പ്രളയത്തില്‍ ചീഞ്ഞ അരി കൊടുത്തത് തമിഴ്‌നാടിന്; തിരികെയെത്താം പോളിഷ് ചെയ്ത് കേരളത്തിലേക്ക്‌

rice
SHARE

തിരുവനന്തപുരം ∙ പ്രളയത്തിൽ മുങ്ങി ചീഞ്ഞ സപ്ലൈകോയുടെ ആയിരക്കണക്കിനു ടൺ അരി അയച്ചതു തമിഴ്നാട്ടിലെ കാലിത്തീറ്റ ഫാക്ടറികളിലേക്കും അരിമില്ലുകളിലേക്കും. കന്നുകാലികൾക്കുപോലും നൽകരുതെന്നു ഹൈക്കോടതി വിധിച്ച അരിയാണ് ഇങ്ങനെ വിറ്റതായി മനോരമ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ അരി ഇനി ഏതു രൂപത്തിൽ വിപണിയിൽ തിരിച്ചെത്തുമെന്നു കാത്തിരുന്നുകാണാം. 

ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള ഉത്തരവും സപ്ലൈകോ ടെൻഡർ നിബന്ധനകളും ലംഘിച്ചാണു കോടികളുടെ അണിയറക്കച്ചവടം. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ 27 മില്ലുകളിൽ സംഭരിച്ചിരുന്ന ഏകദേശം 50,000 ടൺ അരിയും നെല്ലും ഓഗസ്റ്റിലെ പ്രളയത്തിൽ നശിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു അരിമില്ലിന്റെ ഗോഡൗണുകളിലായിരുന്നു ഏറ്റവും കൂടുതൽ നഷ്ടം. ഇതുനീക്കാൻ കരാറെടുത്തയാൾ മൂന്നിരട്ടി വിലയ്ക്കു തമിഴ്നാട്ടിലെ ചില കമ്പനികൾക്കു മറിച്ചുവിറ്റു. അവരാണിതു കാലിത്തീറ്റ ഫാക്ടറികളിലേക്കും അരി മില്ലുകളിലേക്കും മാറ്റിയത്. 

കാലിത്തീറ്റയ്ക്കുപോലും കൊള്ളാത്ത വിധം കേടായ അരി കഴുകി പോളിഷ് ചെയ്തു വൈകാതെ വിപണിയിലെത്താം. തമിഴ്നാട്ടിൽ ഈ അരിക്കു കാര്യമായ വിപണിയില്ലാത്തതിനാൽ മറ്റൊരു ബ്രാൻഡിൽ കേരളത്തിൽതന്നെ തിരിച്ചെത്തിയാലും അദ്ഭുതമില്ല.

മില്ലുകളിൽ 6 മാസമായി സൂക്ഷിക്കുന്ന കേടായ നെല്ലും അരിയും നീക്കാൻ സപ്ലൈകോ നൽകിയ കരാറിൽ കോടികളുടെ നഷ്ടവും ചട്ടലംഘനവും നടന്നതായും കണ്ടെത്തി. ഉയർന്ന വില പറഞ്ഞ കമ്പനിയെ ഒഴിവാക്കി കുറ‍ഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കമ്പനിക്കാണു കരാർ നൽകിയത്. അവർ ഇതു മറിച്ചുവിറ്റതായും കണ്ടെത്തി.

ഗോഡൗണുകളിൽ അടുക്കിവച്ച ചാക്കുകളിൽ മേൽത്തട്ടിലുള്ള അരി വേർതിരിച്ചാണു കച്ചവടം. മില്ലിൽനിന്നു പുറത്തിറങ്ങുന്ന മിക്ക ലോറികളും വേ ബില്ലിൽ രേഖപ്പെടുത്തിയ തമിഴ്നാട്ടിലെ സ്ഥാപനത്തിലല്ല അരി എത്തിക്കുന്നത്. ‘ഡാമേജ്ഡ് റൈസ്’ എന്ന സ്റ്റിക്കർ പോലും തമിഴ്നാട്ടിൽ പ്രവേശിക്കുമ്പോൾ ലോറികളിൽനിന്ന് അപ്രത്യക്ഷമാകും. 

ഒരു മില്ലിൽനിന്നു കേടായ അരിയും നെല്ലും നീക്കം ചെയ്തു തുടങ്ങിയപ്പോഴത്തെ അന്വേഷണത്തിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. മറ്റു മില്ലുകളിൽനിന്നും ഇവ നീക്കാൻ സപ്ലൈകോ ഉത്തരവു നൽകിത്തുടങ്ങുന്നതേയുള്ളൂ. അരി നീക്കുന്നതു നിരീക്ഷിക്കാൻ സപ്ലൈകോ നിയോഗിച്ച ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനി പ്രതിനിധിയും മുഴുവൻ സമയവും മില്ലിൽ ഉണ്ടാകാറുമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA