200 പൂജാരിമാരുടെ പഞ്ചദിന മഹായാഗം; ശക്തി സമാഹരിക്കാൻ കെസിആർ

kcr-pooja
SHARE

ഹൈദരാബാദ് ∙ മഹായാഗത്തിലൂടെ ശക്തി സമാഹരിക്കുകയാണു തെലങ്കാനയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും. ഹൈദരാബാദിൽനിന്ന് 60 കിലോമീറ്റർ ദൂരെ സിദ്ധിപേട്ട് ജില്ലയിലാണ് അഞ്ചു ദിവസം നീളുന്ന മഹാപൂജ നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി– കോൺഗ്രസ് വിരുദ്ധ മുന്നണിക്കായി കെസിആർ ശ്രമമാരംഭിച്ചിരിക്കെ, അതിനുള്ള ശക്തിസമാഹരണമാണു പൂജയെന്നാണു പറയപ്പെടുന്നത്.

മൃഗീയ ഭൂരിപക്ഷത്തിൽ കെ.ചന്ദ്രശേഖര റാവു (കെസിആർ) രണ്ടാം തവണയും മുഖ്യമന്ത്രിയായതിനു ശേഷമുള്ള പൂജയാണിതെന്ന പ്രത്യേകതയുണ്ട്. 200 പൂജാരിമാരും നിരവധി സന്യാസിമാരും പങ്കെടുക്കും. ഗവർണർ ഇ.എസ്.എൽ.നരസിംഹൻ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്കു ‘മഹാ രുദ്ര സാഹിത സഹസ്ര ചണ്ഡീയാഗ’ത്തിലേക്കു ക്ഷണമുണ്ട്. സിദ്ധിപേട്ടിലെ ഫാംഹൗസിനു സമീപത്താണു പൂജയ്ക്കുള്ള യജ്ഞശാല ഒരുക്കിയിട്ടുള്ളത്. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) എല്ലാ എംഎൽഎമാരും കുടുംബസമേതമാണു പങ്കെടുക്കുന്നത്. ഡിസംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി നവംബറിലും കെസിആർ മഹാപൂജ സംഘടിപ്പിച്ചിരുന്നു.

തെലങ്കാനയുടെ രൂപീകരണത്തിനു നന്ദിസൂചകമായി 2015 ഡിസംബറിലും വൻ പൂജ നടന്നു. ബംഗാരു തെലങ്കാന അഥവാ സുവർണ തെലങ്കാനയ്ക്കായുള്ള പ്രാർഥനയായിരുന്നു പൂജയുടെ ലക്ഷ്യം. ‘ആയുധ ചണ്ഡി മഹായാഗ’ത്തിൽ 1100 പൂജാരിമാരാണു പങ്കെടുത്തത്. ഹിന്ദു ആചാരങ്ങൾ പിന്തുടരുന്ന കെസിആർ, ഇസ്‌ലാം, ക്രിസ്ത്യൻ പരിപാടികളിലും പങ്കെടുക്കാറുണ്ട്.

മുഖ്യമന്ത്രി മഹാപൂജകൾ നടത്തുന്നതിനെതിരെ വലിയ വിമർശനമുണ്ട്. വരൾച്ചബാധിത മേഖലയിലെ കർഷകരെ സഹായിക്കുന്നതിനു പകരം ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ചും പൂജകൾ നടത്തിയും സമയവും സംവിധാനങ്ങളും മുഖ്യമന്ത്രി പാഴാക്കുകയാണെന്നാണു പ്രതിപക്ഷ കക്ഷികളുടെ ആരോപണം. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളിൽ ഇടപെടാൻ ആർക്കും അധികാരമില്ലെന്നാണ് ഇതിനോടു കെസിആറിന്റെ മറുപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA