വിപണിയിൽ വിൽപന സമ്മർദം; ഫാർമ സെക്ടറിൽ മൂന്നു ശതമാനം ഇടിവ്

bse-sensex-stock-market
SHARE

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് പോസിറ്റീവ് പ്രവണതയിൽ വ്യാപാരത്തുടക്കം. അതേ സമയം വ്യാപാരം ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ വിപണി വിൽപന സമ്മർദത്തിലാകുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ന് ഒരവസരത്തിൽ നിഫ്റ്റി 50 പോയിന്റ് വരെ ഇടിവു നേരിട്ടു. ഇന്നലെ 10905ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10914.85ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഒരുവേള 10852.20 വരെ ഇടിവ് നേരിട്ടിരുന്നു. സെൻസെക്സാകട്ടെ ഇന്നലെ 36374.08ന് ക്ലോസ് ചെയ്ത്, ഇന്നു രാവിലെ 36417.58ൽ വ്യാപാരം ആരംഭിച്ചു.

ഇന്ത്യൻ വിപണിയിലെ എല്ലാ സെക്ടറുകളിലും വിൽപന സമ്മർദമുണ്ട്. ഏഷ്യൻ വിപണികളിലെല്ലാം നേരിയ പോസിറ്റീവ് പ്രവണതയാണ് ഇന്നുള്ളത്. നിഫ്റ്റിക്ക് ഇന്ന് അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജ് ആയ 10822ൽ സപ്പോർട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളിലേയ്ക്ക് നിഫ്റ്റിക്ക് 10910ൽ ഒരു റെസിസ്റ്റൻസ് നേരിടേണ്ടി വരുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. 

സൺഫാർമയ്ക്ക് കനത്ത വിലയിടിവ്

ഇന്ത്യയിലെ ഏറ്റവും വലിയതും പ്രധാന സൂചികകളിൽ കാര്യമായ വെയ്റ്റേജുള്ളതുമായ കമ്പനിയായ സൺ ഫാർമയുടെ ഓഹരിയിൽ ഒരു സമയത്ത് 13 ശതമാനത്തിന്റെ വരെ ഇടിവുണ്ടായി. ഈ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാനേജ്മെന്റിന്റെ പല ഇടപാടുകളെക്കുറിച്ചും ഉണ്ടായ സംശയങ്ങളും ആശങ്കകളുമാണ് ഓഹരി വിലയ്ക്ക് ഇടിവുണ്ടാക്കിയത്. നിക്ഷേപകരുടെ അറിവില്ലാതെ പ്രമോട്ടർമാരിൽ ചിലർ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഏർപ്പെട്ടിരുന്നു എന്നു വിവരം പുറത്തു വന്നതും അതിന്റെ വിവരങ്ങൾ പുറത്തു വിടാൻ തയാറാകാത്തതുമാണ് ഓഹരിയെ വിൽപന സമ്മർദത്തിലാക്കിയത്. 

വിപണിയിൽ ഇന്ന് ശ്രദ്ധിക്കാൻ:

∙ വിപണിയിൽ പ്രധാനമായും വിൽപന സമ്മർദം പ്രകടമായത് ഫാർമ സെക്ടറിലെ ഓഹരികളിൽ. മൂന്നു ശതമാനം ഇടിവാണ് ഈ സെക്ടറിലുണ്ടായിട്ടുള്ളത്. 

∙സൺഫാർമയുടെ ഇടിവിനെ തുടർന്ന് മറ്റ് മുൻനിര ഓഹരികളിലും വിൽപന സമ്മർദം. ഗെയിൽ, യെസ്ബാങ്ക്, ബജാജ് ഓട്ടോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളിൽ രണ്ടു ശതമാനത്തിലേറെ വിൽപന സമ്മർദം കാണുന്നുണ്ട്.

∙ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഹിന്ദുസ്ഥാൻ ലിവറിന്റെയും മികച്ച മൂന്നാം പാദ പ്രവർത്തനഫലം പുറത്തു വന്നിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനിക്ക് ഒരു ക്വാർട്ടേർലി റിസൽട്ടിൽ 10000 കോടിക്കു മുകളിൽ ലാഭമുണ്ടാക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിനാണ് ഈ നേട്ടം. 

∙ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 

∙ ഹിന്ദുസ്ഥാൻ ലിവർ അതിന്റെ ഇപ്പോഴത്തെ ഉയർന്ന വിലയെ ന്യായീകരിക്കത്തക്ക പ്രവർത്തന ഫലമല്ല പുറത്തു വിട്ടത്. അതുകൊണ്ടു തന്നെ ഈ ഓഹരി നേരിയ വിൽപന സമ്മർദം നേരിടുന്നുണ്ട്. 

∙ ഇന്ന് മുൻനിര കമ്പനികളിൽ ഐടി സെക്ടറിലാണ് നേട്ടമുള്ളത്. വിപ്രോ, എൻഐഐടി ടെക്നോളജി, എൽആൻഡ്ടി ഇൻഫോടെക് കമ്പനികൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA