മമതയുടെ തട്ടകത്തിൽ കളംപിടിക്കാൻ അമിത് ഷാ; പ്രതിപക്ഷ ഐക്യറാലിക്കു ബദൽ

amit-shah
SHARE

കൊല്‍ക്കത്ത∙ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നയിക്കുന്ന റാലികൾക്ക് ഇന്ന് തുടക്കം. മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യറാലിക്കു മറുപടി നൽകാനാണു റാലികൾ സംഘടിപ്പിക്കുന്നത്. രഥയാത്രയ്ക്കു പിന്നാലെ റാലികളും മമത സർക്കാർ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്.

ബംഗാളിൽ മമതാ ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വൻ വിജയമായി മാറിയ സാഹചര്യത്തിലാണു ബിജെപി മാരത്തൺ റാലികൾക്കു തുടക്കമിടുന്നത്. ഇന്നു മാൾഡയിലെ റാലിയിൽ പങ്കെടുക്കുന്ന ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ നാളെ ബിർഭൂമിലും ജാർഗ്രാമിലും രണ്ട് റാലികളെ അഭിസംബോധന ചെയ്യും. 24 ന് കൃഷണ നഗറിലും ജയ് നഗറിലും റാലികൾ നയിക്കും. 42 ലോക്സഭാ സീറ്റുകളുള്ള ബംഗാളിൽ 22 എണ്ണത്തിൽ വിജയമുറപ്പിക്കുകയാണു ബിജെപിയുടെ ലക്ഷ്യം.

അതേസമയം, അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാൾഡയിൽ ഇറക്കുന്നതിനു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നാരോപിച്ചു ബിജെപി ഇന്നലെ രംഗത്തെത്തിയിരുന്നു. അമിത് ഷായെ ഭയന്നിട്ടാണു തൃണമൂൽ കോൺഗ്രസ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നിക്ഷേധിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേസമയം ആരോപണങ്ങൾ തളളിയ മുഖ്യമന്ത്രി മമത ബാനർജി, ഗോൾഡൻ പാർക്ക് ഹോട്ടലിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

നേരത്തെ അമിത് ഷായുടെ നേതൃത്യത്തിൽ നടത്താനിരുന്ന രഥയാത്ര സുരക്ഷാകാരണങ്ങളെ തുടർന്നു ബംഗാൾ സർക്കാർ വിലക്കിയിരുന്നു. രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി, യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നും വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA