യാത്രക്കാർക്കൊപ്പം കോടതി, പണിമുടക്ക് തടഞ്ഞു; കെഎസ്ആർടിസി എംഡിക്കും വിമർശനം

Kerala-High-Court-4
SHARE

കൊച്ചി∙ ഇന്നു അർധരാത്രി മുതൽ കെഎസ്ആർടിസി ജീവനക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാൻ ട്രേഡ് യൂണിയനുകളോട് നിർദേശിച്ചുകൊണ്ടാണ് കോടതി പണിമുടക്ക് തടഞ്ഞിരിക്കുന്നത്. വരുന്ന ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിർദേശമുണ്ട്. സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതായി സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. 

അതേ സമയം കെഎസ്ആർടിസി എംഡിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയ കോടതി തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് കേൾക്കാനുള്ള ബാധ്യത എംഡിക്കുണ്ടെന്ന് വ്യക്തമാക്കി. ഒത്തുതീർപ്പിന് വേദി നൽകേണ്ടത് മാനേജ്മെന്റാണ്. പ്രശ്നപരിഹാരത്തിന് തൊഴിലാളികൾക്ക് മാനേജ്മെന്റിനെ സമീപിക്കാനേ കഴിയൂ. പ്രശ്നം പരിഹരിക്കുന്നതിൽ എംഡിയുടെ നിലപാട് ശരിയല്ല. പണിമുടക്കിന് ജനുവരി ഒന്നിന് നോട്ടീസ് നൽകിയിട്ട് ഇന്നാണോ ചർച്ച നടത്തിയതെന്നും കോടതി ചോദിച്ചു.  എന്നാൽ ഒത്തുതീർപ്പു ചർച്ചകൾ നാളെയും തുടരുമെന്ന നിലപാടാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ സ്വീകരിച്ചത്. 

രാവിലെ ഹർജി പരിഗണിച്ച കോടതി, നാട്ടുകാരെ കാണിക്കാൻ സമരങ്ങൾ നടത്തേണ്ടതുണ്ടോ എന്നു ചോദിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുകയാണു പ്രധാനമെങ്കിൽ നിയമപരമായ പരിഹാര സാധ്യത തേടാത്തത് എന്താണെന്നും ആരാഞ്ഞിരുന്നു. യാത്രക്കാരുടെ അവകാശങ്ങൾ പരിഗണിക്കേണ്ടതുണ്ട്. പണിമുടക്കിനു നേരത്തെ നോട്ടിസ് നൽകി എന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഒത്തുതീർപ്പു ചർച്ചയുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്.

തൊഴിൽ വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത് എന്ന് യൂണിയൻ നേതാക്കൾ കോടതിയിൽ ബോധിപ്പിച്ചു. ഇതിനുള്ള നടപടികൾ കെഎസ്ആർടിസി എംഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തൊഴിൽ വകുപ്പ് സെക്രട്ടറിയുമായുള്ള ചില വിഷയങ്ങൾ നിലനിൽക്കുന്നതിനാലാണ് എംഡി ഇതിന് മുതിരാത്തതെന്നും യൂണിയനുകൾ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

പാലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനാണ് കെഎസ്ആർടിസി സമരത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യങ്ങൾ കെഎസ്ആർടിസി അധികാര പരിധിക്ക് പുറത്താണെന്നും പണിമുടക്ക് നിയമവിരുദ്ധവും നിരോധിക്കേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA