ലക്ഷ്യം ഓസ്‌ട്രേലിയയെങ്കില്‍ ജീവനു ഭീഷണി; ഇന്ധനവും ഭക്ഷണവും ഇല്ലാതെ മടക്കിവിടും

munambam-human-trafikking
SHARE

ന്യൂഡൽഹി/തിരുവനന്തപുരം∙ മുനമ്പത്തും കൊടുങ്ങല്ലൂരിലും ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ കണ്ടെത്തിയത് ഓസ്ട്രേലിയിലേക്കുള്ള മനുഷ്യക്കടത്താണെന്നു സംശയമുണ്ടെങ്കിലും ഇതിനുള്ള സാധ്യതകള്‍ വിരളം. കൊച്ചിയില്‍നിന്ന് 7,300 കിലോമീറ്ററിലധികം ദൂരമുണ്ട് ഓസ്ട്രേലിയയിലേക്ക്. കുടിയേറ്റക്കാരായി 7,300 കിലോമീറ്റര്‍ ചെറിയ ബോട്ടില്‍ സഞ്ചരിച്ച് ഓസ്ട്രേലിയന്‍ തീരത്ത് എത്തുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. കുടിയേറ്റക്കാരെ ഓസ്ട്രേലിയ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാറുമില്ല.

കുടിയേറ്റക്കാരെ 2017 വരെ ഓസ്ട്രേലിയ സ്വീകരിച്ചിരുന്നു. അഭയാര്‍ഥികളോടും ഉദാരസമീപനമായിരുന്നു. ബോട്ടുകളിലും വിമാനത്തിലുമെല്ലാം ഇത്തരം സംഘങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ വ്യാപകമായതോടെ ഓസ്ട്രേലിയ കര്‍ശന നിലപാടെടുത്തു. 2017ല്‍ ശ്രീലങ്കയില്‍നിന്നുള്ള കുടിയേറ്റസംഘം ഓസ്ട്രേലിയന്‍ തീരത്തെത്തുകയും സര്‍ക്കാര്‍ അവരെ സ്വീകരിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്തതോടെ ഓസ്ട്രേലിയയിലെ മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. വന്നവരെ സര്‍ക്കാരിനു സ്വീകരിക്കേണ്ടിവന്നു.

ഇതിനുശേഷമാണ് കര്‍ശന നടപടികളിലേക്കു സര്‍ക്കാര്‍ കടന്നത്. ചുറ്റിനും കടലായതിനാല്‍ ഓസ്ട്രേലിയന്‍ നാവികസേനയും പൊലീസും ജാഗ്രതയോടെയാണു പ്രവര്‍ത്തിക്കുന്നത്. തീരസുരക്ഷയും നിരീക്ഷണവും കൂടുതൽ കർശനമാക്കിയ ഓസ്ട്രേലിയൻ നാവികസേന അഭയാർഥി ബോട്ടുകളെ പിടികൂടി കടലിൽവച്ചു തന്നെ മടക്കുന്നതു പതിവാക്കിയിട്ടുണ്ട്. ബോട്ടിലുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ഈ നടപടിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ ഏജൻസികളുടെ എതിർപ്പുണ്ടെങ്കിലും സേന ഇതുവകവയ്ക്കുന്നില്ലെന്നാണു വിവരം. ഇന്ധനവും ഭക്ഷണവും അടക്കം തികയാതെ ബോട്ടുകൾ കൂടുതൽ അപകടത്തിലേക്കു മടങ്ങേണ്ടി വരുന്നതു ജീവൻ തന്നെ അപകടത്തിലാക്കുമെന്നർഥം.

നാവികസേനയുടെയും പൊലീസിന്റെയും കണ്ണില്‍പെടാതെ ഓസ്ട്രേലിയന്‍ മണ്ണില്‍ കാലുകുത്തുന്നത് ശ്രമകരമാണ്. ഒരു രാജ്യത്തെ കലാപത്തെത്തുടര്‍ന്നോ മറ്റു കാരണങ്ങളാലോ എല്ലാം നഷ്ടപ്പെട്ട് വരുന്നവരെ ഐക്യരാഷ്ട്രസംഘടനയുടെ ചട്ടങ്ങള്‍ അനുസരിച്ചാണ് ഓസ്ട്രേലിയയും പരിഗണിക്കുന്നത്. ഇവരെ പ്രത്യേക ക്യാംപുകളിലേക്ക് മാറ്റും. അഭയാര്‍ഥികള്‍വന്ന രാജ്യങ്ങളിലെ രാജ്യാന്തര ഏജന്‍സികളുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തും. വന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെങ്കില്‍ വന്ന രാജ്യത്തേക്ക് മടക്കി അയയ്ക്കും. സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാനാകാത്ത അവസ്ഥയാണെങ്കില്‍ ഓസ്ട്രേലിയയില്‍ തങ്ങാന്‍ അനുവദിക്കും. ഇതിനു വിവിധ ഘട്ടങ്ങളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. അതുവരെ ക്യാംപുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകില്ല. പരിശോധനകളില്‍ വിജയിക്കുന്നവര്‍ കുറവായിരിക്കും.

157 ശ്രീലങ്കൻ അഭയാർഥികളുമായി പുതുച്ചേരിയിൽ നിന്നെത്തിയ ബോട്ടാണ് നാലുവർഷം മുമ്പു പിടിക്കപ്പെട്ടത്. ഓസ്ട്രേലിയൻ കസ്റ്റംസ് ബോട്ടെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോട്ട്മാർഗം എത്തുന്നവർ പിടിക്കപ്പെട്ടാൽ, പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനി, നൗരു ദ്വീപുകളിലെ അഭയാർഥി ക്യാംപുകളിലേക്കു വിടുകയാണ് ഔദ്യോഗിക രീതി. ഏറ്റവുമൊടുവിൽ പിടികൂടിയത് വിയറ്റ്നാം സംഘത്തെയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. 15 അംഗ സംഘം പിടിയിലായെങ്കിലും ചിലർ സേനയുടെ കയ്യിൽ നിന്നു രക്ഷപ്പെട്ടിരുന്നു. ക്യൂൻസ്‌ലാൻഡിലെ കിംബേർലി മുനമ്പിലായിരുന്നു ഇവരെത്തിയത്. നേരത്തെ വിയറ്റ്നാമിൽ നിന്നുള്ള അഭയാർഥികളെ ഓസ്ട്രേലിയ സ്വീകരിച്ചിരുന്നു. ഇതു മുതലെടുത്തായിരുന്നു വരവ്. ഇന്ത്യോനേഷ്യ വഴി ഓസ്ട്രേലിയൻ തീരങ്ങളെത്തുന്നതു നേരത്തെ പതിവായിരുന്നു. ഭാഗ്യപരീക്ഷണം നടത്തുന്ന ചില ബോട്ടുകൾ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഓസ്ട്രേലിയയിൽ എത്തിപ്പെട്ട കഥകളും സമീപകാലത്തു കേട്ടതായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജന്റ് പറയുന്നു.

അനധികൃത കുടിയേറ്റക്കാരാണെങ്കില്‍ ഈ പരിഗണനയൊന്നും ലഭിക്കില്ല. അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കും. ശ്രീലങ്കയില്‍നിന്ന് തമിഴ്നാട്ടിലെ രാമേശ്വത്ത് എത്തി അവിടെനിന്ന് വിവിധ രാജ്യങ്ങള്‍ വഴിയാണ് കുടിയേറ്റക്കാര്‍ ആദ്യം ഓസ്ട്രേലിയയിലേക്ക് എത്തിയിരുന്നത്. 12 ലക്ഷം രൂപ വരെയാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ ഈടാക്കിയിരുന്നത്. ടൂറിസ്റ്റ് വിസയില്‍വന്നശേഷം ഓസ്ട്രേലിയയില്‍നിന്ന് മടങ്ങിപോകാത്തവരും ഉണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് അഭയാര്‍ഥികളായി എത്തുന്നവര്‍ കുറവാണ്. ഗുജറാത്ത് കലാപ കാലത്ത് അഭയാര്‍ഥികളെന്ന പേരില്‍ ചില ഇന്ത്യന്‍ സംഘങ്ങള്‍ ഓസ്ട്രേലിയയിലെത്തിയിരുന്നു. 2018ന് മുന്‍പ് എത്തിയവരില്‍ ഭൂരിഭാഗത്തിനും ഓസ്ട്രേലിയയില്‍ താമസിക്കാന്‍ അനുവാദം കിട്ടി. ചിലരെല്ലാം ജയിലില്‍ നിയമ നടപടികള്‍ നേരിടുന്നു.

2018ന് ശേഷം അനധികൃതമായി കുടിയേറുന്നവര്‍ ഓസ്ട്രേലിയയിലെത്തിയശേഷം പരിചയക്കാരുടെ സഹായത്തോടെ ഫാം ഹൗസുകളില്‍ ഒളിവില്‍ കഴിയുകയാണ് ചെയ്യുന്നത്. അവിടെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു ജീവിക്കും. നാട്ടിലേക്ക് മടങ്ങാനോ സ്വതന്ത്രമായി പുറത്തിറങ്ങാനോ കഴിയില്ല. പിടിക്കപ്പെട്ടാല്‍ ജയിലാകും. നിയമനടപടികള്‍ക്കുശേഷം നാട്ടിലേക്ക് അയയ്ക്കും. ഫാം ഹൗസുകള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പരിശോധന ശക്തമാണ്. ഇതൊന്നും അറിയിക്കാതെയാണ് മനുഷ്യക്കടത്തുകാര്‍ സാധാരണക്കാരെ കബളിപ്പിക്കുന്നത്.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA