ഇറാനെ കബളിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയ ‘ആർ‌ഗോ നായകന്’ വിട

tony-mendez
SHARE

വാഷിങ്ടൻ ∙ വേഷപ്രച്ഛന്ന ഓപറേഷനുകളിലൂടെ ലോകശ്രദ്ധേയനായ സിഐഎ ഏജന്റ് ടോണി മെൻഡിസ് അന്തരിച്ചു. പാർക്കിൻസൺ രോഗത്തിനു 10 വർഷമായി ചികിത്സയിലായിരുന്ന ടോണിയുടെ അന്ത്യം 78–ാം വയസ്സിലാണ്. നെവാഡയിലെ സ്വകാര്യ സ്ഥലത്തു സംസ്കാര ചടങ്ങുകൾ നടക്കുമെന്നു ടോണിയുടെ സാഹിത്യ ഏജന്റ് ക്രിസ്റ്റി ഫ്ലെച്ചർ അറിയിച്ചു.

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാനിൽനിന്നു സാഹസികമായി അമേരിക്കയിലേക്കു രക്ഷപ്പെടുത്തിയ സംഭവത്തോടെയാണു ടോണി മെൻഡിസ് താരമായത്. ടോണിയുടെ സാഹസികത പ്രമേയമാക്കി ബെൻ ആഫ്ലെക്ക് ഒരുക്കിയ ഹോളിവുഡ് ത്രില്ലർ സിനിമ ‘ആര്‍ഗോ' 2013ൽ മികച്ച ചിത്രത്തിനുൾപ്പെടെ മൂന്ന് ഓസ്‌കര്‍ അവാര്‍ഡുകൾ കരസ്ഥമാക്കി.

1979-ൽ ഇറാൻ വിപ്ലവ സമയത്തു ടെ‌ഹ്റാനിലെ യുഎസ് എംബസിയിൽ നിരവധി നയതന്ത്ര ഉദ്യോഗസ്ഥർ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ അമേരിക്ക നയതന്ത്രം ഉൾപ്പെടെ പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണു യുഎസിന്റെ ചാരസംഘടന സിഐഎയിലെ ഏജന്റ് ടോണി മെൻഡിസ് രംഗത്തെത്തിയത്. എംബസിയില്‍നിന്ന് ആറ് നയതന്ത്ര ഉദ്യോഗസ്ഥരെയാണു ടോണി രക്ഷിച്ചത്.

1940ൽ ജനിച്ച ടോണി ബിരുദത്തിനു ശേഷം ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി നോക്കുന്നതിനിടെയാണു സിഐഎയിൽ കയറിയത്. കാൽനൂറ്റാണ്ടു നീണ്ട ടോണിയുടെ തൊഴിൽകാലം സംഭവബഹുലമായിരുന്നു. ഹോളിവുഡ് മെയ്ക്കപ്പുമാരെയും മാജിക്കുകാരെയും ഉൾപ്പെടുത്തിയായിരുന്നു ടോണിയുടെ മിക്ക ഓപറേഷനുകളും. വേഷം മാറിയും കൺകെട്ടിലൂടെയും എതിരാളികളെ കബളിപ്പിക്കുന്നതിൽ ടോണി വിദഗ്ധനായിരുന്നു.

ഏഷ്യയിൽ വിവിധ രാജ്യങ്ങളിൽ സിഐഎയ്ക്കു വേണ്ടി പ്രവർത്തിച്ചു. ഇറാൻ വിപ്ലകാലത്തു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ രക്ഷിച്ച സംഭവം ‘കനേഡിയൻ കേപർ’ എന്നപേരിൽ ശ്രദ്ധ നേടി. വിപ്ലവകാരികളായ അക്രമികൾ യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു. ഇവരെ രക്ഷിക്കാൻ‌ കാനഡയും യുഎസും സിഐഎയും സംയുക്തമായാണ് ഓപറേഷന് അരങ്ങൊരുക്കിയത്.  

കനേഡിയൻ സിനിമാക്കാരെന്ന വ്യാജേന ടോണിയും സഹപ്രവർത്തകൻ ‘ജൂലിയോ’യും എംബസിയിൽ കയറിപ്പറ്റി. വസ്ത്രത്തിനുള്ളിൽ ആറ് കനേഡിയൻ പാസ്പോർട്ടുകൾ ഒളിപ്പിച്ചായിരുന്നു ടോണിയുടെ വരവ്. സ്ത്രീകളുൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർ കനേഡിയക്കാരായ സിനിമാക്കാരാണെന്നു സ്ഥാപിക്കാൻ ടോണിക്കും സംഘത്തിനുമായി. വിപ്ലവകാരികളെയും കാവൽക്കാരെയും കബളിപ്പിച്ച് ആറംഗ സംഘവുമായി ടോണി എംബസിക്കു പുറത്തെത്തി.

സയൻസ് ഫിക്‌ഷൻ‌ സിനിമ ‘ആർഗോ’യ്ക്കായി ലൊക്കേഷൻ കണ്ടുപിടിക്കാനെന്നു പറഞ്ഞാണു സംഘം പുറത്തിറങ്ങിയത്. സംശയം തോന്നാതിരിക്കാൻ ഹോളിവുഡിൽ വ്യാജ സിനിമാനിർമാണ കമ്പനി തുടങ്ങുകയും ബിസിനസ് കാർഡുകൾ തയാറാക്കുകയും വരാൻ പോകുന്ന സിനിമയെപ്പറ്റി ഫിലിം മാഗസിനുകളിൽ വാർത്ത വരുത്തുകയും ചെയ്തിരുന്നു. ഇറാൻ വിപ്ലകാരികളുടെ അന്വേഷണത്തിലൊന്നും ഇവർ പതറിയില്ല.

ദിവസങ്ങളുടെ ശ്രമത്തിനൊടുവിൽ 1980 ജനുവരി 27 ഞായറാഴ്ച കാലത്ത് ടോണിയുടെ നേതൃത്വത്തിൽ എട്ടു പേരുടെ ‘സിനിമാസംഘം’ ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിലെത്തി. സുരക്ഷാസേനയുടെ കടുത്ത പരിശോധനകൾ മറികടന്ന് അകത്തുകയറിയ സംഘം സ്വിസ്എയർ വിമാനത്തിൽ സൂറിച്ചിലേക്കു പറന്നു. രണ്ടു ദിവസത്തിനുശേഷം ഉദ്യോഗസ്ഥർ യുഎസിൽ സുരക്ഷിതമായി എത്തി. ടോണി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ തങ്ങി.

റോബർട്ട് ആൻഡേഴ്സ്, മാർക് ജെ.ലിയെക്, കോറ എ.ലിയെക്, ഹെൻറി എൽ.ഷാറ്റ്സ്, ജോസഫ് ഡി.സ്റ്റാഫോഡ്, കാതലീൻ എഫ്.സ്റ്റാഫോഡ് എന്നിവരെയാണു ടോണി രക്ഷിച്ചത്. വിജയദൗത്യത്തിനു ചുക്കാൻ പിടിച്ച ടോണിയെ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ നേരിട്ട് അഭിനന്ദിച്ചു. ഓപറേഷനിൽ പങ്കെടുത്ത കനേഡിയൻ ഉദ്യോഗസ്ഥർ ഓർഡർ ഓഫ് കാനഡ എന്ന രണ്ടാമത്തെ പരമോന്നത ബഹുമതി നൽകിയാണു കാനഡ ആദരിച്ചത്.

ടോണി മെൻഡിസ് രചിച്ച ദ് മാസ്റ്റർ ഓഫ് ഡിസ്ഗൈസ് എന്ന പുസ്തകത്തെയും ജോഷ്വാ ബെർമാന്റെ ദ് ഗ്രേറ്റ് എസ്കേപ്പ് എന്ന ലേഖനത്തെയും ആസ്പദമാക്കിയാണു ആർഗോ എന്ന യഥാർഥ സിനിമയ്ക്കു തിരക്കഥ ഒരുക്കിയത്. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരെ രക്ഷിച്ചെടുക്കാൻ അമേരിക്കയ്ക്കു സാധിച്ചില്ല. 1981 ജനുവരിയില്‍, 444 ദിവസത്തെ ബന്ദിയാക്കലിനു ശേഷം ഇറാനിലെ വിപ്ലവ യുവത്വം ഇവരെ മോചിപ്പിക്കുകയായിരുന്നു.

സിഐഎയിൽനിന്നു വിരമിച്ചു ശേഷം ടോണി മെൻഡിസ് ആർട്ട് സ്റ്റുഡിയോ ആരംഭിച്ചു. തന്റെ അനുഭവങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് മൂന്ന് പുസ്തകങ്ങൾ രചിച്ചു. ‘25 വർഷം ഞാൻ മികച്ച ചാരനായിരുന്നു. എന്നാൽ കലാകാരൻ ആയിരിക്കുന്നതിനാണ് എപ്പോഴും മുൻതൂക്കം നൽകിയിരുന്നത്’– ഒരു അഭിമുഖത്തിൽ ടോണി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA