രാഹുൽ ഗാന്ധിയുടെ ഭക്ഷണം, ബുർജ് ഖലീഫ, ഇല്ലാത്ത ചോദ്യം; വ്യാജവാർത്തയ്ക്കു വോട്ടില്ല!

loksabha-election-vireal
SHARE

തിരഞ്ഞെടുപ്പു കാലം പടിവാതിലിലെത്തി. വ്യാജ വാർത്തകളുടെ വിളനിലക്കാലം! അതിന്റെ ലക്ഷണങ്ങൾ അവിടവിടെ കണ്ടു തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പരസ്പരം കരിവാരിത്തേക്കാൻ എതിർപാർട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങളും വിഡിയോകളും ചിത്രങ്ങളും എടുത്തു പ്രയോഗിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇത്തവണത്തെ തുടക്കം ഒട്ടും മോശമല്ല. തിരഞ്ഞെടുപ്പു തീയതി വച്ചാണ് ആദ്യത്തെ വ്യാജൻ പുറത്തുവന്നത്. 2019ലെ വോട്ടെടുപ്പു തീയതി എന്ന പേരിൽ വാട്സാപ്പിൽ പ്രചരിക്കുന്ന മെസേജിൽ ഇങ്ങനെ പറയുന്നു: ‘ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 7 മുതൽ മേയ് 17 വരെ. കേരളം ഏപ്രിൽ 10നു വോട്ടു ചെയ്യണം.’ എല്ലാ സംസ്ഥാനങ്ങളിലെയും വിശദമായ ഷെഡ്യൂൾ ഒപ്പമുണ്ട്. കണ്ടാൽ അങ്ങേയറ്റം വിശ്വസനീയം. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുകയോ വിജ്ഞാപനം പുറത്തുവരികയോ ഒന്നും ചെയ്തിട്ടില്ല എന്നതാണു യാഥാർഥ്യം. അൽപം കൂടി ശ്രദ്ധിച്ചാൽ ഒരു കാര്യം കൂടി വ്യക്തമാകും 2019 ലെ വോട്ടെടുപ്പു തീയതി എന്ന പേരിൽ പ്രചരിക്കുന്ന ഈ തീയതികൾ 2014 ലെ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂളായിരുന്നു! അന്ന് ഏപ്രിൽ 10നായിരുന്നു കേരളത്തിൽ തിരഞ്ഞെടുപ്പ് എന്ന ഓർക്കുന്നവരുണ്ടാകുമല്ലോ. 2014ലെ തിരഞ്ഞെടുപ്പു തീയതികൾ അതേപടിയെടുത്ത് 2019 എന്നു വർഷം മാറ്റി പ്രചരിപ്പിക്കുകയാണ്!

rahul-gandhi-food-vireal
രാഹുൽ ഗാന്ധി 1500 പൗണ്ടിന്റെ പ്രഭാതഭക്ഷണം കഴിക്കുന്നുവെന്നു പ്രചരിപ്പിച്ച സന്ദേശം.

അടിക്കുറിപ്പിലെ വ്യാജന്മാർ!

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നുവല്ലോ. ഇതിനിടെ, രാഹുലും സാം പിത്രോദയും മറ്റും ഭക്ഷണമേശയ്ക്കു മുൻപിലിരിക്കുന്ന ഒരു ചിത്രം സമൂഹമമാധ്യമങ്ങളിൽ പ്രചരിച്ചു.

‘ദുബായിലെ ഹിൽട്ടൺ ഹോട്ടലിൽ ഒരാൾക്ക് 1500 പൗണ്ട് (1.37 ലക്ഷം രൂപ) വിലയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന രാഹുൽ ഗാന്ധിയും സംഘവും’ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം ആയിരക്കണക്കിനു പേർ ഷെയർ ചെയ്തു. സംഗതി വൈറലായെങ്കിലും അടിക്കുറിപ്പ് റിയലായിരുന്നില്ല. ഗൾഫിലെ മലയാളി വ്യവസായി സണ്ണി വർക്കി അദ്ദേഹത്തിന്റെ വസതിയിൽ രാഹുൽ ഗാന്ധിക്കും സംഘത്തിനും നൽകിയ പ്രഭാതവിരുന്നിന്റെ ചിത്രമാണിതെന്നു പിന്നാലെ വ്യക്തമായി.

ഇതേ ചിത്രത്തിൽ, തീൻമേശയിലുള്ള വിഭവങ്ങളിലൊന്നു ബീഫ് ആണെന്നും ബ്രാഹ്മണനെന്നു അവകാശപ്പെടുന്ന രാഹുൽ പോത്തിറച്ചി കഴിച്ചുവെന്നും കാട്ടി മറ്റൊരു സന്ദേശവും പ്രചരിച്ചിരുന്നു. എന്നാൽ, അന്ന് വിരുന്നിൽ പോത്തിറച്ചി വിളമ്പിയിട്ടില്ലെന്ന് അതുമായി ബന്ധപ്പെട്ടവർ പിന്നീടു വ്യക്തമാക്കി.

rahul-gandhi-burj-khalifa-vireal
ബുർജ് ഖലീഫയിൽ രാഹുലിന്റെ ചിത്രം എന്നു പ്രചരിക്കുന്ന സന്ദേശം.

നിങ്ങളുടെ ചിത്രം ബുർജ് ഖലീഫയിൽ!

രാഹുൽ ഗാന്ധിയുടെ സന്ദർശന സമയത്തു വ്യാപകമായി പ്രചരിച്ച മറ്റൊരു ചിത്രവും വിഡിയോയുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ പുറംചുമരിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പ്രദർശിപ്പിച്ചുവെന്നതായിരുന്നു അത്. ബുർജ് ഖലീഫയിൽ ഇത്തരത്തിൽ എൽഇഡി ഡിസ്പ്ലേ ഉപയോഗിച്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനമുണ്ടെന്നുള്ളതു സത്യമാണ്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ രൂപം അവിടെ തെളിയുകയും ചെയ്തിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ ചിത്രം ബുർജ് ഖലീഫയിൽ ‘ആലേഖനം’ ചെയ്തതു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സൂത്രപ്പണിയായിരുന്നു. Biugo എന്ന ആപ്പ് ഉപയോഗിച്ചു നമ്മുടെ ചിത്രങ്ങളും ഇതുപോലെ വേണമെങ്കിൽ ഏതു കെട്ടിടത്തിലും തെളിയിക്കാം!

rahul-gandhi-school-kid-vireal
രാഹുലിനോട് ചോദ്യം ചോദിക്കുന്ന സ്കൂൾ വിദ്യാർഥി എന്ന പേരിൽ പ്രചരിച്ച ചിത്രം.

ഇല്ലാത്ത ചോദ്യവും വൈറലാകുമ്പോൾ!

രാഹുൽ ഗാന്ധിയുടെ എതിർപക്ഷക്കാർ പ്രചരിപ്പിച്ച മറ്റൊരു വാർത്തയും വൈറലായിരുന്നു. രാഹുൽ ദുബായിയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ഒരു കൊച്ചുപെൺകുട്ടിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരംകിട്ടാതെ നിശ്ശബ്ദനായെന്നായിരുന്നു വാ‍ർത്ത. ചോദ്യം ചോദിച്ച കുട്ടിയുടെ ചിത്രവും വാർത്തയ്ക്കൊപ്പമുണ്ടായിരുന്നു. ഉത്തരംമുട്ടിയതോടെ പരിപാടിയുടെ ഫെയ്സ്ബുക് ലൈവ് നിർത്തി വച്ചുവെന്നും അതിൽ ചേർത്തിരുന്നു. എന്നാൽ, ചോദ്യം ചോദിച്ച കുട്ടിയുടെ ചിത്രം ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഉത്തരം, മൂന്നു വർഷം മുൻപ് മുംബൈയിൽ നടന്ന സംവാദപരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് അതെന്നായിരുന്നു. ദുബായിൽ രാഹുൽ സംവദിച്ചത് കോളജ് വിദ്യാർഥികളോടായിരുന്നു. അവിടെ, സ്കൂൾ കുട്ടികളാരും അദ്ദേഹത്തോടു ചോദ്യം ചോദിച്ചിരുന്നില്ല.

natural-coconut-shell-cup
ആമസോൺ ഷോപ്പിങ് വെബ്സൈറ്റിൽ ചിരട്ട വിൽപ്പനയ്ക്കു വച്ചിരിക്കുന്നു.

ആ ചിരട്ട വ്യാജനോ?

നമ്മുടെ സ്വന്തം ചിരട്ട ഓൺലൈൻ വ്യാപാര സൈറ്റിൽ 3000 രൂപയ്ക്കു വിൽക്കുന്നു എന്നൊരു വാർത്തയും ചിത്രവും മിക്കവരുടെയും ഫോണിൽ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുമല്ലോ. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുള്ള സംഗതിയാണ്. വ്യാജവാർത്തയെന്ന് എളുപ്പത്തിൽ സംശയം തോന്നാവുന്നതേയുള്ളൂ. പക്ഷേ, ആ സന്ദേശം വ്യാജനല്ല. വാസ്തവമാണ്. ആമസോൺ സൈറ്റിൽ വിൽപനയ്ക്കുണ്ട് ചിരട്ട. വില 3000 രൂപ തന്നെ. ബുധനാഴ്ച ഈ കോളം തയാറാക്കുമ്പോൾ 55% ഡിസ്കൗണ്ടോടെ വില 1365 രൂപയായിരുന്നു. ഇനി ചിരട്ട വലിച്ചെറിയാനും കത്തിച്ചു കളയാനുമൊക്കെ വരട്ടെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA