അഴിമതിക്കേസിൽ സായ് ഡയറക്ടർ ഉൾപ്പെടെ അറസ്റ്റിൽ; കേന്ദ്രസർക്കാർ നിർദേശമെന്നു മന്ത്രി

handcuff-2
SHARE

ന്യൂഡൽഹി∙ അഴിമതിക്കേസിൽ സായ് (സ്പോർ‌ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടർ എസ്.കെ. ശർമ അടക്കം ആറുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, മുതിർന്ന ഉദ്യോഗസ്ഥൻ വി.കെ. ശർമ, കരാറുകാരൻ മൻദീപ് അഹൂജ, സഹായി യൂനസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സായ് ആസ്ഥാനത്ത് സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

19 ലക്ഷത്തിന്റെ ബിൽ മൂന്ന് ശതമാനം കൈക്കൂലി വാങ്ങി മാറ്റി നൽകാനുള്ള നീക്കത്തെ തുടർന്നാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. വൈകിട്ട് അഞ്ചോടെ ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിലെ സായ് ഓഫിസിലെത്തിയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുകയായിരുന്നു. പദ്ധതികൾക്കു അനുമതി നൽകുന്നതിനായി ചില ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സായ് തന്നെയാണ് സിബിഐയെ സമീപിച്ചതെന്നും വിവരമുണ്ട്. ആറു മാസം മുൻപ് സായ് ഡയറക്ടർ ജനറൽ‌ കേന്ദ്ര കായിക മന്ത്രിയെ വിവരം അറിയിച്ചതോടെയാണു സംഭവം പുറത്തുവരുന്നതെന്ന് സായ് അധികൃതർ വ്യക്തമാക്കി. മന്ത്രിയുടെ നിർദേശപ്രകാരം പരാതി സിബിഐയ്ക്ക് അയച്ചു.

ഓഫിസിലെ വൈദ്യുത ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി സായ് ഡയറക്ടർ ജനറല്‍ നീലം കപൂര്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും സായ് ഇല്ല. അഴിമതിക്കെതിരായുള്ള നടപടികളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേന്ദ്ര നിർദേശ പ്രകാരമാണു നടപടിയെന്ന് കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് വ്യക്തമാക്കി. കായിക രംഗത്തെ അഴിമതി മുക്തമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA