കനകദുര്‍ഗയെ വീട്ടില്‍ കയറ്റിയില്ല; സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി

kanaka-durga
SHARE

പെരിന്തൽമണ്ണ∙  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ചികിത്സയ്ക്കു ശേഷം കനക ദുർഗ പെരിന്തൽമണ്ണയിലെത്തി. വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ത്രീകൾക്കു വേണ്ടിയുള്ള താൽക്കാലികആശ്വാസ കേന്ദ്രമായ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്കാണ് മാറ്റിയത്. 

ഇന്നലെ രാത്രി 7 മണിയോടെയാണ് ഇവർ പൊലീസ് സംരക്ഷണയിൽ പെരിന്തൽമണ്ണയിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഇവരുമായും ഭർത്താവുമായും സംസാരിച്ചെങ്കിലും അങ്ങാടിപ്പുറത്തെ വീട്ടിൽ താമസിപ്പിക്കുന്നതിൽ ഭർത്താവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതേ തുടർന്ന് 10. 30 ഓടെയാണ് പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയത്. വനിതാ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷയൊരുക്കുന്നുണ്ട്. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കനകദുര്‍ഗയുടെ സുഹൃത്ത് പറഞ്ഞു.

ശബരിമല ദർശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗയും ഭർതൃമാതാവ് സുമതിയമ്മയും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പരുക്കേറ്റ കനക ദുർഗയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുമതിയമ്മ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗയ്ക്കും ബിന്ദുവിനും പൂർണ സംരക്ഷണം നൽകാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം  ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA