ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികളെ പ്രളയ സെസില്‍നിന്ന് ഒഴിവാക്കും: ധനമന്ത്രി

thomas-issac
SHARE

ആലപ്പുഴ∙ ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്‍കുന്ന വ്യാപാരികളെ ജിഎസ്ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍നിന്ന് ഒഴിവാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ല. ബജറ്റില്‍ ആയിരം കോടി രൂപയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുമെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ധനമന്ത്രി പറ‍ഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് ജിഎസ്ടിക്കുമേല്‍ ചുമത്തുന്ന ഒരു ശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതിവേണ്ടെന്ന് ധനമന്ത്രി പറയുന്നു. ഒരു ശതമാനം അനുമാനനികുതി നല്‍കുന്നതിനാല്‍ ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികളെ ഈ സെസില്‍നിന്ന് ഒഴിവാക്കുകയാണ്. നാല്‍പതിനായിരത്തോളം വ്യാപാരികള്‍ ഒരു ശതമാനം അനുമാനനികുതി നല്‍കുന്നു എന്നാണു കണക്ക്.

ജിഎസ്ടി റിട്ടേണുകള്‍ പൂര്‍ണമായി സമര്‍പ്പിക്കുന്നതിനു പിന്നാലെ നികുതിവെട്ടിച്ചവരെ കണ്ടെത്തി നടപടി തുടങ്ങും. 3000 കോടി ഈയിനത്തില്‍ കിട്ടുമെന്നാണു പ്രതീക്ഷ. നികുതി ഇളവു ചെയ്യാതെ പിഴ കുറച്ചു വാറ്റ് നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കും. ആറായിരം കോടി രൂപയുടെ അധികവിഭവ സമാഹരണമാണു ബജറ്റില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ബജറ്റില്‍ വിഭാവനം ചെയ്ത ചെലവുചുരുക്കല്‍ വേണ്ടത്ര വിജയിച്ചില്ലെന്നു ധനമന്ത്രി തുറന്നുസമ്മതിച്ചു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കൃത്യമായ രൂപരേഖ ഇത്തവണ ബജറ്റിലുണ്ടാകും.

വിഴിഞ്ഞം പദ്ധതിക്ക് അനുബന്ധമായി മലയോരമേഖലയിലൂടെ നാലുവരിപ്പാത നിര്‍മിക്കും. ഇരുവശത്തുമായി വ്യവസായമേഖലകള്‍ വിഭാവനം ചെയ്യുന്ന വളര്‍ച്ചാ ഇടനാഴിയായി ഈ പാത മാറും. പശ്ചാത്തലസൗകര്യ മേഖലയില്‍ കിഫ്ബി വഴി ഈ വര്‍ഷം പതിനായിരം കോടി രൂപ ചെലവഴിക്കും. പെന്‍ഷന്‍ പ്രായം ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA