നിഗൂഢ ഹാക്കർ സയീദ് ഷുജ ആര്? വോട്ടിങ് യന്ത്രത്തിലെ തിരിമറി തള്ളി ഐടി വിദഗ്‍ധർ

red-hacker
SHARE

ന്യൂഡല്‍ഹി∙ ഇന്ത്യയിൽ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ സാധിക്കുമെന്നും അങ്ങനെയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സയീദ് ഷുജ എന്ന ‘സൈബര്‍ വിദഗ്ധൻ’. ഹൈദരാബാദില്‍നിന്നുള്ള ഷുജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെന്നാണു സ്വയം അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ പരിപാടിയിൽ എങ്ങനെയാണു യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വിഡിയോയിൽ കാണിച്ചില്ല. ഇതാണു സംശയങ്ങൾക്കു വഴി തുറന്നത്.

വോട്ടിങ് യന്ത്രം നിർമിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്നാണു ഷുജയുടെ അവകാശവാദം. എന്നാൽ ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇതേ പേരുള്ള ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാൻ സ്ഥാപനം ഇതുവരെ തയാറായിട്ടില്ല.

2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലുള്ളത്. ഇതിൽ 80 ശതമാനം പേരും എൻജിനീയർമാരാണ്. തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രം നിർമിച്ചത് ഒരു കൂട്ടം യുവ എൻജിനീയർമാരാണ്. വോട്ടിങ് യന്ത്ര നിർമാണത്തിൽ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എൻജിനീയർ ഇല്ലെന്നാണു ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട്. ഇതൊരു തെറ്റായ കഥ മാത്രമാണെന്നു സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ 'ദ് വീക്ക്' മാഗസിനോടു പറഞ്ഞു.

2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തിയെന്നാണു ഷുജ ആരോപിച്ചത്. വോട്ടിങ് യന്ത്രത്തിലെ തകരാറുകൾ സംബന്ധിച്ചു പരാതികൾ ഉന്നയിക്കുന്നവർ തന്നെ ഷുജയുടെ നിലപാടുകൾ അംഗീകരിക്കാൻ തയാറായിട്ടില്ല. ഷൂജയുടെ അവകാശ വാദങ്ങളിൽ സാങ്കേതിക പരിശോധന തന്നെ നടത്തിയതായി ഫ്രീ സോഫ്റ്റ്‍വെയർ മൂവ്മെന്റ് ജനറൽ സെക്രട്ടറിയും ഹൈദരാബാദിലെ ഐടി വിദഗ്ധനുമായ കിരൺ ചന്ദ്ര  വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 2004 മുതൽ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് കിരൺ. തിരിമറി നടത്താൻ സാധിക്കുമോയെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കുറിപ്പ് പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് വൈദ്യുത ഉപകരണവും ഹാക്ക് ചെയ്യാൻ സാധിക്കും. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നത് ഇതിൽനിന്ന് വ്യത്യസ്തമാണ്. ഷുജയുടെ അവകാശവാദങ്ങൾ സാങ്കേതികമായി അപര്യാപ്തമാണ്. ഷുജ പറയുന്നതുപോലെയാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങളുമായി ഇടപെടാന്‍ കഴിയുന്ന മിലിറ്ററി റേഡിയോ ഫ്രീക്വൻസി ആന്റിനയാണ് ഇതിനു വേണ്ടത്. കിലോമീറ്ററുകൾ താണ്ടിപോകാനുള്ള ശേഷിയും ഇവയ്ക്ക് ആവശ്യമാണ്. തിരിമറിക്കായി സെക്കന്റിൽ 100 ബിറ്റ്സ് ഡാറ്റയാണ് അയച്ചിരിക്കുക. അതനുസരിച്ചാണെങ്കിൽ 1.1 മില്യൻ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യണമെങ്കിൽ തലമുറകളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഷുജയുടെ അവകാശവാദങ്ങൾ വിഢ്ഡിത്തമാണെന്നും കിരൺ ചന്ദ്ര പറഞ്ഞു. ബിജെപിയുടെ സിഗ്നലുകൾ താൻ തടസ്സപ്പെടുത്തിയാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിയതെന്നാണു ഷുജ അവകാശപ്പെട്ടത്. സാങ്കേതികമായി ഇതെങ്ങനെയാണു നടക്കുകയെന്നും അദ്ദേഹം ചോദിച്ചു. 2014ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം തനിക്കെതിരെ ആക്രമണമുണ്ടായതിനാല്‍ യുഎസിൽ അഭയം പ്രാപിച്ചതെന്ന് ഷുജ പ്രതികരിച്ചിരുന്നു. ഹൈദരാബാദിലെ വ്യാജ വർഗീയ ലഹളകളുടെ പേരിൽ തന്റെ സുഹൃത്തുക്കളെ കൊന്നുകളഞ്ഞെന്നും ഷുജ പറഞ്ഞു. എന്നാൽ 2014 മുതൽ ഇതുവരെ നിരവധി പേർ മരിച്ച വർഗീയ ലഹളകൾ ഉണ്ടായിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്റെ നിലപാട്. തനിക്കു വെടിയേറ്റതുകൊണ്ടാണു രാജ്യം വിട്ടതെന്നാണ് ഷുജ പറഞ്ഞത്. എന്നാൽ ഇതിനും സ്ഥിരീകരണമൊന്നുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA