പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് റെയ്ഡ്; കണ്ടെത്തിയത് വ്യാപക ക്രമക്കേട്

Vigilance-Raid-in-police-Stations
SHARE

കാസർകോട് ∙ വിജിലൻസ് നടത്തിയ പരിശോധനയിൽ ബേക്കൽ, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. സിഐ മാരായ കെ.പ്രേംസദൻ (കുമ്പള), വി.കെ.വിശ്വംഭരൻ, എസ്ഐ കെ.പി.വിനോദ്കുമാർ (ബേക്കൽ) എന്നിവർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തു. മണൽ കടത്തു സംഘവുമായി ഒത്താശ, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച, അഴിമതി തുടങ്ങിയ പരാതികളെ തുടർന്നായിരുന്നു പരിശോധന. ബേക്കൽ സ്റ്റേഷനിൽ കിട്ടിയ അൻപതോളം പരാതികളിൽ പരാതിക്കാർക്കു രസീത് നൽകിയിട്ടില്ല. ഇത് സ്റ്റേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. കേസുകളിൽ പരാതിക്കാർക്കു എഫ്ഐആർ പകർപ്പ് നൽകിയില്ല. പരാതിക്കാർക്കു എഫ്ഐആർ പകർപ്പ് സൗജന്യമായി നൽകണമെന്നാണു നിയമം.

നൂറിലേറെ വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ കിടക്കുന്നത് നിയമവിരുദ്ധമാണെന്നും വിജിലൻസ് കണ്ടെത്തി. അനധികൃത മണൽക്കടത്തു നിർബാധം തുടരാൻ സൗകര്യം ഉണ്ടാക്കിയെന്നാണു കുമ്പള പൊലീസിനെതിരെ കണ്ടെത്തിയ ഗുരുതര കുറ്റം. മണൽ കടത്ത് തടയാൻ കലക്ടർ തന്നെ ഇറങ്ങാൻ ഇടയാക്കിയത് പൊലീസിന്റെ വീഴ്ചയാണെന്നു അനധികൃത കടവുകൾ പരിശോധിച്ച വിജിലൻസ് കണ്ടെത്തി. 4 അനധികൃത കടവുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പൊലീസിന്റെ കൃത്യവിലോപം ബോധ്യപ്പെട്ടത് . സ്റ്റേഷനിൽ പരാതി നൽകിയവർക്കു രസീത് നൽകണമെന്നാണ് വ്യവസ്ഥ. നൂറിലേറെ പേർക്കു രസീത് നൽകിയില്ല. പല പരാതിക്കാർക്കും എഫ്ഐആർ പകർപ്പ് നൽകിയില്ലെന്നും കണ്ടെത്തി .സംസ്ഥാനത്ത് ഒട്ടാകെ ആയിരുന്നു വിജിലൻസ് പൊലീസ് പരിശോധന.

സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരിലായിരുന്നു പരിശോധന. പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കൊല്ലം, കണ്ണൂര്‍, ഇടുക്കി ജില്ലകളിലും റെയ്ഡ് നടന്നു. കുമ്പള, ബേക്കൽ സിഐമാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു. സ്റ്റേഷൻ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് കണ്ണൂരിൽ മൂന്ന് എസ്എച്ച്ഒമാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. അടിമാലി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങൾ പ്രളയത്തിൽ ഒഴുകി എത്തിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ബേക്കൽ, കോഴിക്കോട് ടൗൺ സ്റ്റേഷനുകളിൽനിന്നും സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് പൊലീസും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട ഗൂഢസംഘം ഉണ്ടെന്നാണു ഇന്റലിജൻസ് റിപ്പോര്‍ട്ട്. ക്വാറി, ലോറി, ബ്ലേഡ് പലിശ സംഘങ്ങളുമായി ഇവർ ബന്ധം പുലര്‍ത്തുന്നു. എസ്ഐമാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍, മണല്‍ ലോറികള്‍ വിട്ടുനല്‍കുന്നുവെന്നും കണ്ടെത്തി. വാഹനാപകടം‌ അഭിഭാഷകരെ അറിയിച്ച് പൊലീസ് കമ്മിഷന്‍ വാങ്ങുന്നുണ്ട്. ‘ഓപ്പറേഷന്‍ തണ്ടര്‍’ റെയ്ഡ് ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന‌ാണ്. പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് പരിശോധന അപൂര്‍വമായി മാത്രമാണ് നടക്കാറുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA