യുവ മാസ്റ്റർമൈൻഡ്; തൃശൂർ വിമല കോളജും കോട്ടൂർ എകെഎംഎച്ച്എസ്എസും ജേതാക്കൾ

Yuva-Mastermind-2019
SHARE

കൊച്ചി∙ മലയാള മനോരമ- ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയിൽ മികച്ച പ്രോജക്ടിനുള്ള പുരസ്കാരങ്ങൾ തൃശൂർ വിമല കോളജും മലപ്പുറം കോട്ടൂർ എകെഎംഎച്ച്എസ്എസും സ്വന്തമാക്കി. പൊതു വിഭാഗത്തിനുള്ള അമൽ ജ്യോതി പുരസ്കാരം ഡോ. ജോൺ ഏബ്രഹാം സ്വന്തമാക്കി. ശരീരത്തിന്റെ മറ്റുഭാഗങ്ങളെ ബാധിക്കാത്ത വിധത്തിൽ കീമോ ചികിത്സ ചെയ്യുന്നതിനുള്ള ഹരിത പ്രോജക്ടായിരുന്നു കോളജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ വിമല കോളജിന്റേത്. നിത്യജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായി വിദ്യാർഥികളും മുതിർന്നവരും വികസിപ്പിച്ച 59 ശാസ്ത്ര-സാങ്കേതിക പ്രോജക്ടുകളാണ് മത്സരിക്കാനുണ്ടായിരുന്നത്.

ബയോ ഡീഗ്രേഡബ്ൾ സാനിറ്ററി നാപ്കിനാണ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എകെഎംഎച്ച്എസ്എസിന്റെ പ്രോജക്ട്. കുറഞ്ഞ ചെലവിൽ പശുവിനെകറക്കുന്നതിനുളള യന്ത്രം അവതരിപ്പിച്ച പ്രൊജക്ടായിരുന്നു ജോൺ ഏബ്രഹാമിന്റേത്. 

കോളജ് വിഭാഗത്തിൽ തൃശൂർ യൂണിവേഴ്സൽ എൻജിനീയറിങ് കോളജ് രണ്ടാം സ്ഥാനവും എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്കൂൾ വിഭാഗത്തിൽ ചെലവു കുറഞ്ഞ സോളർ ഡ്രൈയർ തയാറാക്കിയ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ചങ്ങനാശേരി സെന്റ് ബർക്മാൻസ് എച്ച്എസ്എസിനാണു മൂന്നാം സ്ഥാനം. ഭക്ഷിക്കാനാകുന്ന സ്ട്രോയും സ്പൂണുകളുമാണ് സ്കൂൾ നിർമിച്ചെടുത്തത്.

വൈദ്യുതി ലൈനിലെ വിന്യാസം നിയന്ത്രിക്കുന്നതിനുള്ള ചെലവുകുറഞ്ഞ സംവിധാനം തയാറാക്കിയ ആദം ഗിൽക്രിസ്റ്റ് ജോയ്, സി.എ.ആൻസൺ, വി.കെ. ക്രിസ്റ്റി, സി.എസ്. ശ്രീഹരി, മുഹമ്മദ് സഹീർ എന്നിവരുടെ പ്രോജക്ടിനാണ് പൊതു വിഭാഗത്തിലുള്ള അമൽജ്യോതി പുരസ്കാരത്തിൽ രണ്ടാം സ്ഥാനം. പഴങ്ങൾ കേടുകൂടാതെ പക്ഷികളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നതിനുള്ള ഉപകരണത്തിനാണ് പൊതു വിഭാഗത്തിൽ മൂന്നാം സ്ഥാനം. ജിഷോ കെ. ജോർജ്, ഷാജി കെ. വർഗീസ് എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്. വിജയികൾക്ക് ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ പുരസ്കാരം സമ്മാനിച്ചു.

ജൂറി ചെയർമാൻ ഡോ.ജി.വിജയരാഘവൻ, ഐബിഎസ് വൈസ് പ്രസിഡന്റ് ലത റാണി, മലയാള മനോരമ എക്സിക്യൂട്ടിവ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഇസെഡ്.വി.ലാക്കപ്പറമ്പിൽ സംസാരിച്ചു.

പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡിന്റെ മുഖ്യപ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതികസഹായം നൽകുന്നു. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ– ഡിസ്ക്) മാസ്റ്റർമൈൻഡുമായി സഹകരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA