ഹീര ഗോള്‍ഡ് നൗഹീറയുടെ തട്ടിപ്പ് ‘ചെറിയ കളിയല്ല’; പതിന്മടങ്ങ് വലുത്, പിന്നിൽ ഉന്നതര്‍

heera-police
SHARE

കോഴിക്കോട്∙ ആദ്യം കരുതിയതിനേക്കാള്‍ വലിയ സാമ്പത്തിക തട്ടിപ്പാണ് കോഴിക്കോട്ടെ ബ്രാഞ്ച് വഴി ഹീര ഗോള്‍ഡ് എക്സിം നടത്തിയതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സഞ്ജയ്കുമാര്‍ ഗുരുഡിന്‍ മനോരമ ന്യൂസിനോട്. കേസിന്റെ കണ്ണികളും വ്യാപ്തിയും വലുതായതുകൊണ്ട് തുടരന്വേഷത്തെക്കുറിച്ച് ഡിജിപിയാണ് തീരുമാനമെടുക്കുക. ഹീര ഗോള്‍ഡിന്റെ ഉടമസ്ഥതയിലുളള കെട്ടിടവുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങള്‍ പാടില്ലെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണു നടപടി.

ഹീര ഗോള്‍ഡിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിനു പ്രാഥമികമായി ലഭിച്ചതിന്റെ പതിന്മടങ്ങ് തട്ടിപ്പു നടന്നൂവെന്നാണു ബോധ്യമാകുന്നത്.  അന്വേഷണം നടത്തിയ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞു. ആയിരങ്ങള്‍ക്കു പണം നഷ്ടമായിട്ടുണ്ട്. വിവിധ ജില്ലകളിലും ഇതരസംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന തട്ടിപ്പായതുകൊണ്ട് ലോക്കല്‍ പൊലീസിന് അന്വേഷിക്കാനാവില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്തു പ്രത്യേക ഉദ്യോഗസ്ഥനെയോ അന്വേഷണ സംഘത്തെയോ ഡിജിപി ചുമതലപ്പെടുത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി.

ഹീര ഗോള്‍ഡ് എക്സിമിന്റെ കോഴിക്കോട്ടെ ബ്രാഞ്ച് വഴി 25 കോടിയോളം രൂപ നഷ്ടമായവര്‍ മാത്രമാണ് ഇതുവരെ പൊലീസിനെ സമീപിച്ചത്. കബളിപ്പിക്കപ്പെട്ട ആയിരങ്ങള്‍ ഇനിയും പരാതിയുമായെത്താനുണ്ട്. ഫ്രാന്‍സിസ് റോഡിലെ ഒാഫിസ് കെട്ടിടം ഇപ്പോഴും ഹീര ഗ്രൂപ്പിന്റെ പേരിലാണ്. ഈ കെട്ടിടം വില്‍പന നടത്താന്‍ പാടില്ലെന്നറിയിച്ച് സബ് റജിസ്ട്രാര്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി.

2012ലാണു 5 സെന്റ് സ്ഥലവും കെട്ടിടവും ഗ്രൂപ്പ് സ്വന്തമായി വാങ്ങിയത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ പ്രവർത്തനങ്ങളാണ് ഇവിടെനിന്നു നിയന്ത്രിച്ചിരുന്നത്. പൊലീസിൽ പരാതി നൽകിയാൽ നിക്ഷേപിച്ച പണം തിരി‌ച്ചു കിട്ടില്ലെന്നു ഹീര ഗ്രൂപ്പ് മേധാവി ഭീഷണിപ്പെടുത്തിയിരുന്നെന്നു നിക്ഷേപകര്‍ പരാതിപ്പെട്ടിരുന്നു. നൗഹീറ ഷെയ്ഖിന്റെ ഭീഷണിയെ തുടർന്നു പലരും പരാതിയിൽനിന്നു പിൻവാങ്ങിയെന്നും വിവരമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA