48 ദിവസത്തെ ശബരിമല സമരം അവസാനിപ്പിക്കാൻ ബിജെപി; പോരാട്ടം തുടരുമെന്ന് ശ്രീധരൻപിള്ള

bjp-protest
SHARE

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി 48 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന നിരാഹാര സമരം ഞായറാഴ്ച അവസാനിപ്പിക്കും. ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്നു സമരപ്പന്തൽ സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള  പറഞ്ഞു. 

വെളളിയാഴ്ച സമരം ഏറ്റെടുത്ത ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ നിരാഹാരം രാവിലെ 10.30 നു സമരപന്തലിലെ സമാപന സമ്മേളനത്തിൽ ഗാന്ധിയൻമാരായ പി.ഗോപിനാഥൻനായർ, കെ.അയ്യപ്പൻപിള്ള എന്നിവർ ചേർന്നു നാരങ്ങാനീര് നൽകി അവസാനിപ്പിക്കും. ഭാവി സമരപരിപാടികൾ പി.എസ്.ശ്രീധരൻപിള്ള പ്രഖ്യാപിക്കും. ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നാണു ബിജെപി സമരം ആരംഭിച്ചത്.

ആദ്യം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണു നിരാഹാരമനുഷ്ഠിച്ചത്. പത്തു ദിവസത്തിലധികം നീ​ണ്ട സമരത്തിനൊടുവിൽ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.ശിവരാജൻ, പി.എം.വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.‌ടി.രമ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.

ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയില്‍നിന്നു സെക്രട്ടേറിയേറ്റിലേക്കു മാറ്റിയതു വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീടുണ്ടായില്ലെന്നു പാർട്ടിക്കുള്ളിൽ വിമർശനമുയർന്നു. സമരം തുടരുന്നതിനിടെ രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതു ബിജെപിക്കു തിരിച്ചടിയുമായി. ഞായറാഴ്ച ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്തു സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA