കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹത; അന്വേഷിക്കുമെന്നു പൊലീസ്

death
SHARE

പത്തനംതിട്ട∙ തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്. മത്തായി ഈശോയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നു തെളിഞ്ഞു. ആമാശയത്തില്‍ വിഷം കണ്ടെത്തി. കീടനാശിനി ശ്വസിച്ചാണ് സനൽകുമാറിന്റെ മരണമെന്നും പൊലീസ് സർജന്റെ മൊഴിയിൽ പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ പാടത്തു കീടനാശിനി പ്രയോഗത്തെ തുടർന്നു ദേഹാസ്വാസ്ഥ്യമുണ്ടായ 2 കർഷകത്തൊഴിലാളികളാണു മരിച്ചത്. കഴുപ്പിൽ കോളനിയിൽ സനൽകുമാർ (42), വേങ്ങൽ ആലംതുരുത്തി മാങ്കളത്തിൽ മത്തായി ഈശോ (തങ്കച്ചൻ–68) എന്നിവരാണു മരിച്ചത്. വേങ്ങൽ ഇരുകര പാടശേഖരത്തു നെല്ലിനു കീടനാശിനി തളിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് ഇവർ അവശ നിലയിലാകുകയായിരുന്നു. സനൽകുമാറും മറ്റു 4 പേരും ചേർന്ന് മോട്ടോർ പമ്പ് ഉപയോഗിച്ചാണു കീടനാശിനി തളിച്ചത്.

കീടനാശിനി പ്രയോഗം കണ്ടുകൊണ്ടിരുന്ന മത്തായി ഈശോയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ഇവരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ദേഹാസ്വാസ്ഥ്യമുണ്ടായ 4 പേരെയും പ്രാഥമിക ചികിൽസയ്ക്കു ശേഷം വിട്ടയച്ചു.

വിവിധ കീടനാശിനികളാണ് അടിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. അമിത അളവിൽ കീടനാശിനി ഉപയോഗിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കൃഷി വകുപ്പിന്റെ കുറിപ്പില്ലാതെ ചങ്ങനാശേരിയിൽനിന്നു വാങ്ങിയ കീടനാശിനികൾ അനുവദനീയമായതിന്റെ ഇരട്ടിയിലധികം അളവിലാണു പാടത്ത് ഉപയോഗിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA