മുംബൈ വിമാനത്താവളത്തിൽ 22 ദിവസം റൺവേ അടച്ചിടും; ദിനംപ്രതി മുടങ്ങുക 240 സർവീസ്

mumbai-airport-16-4-2017-1
SHARE

മുംബൈ ∙ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റൺവേകളും അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി ഏഴു മുതൽ മാർച്ച് 30 വരെ ഭാഗികമായി അടച്ചിടും.

ഈ കാലയളവിൽ ഉൾപ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ റൺവേകൾ ആറു മണിക്കൂർ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളിൽ പ്രതിദിനം 240 വിമാന സർവീസുകൾ വരെ മുടങ്ങുമെന്നാണ് കണക്കുകൾ. പല വിമാന കമ്പനികളും ഈ കാലയളവിൽ സമീപ റൂട്ടിലേക്ക് സർവീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തിൽ മുൻകൂട്ടി സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തിൽ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നൽകുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു.

ഫെബ്രുവരി എഴു മുതൽ മാർച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാകും റൺവേകൾ അടച്ചിടുക. ഹോളി ഉൽസവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാർച്ച് 21 ന് (വ്യാഴാഴ്ച) റൺവേകൾ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ. പ്രതിദിനം ശരാശരി 950 സർവീസുകളാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രണ്ടു റൺവേകൾ ഉണ്ടെങ്കിലും അവ തമ്മിൽ കുറുകെ കിടക്കുന്നതിനാൽ ഒരേ സമയം ഒരു റൺവേ മാത്രമാണ് ഉപയോഗിക്കുന്നത്.

22 ദിവസത്തെ അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തിൽ ചെറുവിമാനങ്ങൾക്കു പകരം അധികം യാത്രക്കാരെ വഹിക്കാനാകുന്ന വലിയ വിമാനങ്ങൾ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഉചിതമാകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

മുംബൈ–ഡൽഹി സെക്ടറിൽ സർവീസ് നടത്തുന്ന 33 ഫ്ലൈറ്റുകളെയും മുംബൈ–ഗോവ(18 ഫ്ലൈറ്റ്), മുംബൈ–ബാംഗ്ലൂർ(16 ഫ്ലൈറ്റ്) സർവീസുകളെയുമാകും ഈ ക്രമീകരണം ഏറെ ബാധിക്കുക.

മുംബൈയിലേക്കും തിരിച്ചും ഈ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകൾക്ക് ഈ കാലയളവിൽ 70 മുതൽ 80 ശതമാനം വരെ വർധനയ്ക്കു സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. മറ്റു സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് 25 മുതൽ 35 ശതമാനം വരെ വില വർധിക്കാനും സാധ്യതയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA