sections

manoramaonline

MORE

നൂതന ആശയങ്ങളുമായി ശാസ്ത്രജാലകം തുറന്നു കൊച്ചി; യുവ മാസ്റ്റര്‍മൈന്‍ഡിനു തുടക്കം

K-Mohammed-Y-Safirulla-Yuva-Mastermind
SHARE

കൊച്ചി∙ രാജ്യത്തെ നമ്പർ വൺ ആക്കാൻ പുതിയ തലമുറയുടെ നൂതന ആശയങ്ങൾക്ക് സാധിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ (റീജനൽ സ്‌പോർട്‌സ് സെന്റർ) മലയാള മനോരമ- ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായ ശാസ്ത്ര-സാങ്കേതിക പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

‘‘ഇത് നൂതന ആശയങ്ങളുടെ കാലമാണ്. നൂതന ആശയങ്ങളുടെ രാജ്യാന്തര ശരാശരിയിൽ നമ്മുടെ രാജ്യത്തെ ഒന്നാം സ്ഥാനത്തേയ്ക്ക് കൊണ്ടുവരാൻ പുതിയ തലമുറയ്ക്ക് കഴിയും. വലിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നവർ മാത്രമല്ല, ചെറിയ ആശയങ്ങൾ കൊണ്ടുവരുന്നവരും രാജ്യത്തിന് ആവശ്യമാണ്. ഇത്തരം മൽസരങ്ങൾകൊണ്ട് പുതിയ ആശയങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കും’’ – കലക്ടർ പറഞ്ഞു.

yuva-mastermind-exhibition1
പ്ലാസ്റ്റിക്കിൽ നിന്ന് മോചനം: ഭക്ഷിക്കാവുന്ന സ്ട്രോ, സ്പൂൺ – പ്രദർശനത്തിൽ നിന്ന്

ചടങ്ങിൽ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർമാരായ ആർ. രാജീവ്, വിനോദ് നായർ, അമൽജ്യോതി കോളജ് മാനേജർ ഫാ. മാത്യു പായിക്കാട്, പ്രിൻസിപ്പൽ ഇസഡ്.വി. ലാക്കപ്പറമ്പിൽ, മാസ്റ്റർ മൈൻഡ് ജൂറി ചെയർമാൻ ജി.വിജയരാഘവൻ, ജൂറി അംഗങ്ങളായ ഡോക്ടർ അജിത് പ്രഭു, പ്രൊഫസർ. ജിപ്പു ജേക്കബ്, അഭിലാഷ് സൂര്യൻ, ലൈല ബി ദാസ്, അൻവർ സാദത്ത്, ജയിംസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്രാദ്ഭുതങ്ങളുടെ കലവറ തുറന്ന ശാസ്ത്ര-സാങ്കേതിക പ്രദർശനം നാളെയും തുടരും. വൈകിട്ട് 6 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യമാണ്. സ്കൂൾ, കോളജ്, പൊതു വിഭാഗങ്ങളിലായി 60 പ്രൊജക്ടുകളാണു പ്രദർശനത്തിൽ അണിനിരത്തിയിരിക്കുന്നത്. ചപ്പാത്തി പരത്താനുള്ള നവീന മാർഗം മുതൽ ചികിത്സാ മേഖലയിലെ ആധുനിക സംവിധാനങ്ങൾ വരെ ഇവിടെ പ്രദർശനത്തിനുണ്ട്. നിത്യജീവിതത്തിൽ പ്രയോജനകരമാക്കി വികസിപ്പിക്കാവുന്ന ആശയങ്ങളാണിവ.

സൗജന്യ പ്രദർശനം കാണാനെത്തുന്നവർക്കായി കൗതുകരമായ മൽസരങ്ങളും വേദിയിൽ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനി ഐബിഎസ് ആണ് മാസ്റ്റർമൈൻഡ് പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ആണ് സാങ്കേതിക സഹായം നൽകുന്നത്.

yuva-mastermind-exhibition2
യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായ ശാസ്ത്ര-സാങ്കേതിക പ്രദർശനത്തിൽ നിന്ന്.

ഗഗൻയാനും ചന്ദ്രയാനുമടക്കം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കു നേതൃത്വം നൽകുന്ന ഐഎസ്ആർഒ മേധാവി ഡോ.കെ. ശിവൻ നാളെ ഗ്രാൻഡ് ഫിനാലെ വേദിയിലെത്തും. രാവിലെ 10.30നു നടക്കുന്ന മാസ്റ്റർമൈൻഡ് പുരസ്‌കാരവിതരണച്ചടങ്ങിലെ മുഖ്യാതിഥി അദ്ദേഹമാണ്. 'സംവാദ് വിത് സ്റ്റുഡന്റ്സ്' പരിപാടിയിൽ വിദ്യാർഥികളുമായി അദ്ദേഹം സംസാരിക്കും.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA