കൊലക്കേസ് പ്രതിയുടെ ചിത്രം വാട്സാപ്പിൽ; അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

Chinnakanal-Murder
SHARE

തൊടുപുഴ ∙ ചിന്നക്കനാൽ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങൾക്കു നൽകിയെന്ന് ആരോപിച്ചാണു നടപടി. എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം.പോള്‍, ഡ്രൈവര്‍ അനീഷ്, സിപിഒ ഓമനക്കുട്ടന്‍, മധുരയ്ക്ക് സഹായത്തിനായി കൂടെപോയ ശാന്തമ്പാറ സ്റ്റേഷനിലെ ഡ്രൈവര്‍ രമേഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്.

രാജാക്കാട് എസ്‌ഐ പി.ഡി. അനൂപ്‌മോനെതിരെ നടപടിയ്ക്ക് ഐജിയ്ക്ക് ശിപാര്‍ശയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രതിയോടൊപ്പം നിൽക്കുന്ന അന്വേഷണസംഘത്തിന്റെ ചിത്രങ്ങൾ വാ‌ട്സാപ്പിലൂടെ നൽകിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം. ചിന്നക്കനാൽ നടുപ്പാറയിൽ  ഏലത്തോട്ടം ഉടമയെയും, തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥർ പ്രതിയോടൊപ്പം നിൽക്കുന്ന ചിത്രമെടുത്തതും ഈ ചിത്രങ്ങൾ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിലും, മാധ്യമങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർ അറിയാതെ നൽകിയതുമാണു നടപടിക്കു കാരണം.

ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ്(രാജേഷ് 40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരെ കൊല്ലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണു പ്രതിയായ ബോബിനെ അന്വേഷണ സംഘം മധുരയിലെ തിയേറ്ററിൽനിന്നും പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കൊപ്പം നിന്നു ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രം മാധ്യമങ്ങൾക്കു നൽകിയതിനെ തുടർന്ന് പ്രതിയെ ചോദ്യം ചെയ്യുന്നതിനു ആവശ്യമായ സമയം ലഭിക്കാതെ വന്നതായും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആലോചിക്കാതെ ചിത്രങ്ങൾ പുറത്തു വിട്ടെന്നതുമാണു നടപടിക്കു കാരണം.

ചിത്രങ്ങളും, കൊലയുടെ വിവരങ്ങളും മാധ്യമങ്ങളിൽ വാർത്തയായതോടെ ജില്ലാ പൊലീസ് മേധാവി വാർത്തസമ്മേളനം അടക്കം  ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണു ചിത്രങ്ങൾ പുറത്തുവിട്ടെന്ന കണ്ടെത്തലിൽ  പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 6 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ പൊലീസ് സേനയിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA