നിലപാടുള്ള രാജ്യങ്ങളുമുണ്ട്. എങ്കിലും, ബ്രെക്സിറ്റ് വേണ്ട എന്ന് ബ്രിട്ടൻ തീരുമാനിച്ചാൽ അത് എല്ലാവരും അംഗീകരിക്കാനാണ് സാധ്യത. ഏതായാലും, നിലവിലെ സ്ഥിതിയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന് ഇനി 72 ദിവസം കൂടിയേ ബാക്കിയുള്ളൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA