സിപിഎം അംഗം വിപ്പ് ലംഘിച്ചു; കോൺഗ്രസ് പിന്തുണയോടെ ഷൈലാ റജി ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ്

congress-cpm
SHARE

പത്തനംതിട്ട∙ ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഷൈലാ റജി കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി ടി. സരസ്വതിയെയാണ് പരാജയപ്പെടുത്തിയത്. ഷൈലയ്ക്ക് 9 വോട്ടും സരസ്വതിക്ക് 7 വോട്ടുമാണ് ലഭിച്ചത്. ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

പഞ്ചായത്തിൽ സിപിഎം–8, സിപിഐ–1, കോൺഗ്രസ്–7, ബിജെപി–1 എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമ്മിലെ ഷൈല ഒഴിച്ചുള്ള ബാക്കി 7 പേർക്കും പാർട്ടി വിപ്പു നൽകിയിരുന്നു. വിപ്പ് ലംഘിച്ചാണ് സിപിഎമ്മിലെ ബാബുചന്ദ്രൻ, ഷൈലയ്ക്ക് വോട്ടു ചെയ്തത്. പ്രസിഡന്റായ ഷൈലാ റജി വരണാധികാരി സപ്ലൈ ഓഫിസർ എം. അനിൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.

സിപിഎമ്മിലെ അഭിപ്രായ വ്യത്യാസം മുതലെടുത്ത് കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റ് പ്രസന്നാ വിജയകുമാറിനെതിരെയും വൈസ്പ്രസി‍ഡന്റ് ടി.ഡി. സജിയ്ക്കുമെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ സിപിഎമ്മിലെ ഷൈലാ റെജിയും ബാബുചന്ദ്രനും അനുകൂലിച്ച് ഒപ്പിട്ടിരുന്നു. ഇതിനെ തുടർന്ന് പ്രസന്നാ വിജയകുമാർ അവിശ്വാസത്തിലൂടെ പുറത്താവുകയും വൈസ്പ്രസിഡന്റ് അവിശ്വാസ പ്രമേയം ചർച്ചയെക്കെടുക്കും മുൻപ് രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

രണ്ടര വർഷം കഴിയുമ്പോൾ പ്രസിഡന്റ് സ്ഥാനം തനിക്ക് നൽകാമെന്ന് പാർട്ടിയിൽ ധാരണ ഉണ്ടായിരുന്നതായി ഷൈലാ റജിയും എന്നാൽ ഇങ്ങനെ ഒരു ധാരണ പാർട്ടി ഉണ്ടാക്കിയിട്ടില്ലെന്ന് പ്രസന്നയും പറഞ്ഞു. ധാരണ പാലിക്കാഞ്ഞതിനെ തുടർന്നാണ് ഷൈലയും ബാബു ചന്ദ്രനും കോൺഗ്രസ് ഒപ്പം ചേർന്ന് അവിശ്വാസ കൊണ്ടു വന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശൈലേന്ദ്രനാഥ് തിരഞ്ഞെടുക്കപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA