യുവതികളെ തടഞ്ഞത് തമിഴ്, ആന്ധ്ര തീര്‍ഥാടകര്‍: മലയാളികള്‍ പേരിനു മാത്രം; കുഴങ്ങി പൊലീസ്

sabarimala-women-protest1
SHARE

ശബരിമല∙ മകരവിളക്കിനു തൊട്ടുപിന്നാലെ ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ തടഞ്ഞത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള വിശ്വാസികള്‍. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ദര്‍ശനത്തിനെത്തിയത്.

ആന്ധ്രയില്‍നിന്നുള്ള അഞ്ചു പേരാണ് യുവതികളെ തിരിച്ചറിഞ്ഞ് ആദ്യം തടഞ്ഞത്. പൊലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ടു പോയി. എന്നാല്‍ നീലിമലയില്‍ മൂന്നാമത്തെ ഷെഡിനു സമീപത്തു വച്ച് കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Sabarimala-1601-4
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തീര്‍ഥാടകര്‍ തടയുന്നു. ചിത്രം: നിഖില്‍രാജ്

ഇവര്‍ കര്‍പ്പുരാഴി കത്തിച്ച് ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തടഞ്ഞു. പേരിനു മാത്രം മലയാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. തീര്‍ഥാടകരെ മുന്‍നിര്‍ത്തി യുവതികളെ തടയുകയെന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നാണു പൊലീസിന്റെ നിഗമനം. 

Sabarimala-1601-3
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തീര്‍ഥാടകര്‍ തടയുന്നു. ചിത്രം: നിഖില്‍രാജ്

കോയമ്പത്തൂരിലെ കോവൈ ധര്‍മരാജഅരശപീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂര്‍ത്തി സ്വാമിയുടെ നേതൃത്വത്തില്‍ ദര്‍ശനത്തിനെത്തിയ 80 അംഗ സംഘം കൂടി തീര്‍ഥാടകര്‍ക്കൊപ്പം ചേര്‍ന്നതോടെ പൊലീസ് യുവതികളുമായി മുന്നോട്ടു പോകാനാകാതെ കുഴഞ്ഞു. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതു പോലെ അന്യസംസ്ഥാന തീര്‍ഥാടകരെ ബലം പ്രയോഗിച്ചു നീക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയായിരുന്നു പൊലീസിനുണ്ടായിരുന്നത്.

Sabarimala-1601-2
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തീര്‍ഥാടകര്‍ തടയുന്നു. ചിത്രം: നിഖില്‍രാജ്

പൊലീസ് നടപടിയില്‍ അന്യസംസ്ഥാന തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പ്രതിഷേധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ള മലയാളികളുടെ സുരക്ഷയെ വരെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തില്‍ യുവതികളെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇവരെ പമ്പയില്‍ എത്തിച്ച് രണ്ടു വാഹനങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA