തിരഞ്ഞെടുപ്പിന് ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി; ‘കളിപ്പിച്ച്’ അധികാരം പിടിക്കാൻ ബിജെപി

bjp-flag
SHARE

പത്തനംതിട്ട∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും പുതിയ മാർഗവുമായി ബിജെപി. യുവാക്കൾക്കായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ക്രിക്കറ്റ്, കബഡി, ഖോ–ഖോ, വടംവലി മൽസരങ്ങൾ സംഘടിപ്പിക്കാനാണു തീരുമാനം. വനിതകൾക്കും വിവിധ മൽസരങ്ങൾ ഉണ്ടാകും.

‘കമൽകപ്പ്’ എന്നാണ് ക്രിക്കറ്റ് മൽസരത്തിന്റെ പേര്. രാജ്യത്തെ 4215 നിയമസഭാ മണ്ഡലങ്ങളിലും ഇതു നടക്കും. ജനുവരിയിൽ തന്നെ നടത്താനായിരുന്നു നിർദേശമെങ്കിലും ശബരിമല പ്രക്ഷോഭത്തിന്റെ തിരക്കായതിനാൽ കേരളത്തിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ മല്‍സരങ്ങൾ ആരംഭിക്കും. ഓരോ സംസ്ഥാനത്തും പ്രിയമുള്ള കായിക ഇനങ്ങൾ ആകാമെന്നതിനാൽ കേരളത്തിൽ വടംവലിയും ഫുട്ബോളും കൂടി ഇനത്തിൽ ചേർക്കും. ബിജെപി പ്രവർത്തകരും അനുഭാവികളും മാത്രമുള്ള ടീമുകൾ പോരെന്നും സംഘടനയുടെ പുറത്തുനിന്നുള്ള യുവാക്കളെയും പങ്കെടുപ്പിക്കണമെന്നും കർശന നിർദേശമുണ്ട്.

നാട്ടിലെ യുവാക്കളുടെ ക്ലബ്ബുകളെയും ക്ഷണിക്കുന്നുണ്ട്. യുവമോർച്ചയ്ക്കും ബിജെപിയുടെ ബൂത്ത് തല സമിതികള്‍ക്കുമാണു യുവ ടീമുകളെ സംഘടിപ്പിക്കേണ്ട ചുമതല. വിജയികൾക്ക് ബിജെപി സംസ്ഥാന നേതൃത്വം ട്രോഫികൾ സമ്മാനിക്കും. ക്യാഷ് അവാർഡ് ഉൾപ്പെടെ നൽകേണ്ടതു പ്രാദേശിക നേതൃത്വമാണ്. 25,000 മുതൽ 50,000 രൂപ വരെ സമ്മാനത്തുക വിജയികളായ ടീമുകൾക്കു നൽകണമെന്നാണു നിർദേശം. ക്രിക്കറ്റ് ടീമുകൾക്കും മറ്റു കായിക മൽസരങ്ങളിലെ ടീമുകൾക്കും മുൻ പ്രധാനമന്ത്രി വാജ്പേയിയെ ഓർമിക്കുന്ന ‘അടൽ’, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ‘നമോ’, പണ്ഡിറ്റ് ദീന്‍ദയാൽ ഉപാധ്യായ, സർദാർ പട്ടേൽ, ശ്യാമപ്രസാദ് മുഖർജി, എപിജെ അബ്ദുൽ കലാം, ഭഗത് സിങ് എന്നിങ്ങനെ പേരുകൾ നൽകാം.

പഞ്ചായത്തു തലത്തിൽ മൽസരങ്ങൾ നടത്തിയ ശേഷം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഫൈനൽ നടത്താനുമാണു നിർദേശം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ എംപിമാരും എംഎൽഎമാരും നേതൃത്വം നൽകുന്ന ടീമുകൾ തന്നെ കളിക്കാനിറങ്ങും. എല്ലാ ഗ്രാമങ്ങളിലും കർഷക ഗ്രാമസഭകളും ‘കമൽ ജ്യോതി’ എന്ന പേരിൽ ഭരണ നേട്ടങ്ങൾ വിവരിക്കുന്നതിനുള്ള സമ്മേളനങ്ങളും ഫെബ്രുവരിയിൽ തന്നെ നടത്തണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുള്ള നിർദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA