തിരഞ്ഞെടുപ്പിന് മുൻപ് പ്രിയങ്കയെ കളത്തിലിറക്കി കോൺഗ്രസ്; എഐസിസി ജനറൽ സെക്രട്ടറി

Priyanka-Gandhi-1
SHARE

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങളുമായി കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് അവർക്കു നൽകിയത്. അടുത്തമാസം ആദ്യവാരം പ്രിയങ്ക ചുമതലയേൽക്കും.

പ്രിയങ്ക കഴിവുറ്റ നേതാവാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സഹോദരി തനിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍  അതീവ സന്തുഷ്ടനാണ്. പ്രതിരോധത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനു കോണ്‍ഗ്രസ് ഒരുക്കമല്ല. രാജ്യത്തുടനീളം മുന്നേറ്റ നിരയില്‍ കോണ്‍ഗ്രസ് സ്ഥാനമുറപ്പിക്കും. യുപിയില്‍ അഖിലേഷ്, മായാവതി എന്നിവരോട് എതിര്‍പ്പില്ല. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവയുടെ ഏക ലക്ഷ്യം ബിജെപിയെ തോല്‍പിക്കുക എന്നതാണ്. തിരഞ്ഞെടുപ്പിനു ശേഷം എസ്പി, ബിഎസ്പി എന്നിവയോടു സഹകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും രാഹുല്‍ പറഞ്ഞു. 

മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനായ ജ്യോതിരാദിത്യ സിന്ധ്യയേയും എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. പടിഞ്ഞാറന്‍ ഉത്തർപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിനു നൽകിയിരിക്കുന്നത്. കെ.സി.വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കർണാടകയിൽ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നൽകിയതാണ് കെ.സി.വേണുഗോപാലിനെ ഈ സ്ഥാനത്തിന് അർഹനാക്കിയത്.

ഉത്തരവാദിത്തമുള്ള പദവിയാണു ലഭിച്ചിരിക്കുന്നതെന്നു വേണുഗോപാൽ പ്രതികരിച്ചു. പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കും. ലോക്സഭയിൽ മൽസരിക്കണമോയെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA