sections
MORE

കോണ്‍ഗ്രസിന്റെ കിടിലന്‍ കളിയില്‍ ഓപ്പറേഷന്‍ താമര പൊളിഞ്ഞു; യെഡിയൂരപ്പ മടങ്ങി

bs-yeddyurappa-hd-kumaraswamy
SHARE

ബെംഗളൂരു ∙ എംഎൽഎമാരെ വശത്താക്കി കർണാടകയിലെ കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഹരിയാന റിസോർട്ടിൽ നിന്നു ബിജെപി കർണാടക അധ്യക്ഷൻ യെഡിയൂരപ്പ ബെംഗളൂരുവിലേക്കു മടങ്ങി. അവിടെ പാർപ്പിച്ചിട്ടുള്ള മറ്റു ബിജെപി എംഎൽഎമാരും ഇന്നും നാളെയുമായി തിരിച്ചെത്തും.

മുംബൈയിലെ റിനൈസൻസ് ഹോട്ടലിൽ തങ്ങുന്ന 5 കോൺഗ്രസ് വിമതർക്കു നേതൃത്വം നൽകുന്ന രമേഷ് ജാർക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടു വിളിച്ചു മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്നാണു വിവരം.

ജാർക്കിഹോളിക്കൊപ്പമുള്ള ശ്രീമന്ത് പാട്ടിൽ, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ് തുടങ്ങിയവർ ഇന്നു പുലർച്ചെ ബെംഗളൂരുവിൽ മടങ്ങിയെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. മറ്റൊരു വിമതൻ ഭീമ നായക് ഇന്നലെയെത്തി. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സ്വതന്ത്ര എംഎൽഎ നാഗേഷിനു ബോർഡ് ചെയർമാൻ സ്ഥാനം നൽകും.

വിമതരെ അനുനയിപ്പിക്കാൻ 5 കോൺഗ്രസ് മന്ത്രിമാർ സ്ഥാനത്യാഗത്തിനും തയാറായതായി ഡി.കെ സുരേഷ് എംപി പറഞ്ഞു. മുതിർന്ന നേതാക്കളായ ഡി.കെ ശിവകുമാർ, കെ.ജെ ജോർജ്, പ്രിയങ്ക് ഖർഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ എന്നിവരാണു രാജിക്ക് ഒരുങ്ങിയതെങ്കിലും ഇവരെ ഒഴിവാക്കാൻ ഇടയില്ല. ജയമാല, പുട്ടരംഗ ഷെട്ടി, യു.ടി ഖാദർ, ആർ.വി ദേശ്പാണ്ഡെ തുടങ്ങിയവരെ ഒഴിവാക്കാനാകും കൂടുതൽ സാധ്യത. നാളെ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകും.

എംഎൽഎയ്ക്ക്  വില 60 കോടി

കോൺഗ്രസിലെയും ദളിലെയും എംഎൽഎമാരെ വലയിലാക്കാൻ 60 കോടി രൂപ വീതമാണു ബിജെപി വാഗ്ദാനം ചെയ്തതെന്നാണ് സൂചന. എംഎൽഎമാർ തങ്ങിയതായി പറയപ്പെടുന്ന മുംബൈയിലെ പവയ് റിനൈസൻസ് നക്ഷത്ര ഹോട്ടലിനു മുന്നിൽ ഇന്നലെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമസംഘം തമ്പടിച്ചു. ഇന്നലെ രാവിലെ മുതൽ മാധ്യമപ്രവർത്തകർക്ക് പ്രവേശാനുമതി നിഷേധിച്ചു. പൊലീസുകാരുടെ സംഘവും കവാടത്തിലുണ്ടായിരുന്നു.

കോൺഗ്രസിന്റെ ഓപ്പറേഷൻ ‘സേവ് കർണാടക’; പ്രയോഗിച്ചത് അനുനയം മുതൽ ഭീഷണി വരെ 

ന്യൂഡൽഹി ∙ കർണാടകയിൽ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യെ ചെറുക്കാൻ കോൺഗ്രസ് നടത്തിയത് ‘ഓപ്പറേഷൻ സേവ് കർണാടക’. ഏതു വിധേനയെയും സർക്കാരിനെ നിലനിർത്തുക എന്ന ഹൈക്കമാൻഡ് നിർദേശവുമായി കർണാടകയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചു. അനുനയം മുതൽ ചില സന്ദർഭങ്ങളിൽ ഭീഷണി വരെയുള്ള മാർഗങ്ങൾ കോൺഗ്രസ് പുറത്തെടുത്തു.

വേണുഗോപാലിനു പുറമേ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ. ശിവകുമാറും ബെംഗളൂരു, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കു നേതൃത്വം നൽകി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിദേശത്തുള്ള പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കാര്യങ്ങൾ‍ സസൂക്ഷ്മം നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ കോൺഗ്രസ് നീക്കങ്ങൾ ഇങ്ങനെ:

∙ അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചാൽ, സുപ്രീം കോടതിയിൽ നിയമപരമായി നേരിടാൻ മുതിർന്ന അഭിഭാഷകരെ ഡൽഹിയിൽ സജ്ജരാക്കി.

∙ ഫോണിലൂടെയും നേരിട്ടും എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെട്ടു.

∙ ബിജെപി അനുകൂല നിലപാടെടുത്താൽ ഭാവി അവതാളത്തിലാകുമെന്നു മുന്നറിയിപ്പ്. ആടി നിൽക്കുന്ന എംഎൽഎമാരുടെ വീടുകൾ വളഞ്ഞു പ്രതിഷേധിക്കാൻ പ്രവർത്തകർക്കു നിർദേശം.

∙ കോൺഗ്രസിനെ കയ്യൊഴിഞ്ഞാൽ പിന്നീട് മൽസരിക്കാൻ നിയമപരമായി വിലക്ക് നേരിടേണ്ടി വന്നേക്കുമെന്നു കാട്ടി കൂറുമാറ്റ നിയമം സംബന്ധിച്ച് എംഎൽഎമാർക്കു ക്ലാസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA