ശബരിമല: തീർഥാടനകാലം തീരാൻ രണ്ടു ദിനം; യുവതീപ്രവേശ അഭ്യൂഹങ്ങളിൽ സന്നിധാനം

neelimala-devotees
SHARE

ശബരിമല∙തീർഥാടന കാലത്തെ ദർശനം ശനിയാഴ്ച പൂർത്തിയാകുമെങ്കിലും ആശങ്കയിലാണ് സന്നിധാനവും പമ്പയും. അവസാന ദിവസങ്ങളിൽ സംഘമായി യുവതികളെ എത്തിച്ച് ദർശനം നടത്തിക്കാൻ പൊലീസ് ശ്രമിച്ചേക്കുമെന്ന സൂചന ലഭിച്ചതോടെ കടുത്ത ആശങ്കയിലാണ് തീർഥാടകർ.

കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരെ രഹസ്യമായി എത്തിച്ചു ദർശനം നടത്തിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഇതിന്റെ കേടു തീർക്കാൻ സംഘടിതമായി ഒരു കൂട്ടം യുവതികളെ കൊണ്ടുവരുന്നതായുള്ള പ്രചാരണം ശക്തമാണ്. കണ്ണൂരിൽ നിന്നുള്ള ഒരു സംഘം പൊലീസുകാർ മഫ്തിയിൽ ഇവിടെ കറങ്ങുന്നുണ്ട്. ഇവർക്ക് പ്രത്യേക ഡ്യൂട്ടിയില്ല. ബിന്ദുവിനേയും കനക ദുർഗയേയും രഹസ്യമായി എത്തിച്ചതും രേഷ്മ, ഷാനില എന്നിവർക്ക് അകമ്പടി വന്നതും ഇവരാണ്. അതിനാൽ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് ആചാരസംരക്ഷണ പ്രവർത്തകരും ഉണ്ട്.

irumudis-rahul
പമ്പയിൽ വിരിവച്ച ഭക്തരുടെ ഇരുമുടിക്കെട്ടുകൾ. ചിത്രം – രാഹുൽ പട്ടം ∙ മനോരമ

ഇതറിഞ്ഞ് സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്ന് കർമ സമിതിക്കാരും സംഘം പ്രവർത്തകരും എത്തിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യം പമ്പ മുതൽ സന്നിധാനം വരെയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു. മഫ്തി പൊലീസുകാർ രഹസ്യമായി യുവതികളെ ദർശനത്തിനു കൊണ്ടുവരുന്നതിൽ സുരക്ഷാ ചുമതലയുള്ള പൊലീസുകാർക്ക് അതൃപ്തിയുണ്ട്. രേഷ്മ ,ഷാനില എന്നിവരെ ദർശനം നടത്തിക്കാനുള്ള ശ്രമം പൊളിച്ചത് ഇവരാണെന്നാണ് മഫ്തിക്കാരുടെ നിഗമനം.

തിരുവാഭരണം ചാർത്തി ദർശനപുണ്യം

sabarimala-main-rahul
എല്ലാം അയ്യനിൽ അർപ്പിച്ച്: ഈ തീർഥാടനകാലത്ത് സന്നിധാനത്ത് നിന്നുള്ള ദൃശ്യം. ചിത്രം – രാഹുൽ പട്ടം ∙ മനോരമ

തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പദർശനം വ്യാഴാഴ്ച പൂർത്തിയായി. രാജപ്രതിനിധി മൂലംനാൾ രാഘവവർമയുടെ സാന്നിധ്യത്തിൽ ഉച്ചപൂജയ്ക്ക് തിരുവാഭരണം ചാർത്തി നടതുറന്നപ്പോൾ സന്നിധാനമാകെ ശരണംവിളിയായിരുന്നു. പതിനായിരങ്ങളാണ് തിരുവാഭരണ വിഭൂഷിതനായ ധർമശാസ്താവിനെ വ്യാഴാഴ്ച കണ്ടുതൊഴുതത്.

തീർഥാന കാലത്തെ നെയ്യഭിഷേകം വെള്ളിയാഴ്ച പൂർത്തിയാകും. ഇതിനുള്ള അവസരം രാവിലെ 10 വരെ മാത്രമേ ഉണ്ടാകു. തുടർന്നു കളഭാഭിഷേകം നടക്കും. മാളികപ്പുറത്തെ എഴുന്നെള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും വെള്ളിയാഴ്ച സമാപിക്കും. അനുഷ്ഠാന നിറവിൽ എഴുന്നെള്ളത്ത് വെളളിയാഴ്ച ശരംകുത്തിയിലേക്കു പോകും. തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടിയുടെയും വാളും പരിചയമുമേന്തിയ കുറുപ്പിന്റെയും അകമ്പടിയോടെ ദേവന്റെ തിടമ്പാണ് എഴുന്നെള്ളിക്കുക. നാലു ദിവസമായി പതിനെട്ടാംപടി വരെയായിരുന്നു എഴുന്നെള്ളത്ത്.

മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്തും വ്യാഴാഴ്ച സമാപിക്കും. തിരുവാഭരണ വിഭൂഷിതനായ മണികണ്ഠ സ്വാമിയുടെയും രൂപമാണ് വ്യാഴാഴ്ച കളമായി എഴുതുക. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ ആറിനു നടഅടയ്ക്കും.

നായാട്ടുവിളിയുടെ അപൂർവഭാഗ്യത്തിൽ മഹേഷ്

mahesh
സന്നിധാനത്ത് മഹേഷ്.

അനുഷ്ഠാന നിറവിൽ അയ്യപ്പസന്നിധിയിൽ നായാട്ട് വിളിക്കാൻ ലഭിച്ച അപൂർവ ഭാഗ്യത്തിലാണ് റാന്നി പെരുനാട് പുന്നമൂട്ടിൽ രാജേഷ് ഭവനിൽ പി.ജി.മഹേഷ്(36).

14 വർഷമായി മുത്തച്ഛൻ റിട്ട. അധ്യാപകനായ രവീന്ദ്രനാഥപിള്ളയായിരുന്നു നായാട്ടുവിളിച്ചുവന്നത്. അദ്ദേഹം രോഗശയ്യയിലായതിനാലാണ് കൊച്ചുമകൻ മഹേഷിന് ഭാഗ്യം കിട്ടിയത്. രവീന്ദ്രനാഥപിള്ളയുടെ മകൻ റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥൻ ഗോപാലപിള്ളയുടെ മകനും കെഎസ്ആർടിസി റാന്നി സബ് ഡിപ്പോയിലെ ജീവനക്കാരനുമാണ് മഹേഷ്.

nayattuvili-sangham
ശബരിമലയിലെ നായാട്ടുവിളി സംഘം.

അയ്യപ്പന്റെ ചരിത്രവും ഐതീഹ്യവും ചേർത്ത് 576 ശീലുകളാണ് നായാട്ടുവിളിക്കുള്ളത്. തൊഴുകൈകളോടെ മഹേഷാണ് ഇവ ചൊല്ലുന്നത്. ഓരോ ശീലുകൾ കഴിയുമ്പോഴും സഹായികൾ ‘ഹീ.. ഹൂയ്...’ എന്ന് പ്രത്യേക സ്വരത്തിൽ വിളിക്കും. നിഥിൻ കൃഷ്ണ, എം.ആർ.രാമചന്ദ്രൻ, ഗോകുൽ രാജീവ്, ജിത്തു കൃഷ്ണ, ഹരിപ്രസാദ് എന്നിവരാണ് സഹായികളായി ഉള്ളത്. ഇവരെല്ലാം പുന്നമൂട്ടിൽ കുടംബത്തിൽ നിന്നുള്ളവരാണ്.

ശബരീശ സന്നിധിയിൽ നായാട്ട് വിളിക്കാനുള്ള അവകാശ പെരുനാട് പുന്നമൂട്ടിൽ കുടുംബത്തിന് പന്തളം രാജാവ് കൽപ്പിച്ചു നൽകിയതാണ്. രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം നിർമിച്ചത്. ഇതിന്റെ കണക്കുകൾ നോക്കുന്നതിനു രാജാവ് പാണ്ടിനാട്ടിൽ നിന്നു കൊണ്ടുവന്ന കണക്കപ്പിള്ളമാരുടെ പിൻതലമുറയാണ് പുന്നമൂട്ടിൽ കുടുംബക്കാർ. ക്ഷേത്ര നിർമാണം പൂർത്തിയാക്കി രാജാവ് പന്തളത്തേക്ക് മടങ്ങാൻ നേരത്താണ് നായാട്ടുവിളിക്കുള്ള അവകാശം ഇവർക്കു നൽകിയത്.

മകരസംക്രമ സന്ധ്യ മുതൽ അഞ്ചു ദിവസമാണ് മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നെള്ളത്ത്. ആദ്യത്തെ നാലു ദിവസം പതിനെട്ടാംപടിക്കലേക്കാണ്. പടിയ്ക്കൽ എത്തിയ ശേഷം ആചാരപ്രകാരമാണ് നായാട്ടുവിളിക്കുന്നത്. അഞ്ചാം ദിവസം ശരംകുത്തിയ്ക്കാണ് പോകുന്നത്. അവിടെയുമുണ്ട് നായാട്ടുവിളി. ഉൽസവത്തിന്റെ പള്ളിവേട്ടയ്ക്കും ശരംകുത്തിയിൽ നായാട്ടുവിളിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA