കർണാടകയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; 75 എംഎൽഎമാരെ മാറ്റി കോൺഗ്രസ്

karnataka-congress-mla
SHARE

ബെംഗളൂരു ∙ കൂറുമാറ്റ ഭീതി നിലനിൽക്കെ കർണാടകയില്‍ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു കൊണ്ടുപോയി. നിയമസഭാ കക്ഷിയോഗത്തിനെത്തിയ 75 എംഎൽഎമാരെയാണു മാറ്റിയത്. നാല് എംഎൽഎമാർ യോഗത്തിനെത്തിയില്ല. ഇതിൽ രണ്ടുപേർ വിശദീകരണം നൽകി.

രമേഷ് ജര്‍കിഹോളിക്കും കെ.മഹേഷിനും കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. കർണാടകയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവർ കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. 50 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്താണ് ഭരണപക്ഷത്തെ എംഎൽഎമാരെ അവർ സമീപിക്കുന്നത്. ഇതിന് എന്റെ കയ്യിൽ തെളിവുണ്ട്. ഒരു ചൗക്കീദാറിന് (കാവൽക്കാരൻ) എങ്ങനെയാണ് ഇത്രയധികം പണം ലഭിക്കുന്നത്– അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് നിയമസഭാ കക്ഷിയോഗം ബെംഗളൂരുവിൽ നടന്നത്. ഇതിനു ശേഷം നിയമസഭാംഗങ്ങളെ ഈഗിൾടൺ റിസോർ‌ട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. സിദ്ധരാമയ്യയ്ക്കു പുറമേ മല്ലികാർ‌ജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

തങ്ങൾ എവിടെയും പോകുന്നില്ലെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് എംഎൽഎ സൗമ്യ റെഡ്ഡി വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഈഗിൾടൺ റിസോർട്ടിൽ ഒരു ദിവസം താമസിക്കുമെന്നാണു വിവരം. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനുണ്ടെന്നും സൗമ്യ റെഡ്ഡി വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA