-30 ഡിഗ്രിയില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞു; യാത്രക്കാര്‍ 16 മണിക്കൂര്‍ കൊടുംതണുപ്പില്‍

United-Airlines
SHARE

മോണ്‍ട്രിയല്‍ (കാനഡ) ∙ യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ കൊടുംതണുപ്പില്‍ യാത്രികര്‍ കുടുങ്ങിയതു 16 മണിക്കൂര്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. വിമാനം അടിയന്തരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതു മൂലമാണ് യാത്രികര്‍ക്കു പുറത്തിറങ്ങാനാകാതെ കൊടുംതണുപ്പില്‍ കഴിയേണ്ടിവന്നത്. 

ന്യൂജഴ്‌സിയിലെ ന്യൂമാര്‍ട്ടില്‍നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ചതായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നു. 

രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതില്‍ തണുപ്പില്‍ ഉറച്ചുപോയി. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. വാതില്‍ ഉറഞ്ഞ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ തണുത്തുവിറയ്ക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ നല്‍കിയ കമ്പിളിക്കും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്‍കി. 

ഒടുവില്‍ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റി. തുടര്‍ന്ന് വിമാനം തിരികെ ന്യൂമാര്‍ക്കിലേക്കു പറന്നു. അതോടെ ഒരു ദിവസം മുന്‍പ് പുറപ്പെട്ട അതേസ്ഥലത്തു തന്നെ ഇവര്‍ തിരിച്ചെത്തി. കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാനസര്‍വീസുകള്‍ മിക്കതും റദ്ദാക്കിയിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA