പ്രിയങ്കാ ഗാന്ധിയുടെ വരവ് കുടുംബാധിപത്യമെന്ന് ബിജെപി; സഹോദരി കഴിവുറ്റ നേതാവെന്ന് രാഹുൽ

rahul-and-priyanka-01
SHARE

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പട നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയ കോൺഗ്രസ് നീക്കത്തെ പരിഹസിച്ചു ബിജെപി. അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയമാണെന്നു പരസ്യമായി കോൺഗ്രസ് വിളിച്ചുപറയുകയാണെന്നു ബിജെപി പരിഹസിച്ചു.

‘സംസ്ഥാനങ്ങളിലെ മഹാസഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നില്ല. ഇതിനു പരിഹാരമായി കുടുംബത്തിൽനിന്നു തന്നെ കണ്ടെത്തിയതാണു പ്രിയങ്കയെ. രാഹുലിന് ഊന്നുവടി പോലെയാണു പ്രിയങ്ക. രാഹുൽ ഗാന്ധി പരാജയമാണെന്നു കോൺഗ്രസ് പരസ്യമായി സമ്മതിക്കുകയാണ് ഇതിലൂടെ’– ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു.

കോൺഗ്രസിനു ഗാന്ധി കുടുംബത്തിന്റെ പുറത്തേക്കു ചിന്തിക്കാനാവില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ബിജെപിക്കു പാർട്ടിയാണു കുടുംബം. കോൺഗ്രസിനാകട്ടെ കുടുംബമാണു പാർട്ടി. എല്ലാ വിഭാഗവും ഇവിടെ ഒരു കുടുംബം കൈകാര്യം ചെയ്യുന്നു. നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കു ശേഷം ആരാണ്? പുതിയ ഇന്ത്യ ഇതെല്ലാം ചോദ്യം ചെയ്യും– സാംബിത് ചൂണ്ടിക്കാട്ടി.

കുറെക്കൂടി വലിയ ചുമതല ലഭിക്കാനുള്ള വ്യക്തിപ്രഭാവം പ്രിയങ്കക്കുണ്ടെന്നും എന്നാൽ കിഴക്കൻ യുപിയിലേക്കു മാത്രമായി ഒതുക്കിയെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. പ്രിയങ്ക കഴിവുറ്റ നേതാവാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു. സഹോദരി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നതിൽ അതീവ സന്തുഷ്ടനാണ്. പ്രതിരോധത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനു കോൺഗ്രസ് ഒരുക്കമല്ല. രാജ്യത്തുടനീളം മുന്നേറ്റ നിരയിൽ കോൺഗ്രസ് സ്ഥാനമുറപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.

ബിജെപിയും എസ്പി– ബിഎസ്പി സഖ്യവും ശക്തമായ പോരാട്ടം നടത്തുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനു വഴിയൊരുക്കുകയാണു പ്രിയങ്കയുടെ സംഘടനാദൗത്യം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എെഎസിസി ജനറല്‍ സെക്രട്ടറിയായി അടുത്തമാസം ആദ്യവാരം പ്രിയങ്ക സ്ഥാനമേല്‍ക്കും. പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണു കോൺഗ്രസ് പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA