തൃശൂരിൽ കാണാതായ നഴ്സിന്റെ മൃതദേഹം ആലുവ പുഴയിൽ; ഭർത്താവ് കീഴടങ്ങി

anliya-murder
SHARE

കൊച്ചി ∙ ബെംഗളൂരുവിൽ നഴ്സായ ആൻലിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ജസ്റ്റിൻ ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. സംഭവം നടന്നു നാല് മാസത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണു മുഖ്യപ്രതി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

യുവതിയുടെ പിതാവ് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ്, മകളുടെ ഭർത്താവ് ജസ്റ്റിനെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് തൃശൂർ സിറ്റി കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പൊ‌ലീസ് പ്രതിക്കെതിരെ ചുമത്തിയത്.

anliya-with-husbend
ജസ്റ്റിൻ, ആൻലിയ

ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർക്കായിരുന്നു അന്വേഷണച്ചുമതല. കേസിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആൻലിയയെ കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു പിതാവ് പൊലീസിൽ പരാതി നൽകിയത്. ജസ്റ്റിൻ ഒളിവിൽ ആണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ വിശദീകരണം. എന്നാൽ കേസ് ക്രൈംബ്രാഞ്ചിനു വിട്ടെന്ന് അറിഞ്ഞതിനു പിന്നാലെ ജസ്റ്റിൻ കോടതിയിൽ കീഴടങ്ങി.

അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മകളുടെ മരണം ആത്മഹത്യയാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും മകൾക്ക് നീതി കിട്ടണമെന്നും ഹൈജിനസ് പറഞ്ഞു. മകൾക്കു നീതി നേടിയെടുക്കുന്നതിനു വേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് ഹൈജിനസ് നിയമ പോരാട്ടം നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA